1947 ആഗസ്റ്റ് 14 അർധരാത്രിയിൽ ഇന്ത്യ സ്വതന്ത്രമായി. വൈദേശികാധിപത്യത്തിൽ നിന്നാണ് രാജ്യം സ്വതന്ത്രമായത്. കേവലം രാഷ്ട്രീയാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായിരുന്നു അത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ വർഷങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ദേശീയ ഐക്യം നിലനിർത്തി രാജ്യത്തിന്റെ ഭൂപരമായ അഖണ്ഡത സംരക്ഷിച്ച് രാഷ്ട്ര നിർമാണത്തിന് അടിത്തറ പാകുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി. രാഷ്ട്ര ശിൽപ്പികളുടെ സമുചിതവും പക്വവുമായ ഇടപെടലിലൂടെ ഇന്ത്യ അഭിമുഖീകരിച്ച പ്രതിസന്ധിക്ക് പ്രതിവിധി കണ്ടെത്താനായി.
വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്ന, ആചാരങ്ങളനുഷ്ഠിക്കുന്ന, ഭാഷകൾ സംസാരിക്കുന്ന, മുപ്പത്തിയാറ് കോടിയോളം വരുന്ന ഇന്ത്യൻ ജനതയെ ഒരു നൂലിൽ കോർത്ത് സമാധാനപ്പെടുത്തുക എന്നത് ദുഷ്‌ക്കരമായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ മത വർഗീയ ലഹളകളും വിഭജനത്തിന്റെ മുറിവുകളും സൃഷ്ടിച്ച കലാപഭൂമികളിൽ ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും വലയങ്ങൾ തീർക്കാനാണ് മഹാത്മാഗാന്ധി ശ്രമിച്ചത്. അക്രമം വെടിയാൻ കലാപകാരികളോടദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ പ്രയത്‌നത്തിലൂടെ സാമുദായിക സൗഹൃദം രൂപപ്പെട്ടു. ജനങ്ങൾ തെരുവുകളിൽ നൃത്തം വെച്ച് സ്വാതന്ത്ര്യം ആഘോഷിച്ചു. മാനവചരിത്രം അന്നുവരെ കണ്ടിട്ടില്ലാത്തത്രയും വിപുലവും ആകസ്മികവും അനാസൂത്രിതവും ദുരന്തപൂർണവുമായ മനുഷ്യ കൈമാറ്റത്തിന് വഴിതെളിയിച്ച വിഭജനം വരുത്തിയ മുറിവുകളുണക്കാൻ ഓടി നടന്നു. പഞ്ചാബ്, ബംഗാൾ തുടങ്ങി രാജ്യാതിർത്തിയുടെ ഇരുവശങ്ങളിലുള്ള ലക്ഷക്കണക്കിന് ന്യൂനപക്ഷ വിഭാഗങ്ങൾ ദുരിതത്തിലായിരുന്നു. അവർക്ക് സ്വന്തം വീട് വിട്ടുപോകേണ്ടി വന്നു. വിഭജനത്തിന്റെ മുറിവുകൾ ഹൃദയങ്ങളുടെ വിഭജനമായി വിശേഷിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര നാളുകൾ ഇവ്വിധം കലുഷമായിരുന്നു.
ദുരിതങ്ങളും കലഹങ്ങളും നൃത്തം ചെയ്യുമ്പോഴും ഇന്ത്യയെന്ന ബഹുസ്വര ആശയത്തെ നിലനിർത്താനും അതിനായി സേവനം ചെയ്യാനുമാണ് രാഷ്ട്ര ശിൽപ്പികൾ ശ്രമിച്ചത്. ബഹുസ്വരങ്ങളെ അനുനയിപ്പിക്കാനായുള്ള യത്‌നം മഹത്തായൊരു കർമമാണെന്നവർ അഭിപ്രായപ്പെട്ടു. സഹിഷ്ണുത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ വിളക്കിച്ചേർക്കാൻ വേണ്ടി ഭരണഘടനാ രൂപകൽപ്പന ചെയ്തു. പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റ ദിവസം അർധരാത്രി ചേർന്ന ഭരണഘടനാ നിർമാണ സഭയുടെ പ്രത്യേക കൺവെൻഷനിൽ ജവഹർലാൽ നെഹ്‌റു നടത്തിയ ചിരസ്മരണീയമായ പ്രഭാഷണത്തിൽ ഇന്ത്യയെ സേവിക്കുന്നതിനായി ആത്മാർപ്പണം ചെയ്യുന്നവരായി പ്രതിജ്ഞയെടുക്കണമെന്ന് അവിടെ കൂടിയ സഭാംഗങ്ങളോടദ്ദേഹം ആഹ്വാനം നടത്തി. ‘വിധിയുമായുള്ള കൂടിക്കാഴ്ച’ (Tryst with destintiy) എന്ന പേരിൽ ഈ പ്രഭാഷണം പിന്നീടറിയപ്പെട്ടു. വിവിധ കാഴ്ചപ്പാടുകളും അഭിപ്രായവുമുള്ളവരായിരുന്ന അവർ ദേശീയ ഐക്യവും അഖണ്ഡതയും രൂപപ്പെടാൻ വേണ്ടത് ചെയ്തു. കോൺസ്റ്റിറ്റിയൂവെന്റ് അസംബ്ലിയിലെ അംഗങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായിരുന്നു 1949 നവംബർ 26ന് രാജ്യത്തിനായി തയ്യാറാക്കിയ ബ്രഹത്തായ ഭരണഘടന.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത അധ്യായങ്ങളും അടിയന്തരാവസ്ഥ പോലുള്ള നിശ്ചലതയും സംഭവിച്ചുവെങ്കിലും മുമ്പൊരിക്കലും കടന്നു പോയിട്ടില്ലാത്ത ദുരിതങ്ങളും പ്രതിസന്ധികളുമാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വര മൂല്യങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും പ്രതിസന്ധിയുടെ മുൾമുനയിലാണ്. ഇന്ത്യ എന്ന ആശയം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ അവമതിക്കപ്പെടുകയോ നിഷ്‌ക്കാസിതമാവുകയോ ചെയ്യുന്നു. നാളു ചെല്ലുന്തോറും ഭീതിയുടെ നിഴലുകൾ ഇരുട്ട് പരത്തുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും പുതിയ മാനങ്ങൾ പിറക്കുന്നു. ചരിത്രങ്ങൾ പാർശ്വവത്ക്കരിക്കപ്പെടുന്നു. നിയോ ഫാസിസം ജനാധിപത്യത്തിന് കൂച്ച് വിലങ്ങിടുന്നു. പൗരാവകാശങ്ങൾ ആസ്വദിക്കാനാവാത്ത വിധം പരിമിതപ്പെടുന്നു. നീതിയും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരെന്നത്(Equaltiy before the Law) പ്രമാണങ്ങളിലൊതുങ്ങുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനങ്ങൾ നടക്കുന്നു. സവർണ മേധാവിത്വം അരങ്ങ് വാഴുന്നു.
അഭിപ്രായ/ആവിഷ്‌കാര/മാധ്യമ സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെട്ട ഇരുണ്ട ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സ്വാതന്ത്ര്യങ്ങളെ ഹനിക്കപ്പെട്ട ഇതുപോലൊരു കാലസന്ധിയിലൂടെ രാജ്യം മുമ്പൊരിക്കലും കടന്നുപോയിട്ടില്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളെ വിഡ്ഢികളാക്കുന്നു. ഇന്റർനെറ്റ്, ടെലിവിഷൻ, പത്രം, ഫോൺ തുടങ്ങിയവയെല്ലാം നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാക്കുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് സംസാരിക്കുന്നതു പോലും മഹാപാതകമാകുന്നു.

ജനാധിപത്യവും മതേതരത്വവും

ജനാധിപത്യ/മതേതര/സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾക്ക് പുതിയ നിർവചനങ്ങളാണിപ്പോൾ കാണാനാകുന്നത്. ഇന്ത്യൻ ജനാധിപത്യം പിറവിയെടുത്തത് ഭരണഘടനയിലൂടെയാണ്. ജനാധിപത്യത്തെക്കുറിച്ച് ഭൂരിപക്ഷം ഇന്ത്യക്കാരും അജ്ഞരായിരുന്നു. ജനാധിപത്യം പോലെ ഭരണഘടനയിലൂടെ നിലവിൽവന്ന മറ്റൊന്നാണ് ഇന്ത്യൻ മതേതരത്വം. ഇതിനു ഗാന്ധിയുടെയും നെഹ്രുവിന്റെയും പ്രത്യക്ഷ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ ബഹുവിധമായ വിശ്വാസങ്ങൾക്ക് ഒരു സ്വതന്ത്ര രാഷ്ട്രത്തിൽ ശാന്തിയോടെ വർത്തിക്കാനാകണം എന്ന കാഴ്ചപ്പാട് എന്നും ഗാന്ധിജിക്കുണ്ടായിരുന്നു. ഒരു മതാത്മക രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുക എന്നതായിരുന്നു സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് നെഹ്രു പ്രസ്താവിച്ചിട്ടുണ്ട്.
We, The People of India… എന്ന് തുടങ്ങുന്ന ആമുഖത്തിൽ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ, റിപബ്ലിക്കായി സംവിധാനം ചെയ്യുവാനും പൗരന്മാർക്കെല്ലാം തങ്ങളുടേതായ ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനകൾക്കുമുള്ള സ്വാതന്ത്ര്യവും പദവി-അവസര, സാമ്പത്തിക സമത്വങ്ങൾക്കും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവുമുറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്താനും സഗൗരവം തീരുമാനിച്ചിരിക്കുന്നു എന്നും വ്യക്തമായി പറയുന്നു.
ഇന്ത്യയിലെ ജനാധിപത്യം തകർത്ത് പൂർണാധികാരവും അധീശത്വവും സ്ഥാപിക്കണമെന്നാഗ്രഹിക്കുന്ന ഏതൊരു ഗ്രൂപ്പും ആദ്യം ആക്രമിക്കുക ഇന്ത്യൻ മതേതരത്വത്തെയാകുമെന്നുറപ്പാണ്. സവിശേഷമായ ഈ സെക്കുലറിലസത്തിന്റെ നാശത്തോടെ മാത്രമേ തങ്ങളുടെ ഏകശിലാ, ഏകാധിപത്യ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് ജനാധിപത്യത്തിന്റെ ശത്രുക്കൾക്ക് നന്നായി അറിയാം.
ഇന്ത്യയെന്ന ഏറ്റവും വലിയ ഡെമോക്രാറ്റിക്, സെക്കുലർ രാജ്യത്തെ തകർത്തു ഹിന്ദു രാഷ്ട്രമെന്ന ഏകശിലാ രാജ്യമാണ് അവരുടെ സ്വപ്നം. ഭരണഘടനയെ തകർത്ത് അങ്ങനെ ഒരു മതരാഷ്ട്രം നിലവിൽ വന്നാൽ അടുത്ത നിമിഷം തന്നെ ആളുകളെല്ലാം വിവിധ ജാതികളിലേക്കും ഗോത്രങ്ങളിലേക്കും അതുണ്ടാക്കുന്ന ഉച്ചനീചത്വങ്ങളിലേക്കും കൂടുതൽ ശക്തിയായി തിരിച്ചുപോവുകയും ഇന്ത്യ വിട്ടുപോകുമ്പോൾ ബ്രിട്ടീഷുകാർ സ്വപ്നം കണ്ടപോലെ ആന്തരിക ശൈഥില്യത്തിലേക്ക് രാജ്യം കൂപ്പുകുത്തുകയും ചെയ്യും. വിവിധ മതഗ്രൂപ്പുകളായും ഗോത്രങ്ങളും ജാതികളും ഉപജാതികളുമായും ജനങ്ങൾ വിഘടിക്കുകയും രാജ്യം നിരന്തര സംഘർഷത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യും.
വിവിധ മതാനുയായികൾക്കിടയിൽ രാഷ്ട്രം യാതൊരു വിവേചനവും കൽപ്പിക്കുന്നില്ല, ഒരു മതത്തിനും സവിശേഷത ഉത്ഘോഷിക്കുന്നുമില്ല. എന്നിട്ടും ജനാധിപത്യ ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളി രാജ്യത്തിന്റെ അഖണ്ഡതക്ക് തന്നെ ഭീഷണിയാവുകയാണ്. ഫാസിസ്റ്റു സർവാധിപത്യ ഭരണം രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും അധോഗതിയിലേക്കു നയിക്കുകയും, പൊതുതാൽപര്യങ്ങളേക്കാൾ വമ്പൻ കോർപറേറ്റ് താൽപര്യങ്ങൾ മേൽക്കൈ നേടുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഈ നാടിന്റെ സവിശേഷതയും ഭരണഘടനയുടെ ഔന്നത്യവും വീണ്ടും ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയുടെ സൃഷ്ടി സംഭവിച്ചില്ലെങ്കിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ പേറി നാശത്തിന്റെ തമോഗർത്തങ്ങളിലേക്ക് ഇന്ത്യ കൂപ്പുകുത്തുന്ന കാലം വിദൂരമായിരിക്കില്ല.

ഭരണഘടനയാണ് ആത്മാവ്

രാഷ്ട്രത്തിന്റെ അഖണ്ഡതയും ദേശീയൈക്യവും കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ അടിസ്ഥാന പ്രമാണവും ജീവാത്മാവുമാണ് ഭരണഘടന. ബഹുസ്വരത ഉൾച്ചേർന്ന രാജ്യത്തിന്റെ ആരോഗ്യകരമായ മുന്നേറ്റം സാധ്യമാക്കുന്നത് ഭരണഘടനയാണ്. സവർണനെയോ അവർണനെയോ ഭരണഘടന വേർതിരിച്ചു കാണുന്നില്ല; എല്ലാ പൗരരുടേയും ഹൃദയം തൊട്ടാണ് അതിലെ വാക്യങ്ങൾ സംവദിക്കുന്നത്. പൗരന്മാർക്കിടയിൽ സമത്വവും സ്വാതന്ത്ര്യവും നീതിയും സാഹോദര്യവും അത് ഊട്ടിയുറപ്പിക്കുന്നു. രാഷ്ട്രത്തിന്റെയും പൗരരുടെയും ഇടയിൽ മധ്യവർത്തിയായി നിലകൊള്ളുന്ന അടിസ്ഥാന പ്രമാണമാണ് ഭരണഘടന.
ഭരണനിർവഹണം, നിയമനിർമാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഗവൺമെന്റിന്റെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലും കേന്ദ്ര ഗവൺമെന്റ്, സംസ്ഥാന ഗവൺമെന്റുകൾ, പ്രാദേശിക ഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകൾ തമ്മിലുമുള്ള ബന്ധങ്ങൾ സംബന്ധിച്ച ഉത്തരവാദിത്വങ്ങളും ഭരണഘടന വിവരിക്കുന്നുണ്ട്. അവയെ മറികടക്കാൻ സാധിക്കില്ല. ഓരോ പൗരന്റെയും സമാധാനപരവും ജനാധിപത്യപരവുമായ മുന്നേറ്റത്തിനാവശ്യമായ കാര്യങ്ങൾ ഉറപ്പാക്കുന്നത് ഭരണഘടന. രാജ്യത്തിന്റെ പഞ്ചസ്തൂപങ്ങളായ പരമാധികാരം, മതേതരത്വം, ജനാധിപത്യം, റിപബ്ലിക് (osvereigntiy, oscialism, seccularism, democracy, republic) എന്നീ ആശയങ്ങൾ ഉൾക്കൊണ്ടിട്ടുള്ളത് ഭരണഘടനയുടെ ആമുഖത്തിലാണ്.

ഭരണഘടനക്കേൽക്കുന്ന മുറിവുകൾ

അതീവ ഗൗരവമായ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന കടന്നുപോകുന്നത്. ദേശീയമായി രൂപപ്പെട്ടിരിക്കുന്ന ഹിംസാത്മക രാഷ്ട്രീയത്തിന്റെ സാന്നിധ്യത്തിൽ ജനാധിപത്യ ഇന്ത്യയ്ക്കു വേണ്ടി വാദിക്കുന്നവർക്ക് ആശ്രയിക്കാവുന്നത് ഭരണഘടന മാത്രമാണ്. കേവല നിയമപുസ്തകം എന്നതിനപ്പുറം ഒരു മഹാരാഷ്ട്രമെന്ന നിലയിൽ ഇന്ത്യയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും മാർഗദർശി കൂടിയാണ് ഭരണഘടന. അതിൽ ഉൾച്ചേർന്നിട്ടുള്ള മൂല്യങ്ങളെ അവമതിക്കുന്ന വിധമുള്ള നീക്കങ്ങളാണ് ഭരണകർത്താക്കളിൽ നിന്ന് പലപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ജനദ്രോഹപര നിയമങ്ങൾ സദാ രൂപം കൊള്ളുന്നു. ഭരണഘടനാ മൂല്യങ്ങൾ പിച്ചിച്ചീന്തപ്പെടുന്നു. അപ്പം ചുട്ടെടുക്കുന്നതു പോലെ പ്രഹസന നിയമങ്ങൾ പാർലമെന്റ് ഉണ്ടാക്കിയെടുക്കുന്നു. ഭരണപക്ഷത്തിന്റെ ഓരോ പ്രഖ്യാപനവും ജനങ്ങൾക്ക് ഇടിത്തീയായനുഭവപ്പെടുന്നു. ഭരണീയർക്ക് ഭരണാധികാരികളെ വിശ്വാസമില്ലാതാകുന്നു. ഭരണഘടനക്ക് ഭേദഗതികൾ സംഭവിക്കുന്നു. നിയമപീഠങ്ങളുടെ നിലപാടുകൾ പോലും അന്യായമാണെന്നു പൗരൻമാർക്കു സന്ദേഹമാകുന്നു.
ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ഇന്ത്യൻ പാർലമെന്റിനാണ്. ഭരണഘടനാ ഭേദഗതികളെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് അനുച്ഛേദം 368 ആണ്. ഇന്ത്യൻ ഭരണഘടന മൂന്നു വിധത്തിൽ ഭേദഗതി ചെയ്യാം. പാർലമെന്റിൽ കേവല ഭൂരിപക്ഷത്തോടെ, പാർലമെന്റിൽ പ്രത്യേക ഭൂരിപക്ഷത്തോടെ, പാർലമെന്റിലെ പ്രത്യേക ഭൂരിപക്ഷത്തോടൊപ്പം സംസ്ഥാനങ്ങളുടെ സമ്മതത്തോടു കൂടെയും. ഇതുവരെ 104 ഭരണഘടനാ ഭേദഗതികളാണ് നടന്നിട്ടുള്ളത്. ജനലക്ഷങ്ങളെയും എല്ലാ പ്രതിപക്ഷ നേതാക്കളെയും തുറങ്കിലടച്ച് ഭരണകൂട ഭീകരത നടമാടിയ അടിയന്തരാവസ്ഥക്കാലത്താണ് ഏറ്റവും കൂടുതൽ ഭരണഘടനാ ഭേദഗതികൾ നടന്നിട്ടുള്ളത്. സമാനമായതോ അതിനേക്കാൾ ഗുരുതരമായതോ ആയ ഒരു സവിശേഷ ഘട്ടത്തിലേക്ക് രാജ്യം സാവധാനം നീങ്ങുകയാണെന്ന് ഇന്ന് എല്ലാവരും ഭയക്കുന്നു. അതൊഴിവാക്കാൻ ഏറ്റവും ആവശ്യം ഭരണഘടനയുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ്.
ഇന്ത്യയെന്ന ആശയം അസ്തമിക്കരുത്. ജനാധിപത്യ മൂല്യങ്ങൾക്ക് മൂർച്ചയുണ്ടാകണം. ഏകാധിപത്യ-സർവാധിപത്യ ഭരണം മുറിവുകൾ മാത്രമാണ് ബാക്കിയാക്കുക. മതേതരത്വം മഹത്തരമാകണം. പൂന്തോപ്പിലെ പുഷ്പങ്ങളെ പോലെ നാനാ ജാതി, മത, വർഗ, വർണർ ഇന്ത്യയുടെ സൗന്ദര്യമാണ്. മതേതരത്വം നശിച്ചു കഴിഞ്ഞാൽ ഇന്ത്യ മരിച്ചു. എല്ലാവരും അഭിമാനികളായി കഴിയണം. കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിൽ 1949 നവംബർ 25ന് ബിആർ അംബേദ്ക്കർ പറഞ്ഞു: ‘പൗരന്മാർ മഹാനായ ഒരു മനുഷ്യന്റെ കാൽക്കൽപ്പോലും സ്വാതന്ത്ര്യങ്ങൾ അടിയറ വെക്കരുത്’.

അഡ്വ. കെഎംഎ റഊഫ് സഖാഫി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ