ഇസ്ലാമില്‍ വിജ്ഞാനത്തിന് ‘ഇല്മ്’ എന്നാണ് സാങ്കേതികമായ വ്യവഹാരം. ആധുനികമായ ബോധ ധാരയാല്‍ ജ്ഞാനത്തെ സമീപിക്കുന്ന ഒരാള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നതിലപ്പുറമാണ് ‘ഇല്മ്’ എന്ന സംജ്ഞ. മനുഷ്യന്റെ നിരീക്ഷണങ്ങള്‍, പരീക്ഷണങ്ങള്‍, അനുഭവങ്ങള്‍, ഐഛിക സംവേദനങ്ങള്‍ എന്നിവയിലൂടെ രൂപപ്പെടുന്നതാണ് വിജ്ഞാനം. തുടര്‍ച്ചയായ പ്രയത്നത്തിലൂടെ അത് വളരുന്നു, വികസിക്കുന്നു. അനുസ്യൂതം തിരുത്തുകള്‍ക്കും വെട്ടിക്കുറയ്ക്കലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും നിമിത്തമാവുകയും ചെയ്യുന്നു. ഇത്രയുമാണ് ജ്ഞാനം കൊണ്ട് സാധാരണയായി നാം ഉദ്ദേശിക്കുന്നത്. എന്നാല്‍ നേരത്തെപറഞ്ഞ ‘ഇല്മ്’ എന്ന സംജ്ഞ ഈ പരിധിക്കപ്പുറത്താണ്. അഭൗതികമായ ഒരു അധിഷ്ഠാനമുണ്ടതിന്. വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യന്റെ മഹത്ത്വം മലാഇകത്തുകളേക്കാള് ഉദ്ഘോഷിക്കപ്പെട്ടിട്ടുണ്ട്. അതിനു കാരണം മനുഷ്യന്ആദം(അ)അറിവുള്ളവനായി എന്നതാണ്.
മനുഷ്യസൃഷ്ടിയുടെ പൂര്‍ണത, അല്ലാഹു അവന് വിജ്ഞാനമേകിയപ്പോള് തുടങ്ങുകയായിരുന്നു. വസ്തുക്കളെ കുറിക്കുന്ന നാമങ്ങള്‍ മുഴുവന്‍ അല്ലാഹു മനുഷ്യനെ പഠിപ്പിച്ചു. ആദമിനെ നാം അസ്മാഉകള്‍ മുഴുവനും പഠിപ്പിച്ചുവെന്ന് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട് അതില്‍. ഇവിടെ നടക്കുന്ന ക്രിയ തഅ്ലീംഅഥവാ ഇല്മ് നല്കല് ആണ്. ആരുനല്‍കുന്നു? അതിന്റെ ഉത്തരമാണ് നാം പഠിപ്പിച്ചുവെന്നത്. അതേ, പഠിപ്പിക്കുന്നത്ഇല്മ് നല്‍കുന്നത് അല്ലാഹുവാണ്. അത് ഏറ്റുവാങ്ങുന്നത് മനുഷ്യനാണ്. അതായത് ജ്ഞാനത്തിന്റെ സ്വഭാവം അത് ഇലാഹിയ്യാണ് എന്നതാകുന്നു. മനുഷ്യന് അല്ലാഹു അതു പഠിപ്പിച്ചുകൊടുക്കുന്നു. ഈയര്‍ത്ഥത്തില്‍ ഇല്മിന്റെ സ്രോതസ്സ് അല്ലാഹുവാകുന്നു. സര്‍വവും അറിയുന്നവന്, സൂക്ഷ്മമായി അറിയുന്നവന് എന്നിങ്ങനെയുള്ള അലീം, ഖബീര്‍ തുടങ്ങിയ വിശേഷണങ്ങള്‍ അല്ലാവിനുണ്ട്. അടിസ്ഥാനപരമായി ഇല്‍മിനുള്ള അതിഭൗതിക പശ്ചാതലമാണ് ഇതെല്ലാം കാണിക്കുന്നത്.
‘നബിയേ പറയുക, എന്റെ രക്ഷിതാവേ നീ എനിക്ക് ജ്ഞാനത്തെ വര്‍ധിപ്പിച്ചു തരേണമേ’ (ത്വാഹ 114) എന്ന കല്പന ജ്ഞാനത്തിന്റെ അതിഭൗതിക പശ്ചാതലത്തിലാണ് പ്രസക്തമാകുന്നത്. മനുഷ്യനെ ഉന്നതവും ഉദാത്തവുമായ തലങ്ങളിലേക്ക് വികസിപ്പിക്കാനാവശ്യമായ ജ്ഞാനം ഇലാഹിയ്യായ മാര്ഗദര്ശനത്തിലൂടെത്തന്നെ കിട്ടേണ്ടതുണ്ടല്ലോ. ‘റബ്ബി സിദ്നീ ഇല്മന്’ എന്നതിന് പണ്ഡിതന്മാര് മറ്റൊരു കല്പന നല്കിയതു കൂടി കാണുക. എന്റെ രക്ഷിതാവേ, നീ എന്നെ വര്‍ധിപ്പിക്കേണമേ, ജ്ഞാനത്താല്‍ എന്നതാണത്. ഈ അര്‍ത്ഥപ്രകാരം ജ്ഞാനത്തിന് മനുഷ്യനില്‍ ഉണ്ടാക്കാനാവുന്ന പ്രതികരണത്തിന് ഊന്നല്‍ കിട്ടുന്നുണ്ട്. അല്ലാഹു ആര്‍ക്കെങ്കിലും മഹത്തായ നന്മ ഉദ്ദേശിക്കുന്നുെണ്ടങ്കില് അവനെ മതത്തില്‍ അവഗാഹമുള്ളവനാക്കുമെന്ന പ്രസ്താവന കൂടി ചേര്‍ത്തുവായിക്കുക. ഇല്മിന് വലിയ മഹത്വവും ശ്രേഷ്ഠതയുമുണ്ടെന്നു കാണാം.
മനുഷ്യന്റെ ജീവിതലക്ഷ്യം അല്ലാഹുവോട് അടുക്കുക എന്നതാണ്. വിശ്വാസത്തിലൂടെയും സുകര്മങ്ങളിലൂടെയും മനുഷ്യന് ഇരുളിന്റെ മറ നീക്കം ചെയ്യപ്പെട്ട് വിശുദ്ധലോകത്തേക്ക് അടുത്തുകൊണ്ടേയിരിക്കും. കല്പിക്കപ്പെട്ട കാര്യങ്ങളെല്ലാം അല്ലാഹുവിലേക്കുള്ള അടുപ്പമുണ്ടാക്കുന്നവയായിരിക്കും. വിരോധിക്കപ്പെട്ട കാര്യങ്ങളെല്ലാം അവനില്‍ നിന്ന് അകറ്റുന്നവയുമായിരിക്കും. അതുകൊണ്ട് ആജ്ഞകള്‍ അനുസരിക്കുമ്പോഴും നിരോധിതകാര്യങ്ങള് വര്‍ജ്ജിക്കുമ്പോഴും ഇലാഹിയ്യായ സാമീപ്യമാണ് കിട്ടുന്നത്. ഈ നിലക്ക് നോക്കുമ്പോള്‍ നല്ലതെന്ന് തീരുമാനിക്കപ്പെട്ടതെന്തും, അതു അല്ലാഹുവോട് അടുപ്പമുണ്ടാക്കുന്നു എന്ന മാനദണ്ഡത്താല്‍ ആണ് നല്ലതാകുന്നത്. ഇനി ഈ ഹദീസ് വായിക്കുക: ‘ഇബ്നു മസ്ഊദ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നത്, റസൂലുല്ലാഹി(സ്വ) പറയുകയുണ്ടായി: രണ്ടുകാര്യങ്ങളേ എനിക്കും വേണമെന്ന് ആഗ്രഹിക്കേണ്ടതുള്ളൂ. അല്ലാഹു ധാരാളം ധനം നല്‍കുകയും വേണ്ടിടത്ത് അത് ചെലവഴിക്കുകയും ചെയ്ത ഒരാളുടെ കാര്യത്തില്‍, അല്ലാഹു ഉപകാരപ്രദമായ ജ്ഞാനം നല്‍കുകയും അതനുസരിച്ച് വിധിക്കുകയും അത് ജനങ്ങള്‍ക്ക് പഠിപ്പിക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തിലും.’
ധനം മനുഷ്യനോട് ഏറ്റവും അടുത്തുനില്ക്കുന്നു. ധനം നല്‍കുകയെന്നത് ജഡികേഛയുമായി സമരം ചെയ്തുകൊണ്ടേ സാധ്യമാകൂ. ഏറ്റവും കൂടുതല്‍ ആര്‍ജിക്കണമെന്ന് മനുഷ്യന് ആഗ്രഹിക്കുന്ന ഒന്നാണല്ലോ ധനം. അത് ചെലവഴിക്കണമെങ്കില്‍ നല്ല മനഃസന്നദ്ധത തന്നെ വേണം. അല്ലാഹു കല്പിച്ച മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നത് ജഡികമായ മറ നീങ്ങാനും അല്ലാഹുവോട് കൂടുതല്‍ അടുക്കാനും കാരണമാകുന്നു. ഒരാളെ അങ്ങനെ പ്രാപ്തനാക്കുന്നത് അല്ലാഹുവോടുള്ള അനുസരണയും വിശ്വാസവും സ്നേഹവുമാണ്. അതുകൊണ്ട് അങ്ങനെയുള്ള ഒരു വ്യക്തിയെപ്പോലെ ആകാന്‍ ആഗ്രഹിക്കാം. അല്ല ആഗ്രഹിക്കാവുന്ന പല കാര്യങ്ങളുണ്ടെങ്കിലും ആഗ്രഹിക്കേണ്ട കാര്യങ്ങളിലൊന്ന് ഇതാകുന്നു.
ഇനിനോക്കൂ, അടുത്ത കാര്യം അല്ലാഹു ജ്ഞാനം നല്‍കുകയും തദനുസാരം വിധിതീര്പ്പുണ്ടാക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യലാകുന്നു. നേരത്തെ പറഞ്ഞതുപോലെ, ഇലാഹീപ്രീതിക്കും അടുപ്പത്തിനും ജ്ഞാനം നേരിട്ട് കാരണമാകുന്നുവെന്നതാണ്, ഇത്തരം ജ്ഞാനത്തില്‍ ആഗ്രഹിക്കണമെന്ന് പറഞ്ഞതിന്‍െറ താല്പര്യം. ജ്ഞാനം വഴിയാണ് അല്ലാഹുവിന്റെ ശരീഅത്ത് എന്താണെന്ന് മനസ്സിലാക്കപ്പെടുന്നത്. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ എന്താണെന്ന് ഗ്രഹിക്കുന്നതും. അത് അല്ലാഹു തൃപ്തിപ്പെട്ട വഴിക്കുള്ള ആചരണത്തിന് നിമിത്തമാക്കുമല്ലോ. ഇക്കാര്യം കൂടുതല്‍ വ്യക്തമായി ഒരു ഹദീസില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘ജ്ഞാനത്തെ തേടുന്ന ഒരു വഴിയില്‍ ഒരാള്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള ഏതെങ്കിലുമൊരുവഴി അല്ലാഹു അയാള്‍ക്ക് എളുപ്പമാക്കിക്കൊടുക്കുന്നതാകുന്നു’ (മുസ്ലിം).
അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ജ്ഞാനത്തിന്റെ ഒന്നത്യം മറ്റൊരു രീതിയില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. നബി(സ്വ) പറയുന്നു: ജ്ഞാനത്തെ തേടുന്ന വഴിയിലേക്ക് ഒരാള്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള ഒരു വഴി അല്ലാഹു അദ്ദേഹത്തിന് എളുപ്പമാക്കിക്കൊടുക്കും. തീര്‍ച്ചയായും മലക്കുകള്‍ അവരുടെ ചിറകുകള് ജ്ഞാനാനേ്വഷിക്ക് താഴ്ത്തികൊടുക്കും. അദ്ദേഹം ചെയ്യുന്നത് ഇഷ്ടപ്പെടുന്നതുകൊണ്ടാണിത്. ജ്ഞാനിക്ക് ആകാശ ഭൂവനങ്ങളിലുള്ളതൊക്കെയും പൊറുക്കലിനെത്തേടും. വെള്ളത്തിലെ മത്സ്യംവരെ. ആബിദായ ഒരാളേക്കാള്‍ ജ്ഞാനിയായവന്, ഇതര നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠതയാണുള്ളത്. കാരണം ജ്ഞാനികള്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാകുന്നു. അമ്പിയാക്കള്‍ അനന്തരമെടുക്കുന്നത് ദീനാറോ ദിര്‍ഹമോ അല്ല. തീര്‍ച്ചയായും അവര്‍ അനന്തരമാക്കുന്നത് ജ്ഞാനമാകുന്നു. ആകയാല്‍ ജ്ഞാനം നേടിയവന് മഹത്തായ വിഹിതം കരഗതമാക്കിയിരിക്കുന്നു (തിര്‍മുദി, അബൂദാവൂദ്).
ജ്ഞാനവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായ പ്രതികരണമാണ് പ്രപഞ്ചത്തില്നിന്നുണ്ടാകുന്നത്. മലക്കുകള്‍ ജ്ഞാനാനേ്വഷികള്ക്ക് ചിറകുവിരിച്ചുകൊടുക്കും. ആകാശഭൂവനങ്ങളിലുള്ളവസമുദ്രത്തിലെ മത്സ്യംവരെ ജ്ഞാനികള്‍ക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ നടത്തും. എന്തുകൊണ്ടാണത്? അതിന്റെ കാരണമാണ് ജ്ഞാനികള്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് എന്ന പ്രസ്താവം. അമ്പിയാക്കളാണ് യഥാര്‍ത്ഥ ജ്ഞാനത്തിന്റെ പ്രചാരകര്‍. അവര്‍ പ്രചരിപ്പിച്ച ജ്ഞാനം കൊണ്ടാണ് ഈ പ്രപഞ്ചത്തിന്റെ താളപ്പൊരുത്തം കാത്തുസൂക്ഷിക്കപ്പെടുന്നത്. നുബുവ്വത്തുള്ളവരോട് പ്രപഞ്ചം വിനയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാചകന്(സ്വ)യോട് കല്ലുകളും മരങ്ങളും സലാംപറഞ്ഞിട്ടുണ്ട്. സംരക്ഷണം കൊടുത്തിട്ടുണ്ട്. ആ നുബുവ്വത്തിന്റെ ജ്ഞാനം അനന്തരമെടുത്ത് പ്രവാചകീയ ദൗത്യത്തിന്റെ പിന്തുടര്‍ച്ചയാണല്ലോ ജ്ഞാനികള്‍ ഏറ്റെടുത്തത്.
അതുകൊണ്ടാണ് പ്രാപഞ്ചിക വസ്തുക്കളും മലാഇകത്തുമെല്ലാം ജ്ഞാനികളെയും ജ്ഞാനാനേ്വഷികളെയും പിന്തുണക്കുന്നത്. പ്രവാചകീയദൗത്യത്തിന്റെ പിന്മുറക്കാരാകാനുള്ള മഹത്തായ സൗഭാഗ്യമാണ് ജ്ഞാനസന്പാദനത്തിലൂടെ കരഗതമാകുന്നത്. അതാകട്ടെ മുഴുവന്‍ പ്രപഞ്ചത്തിന്റെയും പിന്തുണകിട്ടുന്നതുമായിരിക്കും.
ജ്ഞാനത്തെ, ജ്ഞാനാനേ്വഷിയെ ഈ ഭൗതികമായ ലോകത്തിന്റെ സങ്കുചിതത്തിനുള്ളില് തളച്ചിടുന്ന ഒരു കാഴ്ചപ്പാടല്ല ഇസ്ലാമിനുള്ളത്. പ്രത്യുത അവര്‍ ദുനിയാവില് പെട്ടതല്ല, അഥവാ സ്വര്ഗീയമാണ് എന്നര്‍ത്ഥം പ്രകാശിപ്പിക്കുന്ന ഹദീസുകള്‍ കാണാം. ദുനിയാവ്ആഖിറത്തിലേക്കുപകരിക്കാത്തവഅല്ലാഹുവില് നിന്ന് അകന്നതാണ്. അവയിലുള്ളതെല്ലാം അല്ലാഹുവില്‍ നിന്ന് അകന്നതുതന്നെ. അല്ലാഹുവിന്റെ ദിക്റ് ഒഴികെ. അതിനോടടുത്തു നില്ക്കുന്ന അല്ലാഹുവിനുള്ള ആരാധനകളും ജ്ഞാനികളും, ജ്ഞാനാനേ്വഷികളും ഒഴികെ. മുഴുവന്‍ തെറ്റുകുറ്റങ്ങളുടെയും പ്രാരംഭം ഐഹികമായ എന്തെങ്കിലും കാര്യങ്ങളാകും. അതുകൊണ്ട് ദുനിയാവ് അല്ലാഹുവില്‍ നിന്ന് അകന്നതാണ്. എന്നാല്‍ മുന്‍ചൊന്ന അല്ലാഹുവിനുള്ള ദിക്ര്, മറ്റു കര്‍മങ്ങള്‍, ജ്ഞാനികള്‍, ജ്ഞാനാനേ്വഷികള് എന്നിവ ദുനിയാവില് പെട്ടതല്ല. അതുകൊണ്ട് അവയാകട്ടെ അല്ലാഹുവില്‍ നിന്ന് അകന്നതുമല്ല. പ്രത്യുത വളരെ അടുത്തതാണ്. മജ്ലിസുല്‍ ഇല്‍മി റൗളത്തുന് മിന് രിയാളില്‍ ജന്നജ്ഞാനസദസ്സ് സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു പൂന്തോപ്പാകുന്നുഎന്ന വചനം കൂടി ചേര്ത്തുവായിക്കാവുന്നതാണിവിടെ.
ഇഎംഎ ആരിഫ് ബുഖാരി