ചരിത്രം അക്കാദമിക വിഷയമായും ജനകീയ വിഷയമായും നമ്മുടെ മുമ്പിലുണ്ട്. അക്കാദമിക് ഹിസ്റ്ററി, പോപ്പുലർ ഹിസ്റ്ററി എന്ന് വിളിക്കുന്നത് അതിനെയാണ്. സമീപ കാലത്ത് പോപ്പുലറൈസ്ഡ് ഹിസ്റ്ററി എന്നൊരു ചരിത്രശാഖ കൂടി രൂപപ്പെട്ടിട്ടുണ്ട്. പാഠപുസ്തകങ്ങളിലൂടെ പഠിക്കുന്നതിനെ അക്കാദമിക് ഹിസ്റ്ററി എന്നു പറയാം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവ രൂപപ്പെടുന്നത്. സാധാരണക്കാർക്കിടയിൽ ആഴത്തിൽ വേരൂന്നിയ കഥകളാണ് പോപ്പുലർ ഹിസ്റ്ററി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത കാലത്ത് സവിശേഷമായ കാരണങ്ങൾ കൊണ്ട് കൃത്രിമമായി രൂപപ്പെടുത്തുകയും ജനകീയവൽക്കരിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് പോപ്പുലറൈസ്ഡ് ഹിസ്റ്ററി.

പോപ്പുലർ ഹിസ്റ്ററിയിൽ ചരിത്രത്തിന്റെ ചില അംശങ്ങളുണ്ടാകും. അതിനുള്ളിലെ വസ്തുതകളെ പുറത്തെത്തിക്കേണ്ടത് അനിവാര്യമാണ്. പോപ്പുലറൈസ്ഡ് ഹിസ്റ്ററി അപകടകരമാണ്. 1978ലാണ് ഇത്തരമൊരു ചരിത്രനിർമാണത്തിന് അരങ്ങൊരുങ്ങുന്നത്. പുരാണങ്ങളും പറഞ്ഞുകേട്ട കഥകളും വെച്ച് ഇന്ത്യൻ ചരിത്രം നിർമിക്കാൻ 1978ലാണ് ആർഎസ്എസ് ‘ഭാരതീയ ഇതിഹാസ് സങ്കലൻ യോജന’ എന്ന സംഘടന രൂപീകരിക്കുന്നത്. ‘സഹസ്രാബ്ദങ്ങളായി രാമജന്മഭൂമിയെ മോചിപ്പിക്കാൻ ഹിന്ദുക്കൾ നടത്തിവന്ന പോരാട്ടം’ എന്നായിരുന്നു ബാബരി മസ്ജിദ് പ്രശ്‌നത്തെ ഇവർ വിശേഷിപ്പിച്ചത്. കാലങ്ങളായി രാമജന്മഭൂമിയെ വിമോചിപ്പിക്കാൻ നടന്ന സമരത്തിൽ ലക്ഷക്കണക്കിനാളുകൾ മരിച്ചുവെന്നും അതിനിടയിൽ 1526ൽ ക്ഷേത്രം പൊളിച്ച് ബാബർ പള്ളി പണിതുവെന്നും അവർ പ്രചരിപ്പിച്ചു. ഈയൊരു കളവ് നിരന്തരമായി ആവർത്തിച്ചപ്പോൾ വലിയൊരു വിഭാഗം ജനങ്ങൾ അതൊരു ചരിത്രമായി സ്വീകരിച്ചു. അതുകൊണ്ടാണ് എൽകെ അദ്വാനി നടത്തിയ രഥയാത്രക്ക് ഉത്തരേന്ത്യയിൽ അത്രമേൽ സ്വീകാര്യത ലഭിച്ചത്. സമാനമായ രൂപത്തിൽ 1921നെ സംബന്ധിച്ചും പുതിയ പ്രയോഗം രൂപപ്പെട്ടുവരുന്നുണ്ട്. തീവ്രഹിന്ദുത്വവാദികൾ ‘ഹിന്ദുവംശഹത്യ’ (Ethnic cleansing) എന്നാണ് മലബാർ സമരത്തെ വിശേഷിപ്പിക്കുന്നത്. കർഷക സമരം, ജന്മിത്വവിരുദ്ധ കലാപം, സാമ്രാജ്യത്വവിരുദ്ധ സമരം എന്നിങ്ങനെയുള്ള പരികൽപനകൾക്കപ്പുറം മലബാർ സമരത്തെ വംശഹത്യ എന്നു പ്രയോഗിക്കുന്നതിൽ വ്യക്തമായ വിഭജന രാഷ്ട്രീയം ഒളിഞ്ഞുകിടക്കുന്നുണ്ട്. മലബാർ സമരത്തിന്റെ ഭാഗമായി ഹിന്ദുവംശഹത്യയാണ് നടന്നതെന്ന് പറഞ്ഞുവെക്കുമ്പോൾ അതിനെതിരെ പ്രതികാരം ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ് എന്ന വ്യംഗ്യാർഥം അതിലുണ്ട്. ശക്തമായ മുസ്‌ലിം വിരുദ്ധതയാണ് ഈയൊരു പരാമർശത്തിലൂടെ ഒളിച്ചുകടത്തുന്നത്.

ചരിത്രരചനയിൽ വാമൊഴികളുടെ ഇടം

അക്കാദമിക ചരിത്രനിർമാണത്തിന് ശാസ്ത്രീയമായ തെളിവുകളുടെ പിൻബലം അത്യാവശ്യമാണ്. വാമൊഴികൾ കൂടി അക്കാദമിക് ചരിത്രത്തിന്റെ ഭാഗമായി കാണണമെന്നാണ് പുതിയ നിരീക്ഷണം. ആണ്ടലാട്ട് മാഷ് എന്നറിയപ്പെടുന്ന ഷൺമുഖൻ ആണ്ടലാട്ടാണ് വാമൊഴി രേഖകളെക്കുറിച്ച് ‘രേഖയില്ലാത്ത ചരിത്രം’ എന്ന പേരിൽ ആദ്യമായി ചെറിയൊരു ഗ്രന്ഥമെഴുതിയത്. മലബാർ സമരത്തെക്കുറിച്ച് പഠിക്കുമ്പോൾ വാമൊഴികൾ നമുക്ക് സ്വീകരിക്കാതെ വയ്യ. മലബാറിനെക്കുറിച്ച് ബ്രിട്ടീഷനുകൂല ചരിത്രമാണ് വെള്ളക്കാർ എഴുതിവെച്ചത്. കുഞ്ഞാലി മരയ്ക്കാരുടെ നാവിക സൈന്യത്തെ പോർച്ചുഗീസ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് ‘മലബാർ പൈറേറ്റ്‌സ്’ എന്നാണ്. സാമൂതിരിയുടെ സൈന്യമാണ് കുഞ്ഞാലി മരയ്ക്കാരുടെ പട്ടാളം എന്ന യാഥാർഥ്യം അവർ വിസ്മരിക്കുന്നു. ആഫ്രിക്കയിലെ സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസിന്റെ ഡയറക്ടറും ചരിത്രകാരനുമായ ദിലീപ് എം മേനോൻ മലബാറിന്റെ പ്രത്യേകതയായി മൂന്ന് എം(3M)നെ അവതരിപ്പിക്കുന്നുണ്ട്. മാട്രിലിനി (Matriliny), മാർക്‌സിസ്റ്റ് (Marxist), മിലിറ്റന്റ് മാപ്പിള (ങശഹശമേി േങമുുശഹമ ) എന്നിവയാണവ. ‘കാസ്റ്റ്, കമ്യൂണിസം, നാഷണലിസം ഇൻ സൗത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ഈയൊരവതരണം വരുന്നത്. ആധുനിക കാലത്ത് എഴുതപ്പെടുന്ന രേഖകളിൽ പോലും ആയുധധാരിയായ മാപ്പിള തുടങ്ങിയ ഭീമാബദ്ധങ്ങൾ കടന്നുകൂടുന്നു. ബ്രിട്ടീഷ് രേഖകളെ അന്ധമായി പിൻപറ്റിയതിന്റെ പരിണിതഫലമാണിത്.

രേഖകളിൽ നിന്ന് വാമൊഴിയിലേക്കു പോകുമ്പോൾ തീർത്തും വ്യത്യസ്തമായ ഒരു മലബാർ മാപ്പിളയെയാണ് നമുക്ക് കാണാനാവുക. അപരന് വേണ്ടി സ്വയം ഉരുകുന്ന, അവനെ കയ്യയച്ച് സഹായിക്കുന്ന മനസ്സിൽ നന്മയുള്ള ഒരു മാപ്പിളയെ നമുക്കവിടെ കാണാം. ഭരണാധികാരികളുമായി ഇടകലർന്ന് ജീവിച്ചവരായിരുന്നു മാപ്പിളമാർ. 12-18 നൂറ്റാണ്ട് കാലയളവിൽ ഏറ്റവും കൂടുതൽ കാലം ഭരണ രംഗത്ത് തുടർന്ന രാജവംശങ്ങളിലൊന്നാണ് സാമൂതിരി. മാപ്പിള-നായർ കൂട്ടുകെട്ടാണ് സാമൂതിരി ഭരണത്തിന്റെയടിസ്ഥാനം. സാമൂതിരിയാണ് കോഴിക്കോട് ഭരിക്കുന്നതെങ്കിലും കോഴിക്കോട് മാപ്പിളമാരുടേതായിരുന്നു. കോഴിക്കോട് കോയ എന്നറിയപ്പെട്ടിരുന്ന ശാബന്ദർ കോയക്കായിരുന്നു കോഴിക്കോട്ടെ കച്ചവടാധികാരം. പാൻകേരള കോൺഫറൻസായി ഗണിക്കപ്പെടാവുന്ന മാമാങ്കത്തിന്റെ നിലപാടുതറയിൽ സാമൂതിരി എഴുന്നള്ളുമ്പോൾ അദ്ദേഹത്തിന്റെ വലതുഭാഗത്ത് നിൽക്കാറുള്ളത് ശാബന്ദർ കോയയായിരുന്നു.
വെള്ളയിൽ കടപ്പുറത്ത് ഗാന്ധിജിയും മൗലാന ശൗഖത്തലിയും ഒരുമിച്ചു പങ്കെടുത്ത സമ്മേളനം ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് അനുകൂലമായി ഗ്രന്ഥമെഴുതിയിരുന്ന ഗോപാലൻ നായരുടെ അഭിപ്രായത്തിൽ 20000 പേർ അന്നവിടെ പങ്കെടുത്തിരുന്നു. കടപ്പുറത്ത് വെച്ച് ഗാന്ധിജി നടത്തിയ പ്രസംഗം ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ‘കള വേല ാൗമെഹാമി െീള ശിറശമ ീളളലൃ ിീി രീീുലൃമശേീി ീേ ഴീ്‌ലൃിാലി േശിീൃറലൃ ീേ ലെരൗൃല ഷൗേെശരല ീി വേല സവമഹശുവമ,േ ശ േശ െവേല റൗ്യേ ീള ല്‌ലൃ്യ ഒശിറൗ ീേ രീീുലൃമലേ ംശവേ വേലശൃ ാൗഹെശാ യൃീവേലൃ’െ. ഖിലാഫത്തിന്റെ പേരിൽ മലബാറിലെ മുസ്‌ലിംകൾ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നിസ്സഹകരണം ആരംഭിക്കുകയാണെങ്കിൽ അതിനോട് സഹകരിക്കൽ മുഴുവൻ ഹിന്ദുക്കളുടെയും ഉത്തരവാദിത്തമാണ് എന്നാണ് ഗാന്ധിജി പറഞ്ഞുവെക്കുന്നത്. വാമൊഴിയും വരമൊഴിയും സംയോജിപ്പിച്ച് രേഖകളുടെ അടിസ്ഥാനത്തിലാവണം നമ്മുടെ ചരിത്ര രചന. കെഎൻ പണിക്കരുടെ അഴമശിേെ ഘീൃറ മിറ ടമേലേ എന്ന പുസ്തകം അത്തരത്തിലൊന്നാണ്.

ക്രമസമാധാനപാലന വിഷയം

ചരിത്രത്തിന് വ്യത്യസ്തമായ മുഖങ്ങളുണ്ട്. 1921 എന്നത് കേവലം ‘ലോ ആൻഡ് ഓർഡർ’ പ്രശ്‌നമായിട്ടാണ് ഹിച്ച്‌കോക്ക് എഴുതുന്നത്. ക്രമസമാധാനപാലനത്തിന് വേണ്ടി ആയുധധാരികളായ സമരക്കാരെ അമർച്ച ചെയ്യാൻ ബ്രിട്ടീഷ് സൈന്യം നടത്തിയ ത്യാഗമെന്ന അർഥത്തിലാണ് അദ്ദേഹത്തിന്റെ എഴുത്ത്. യഥാർഥത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ കീഴിൽ ക്രൂരമായ അക്രമങ്ങളും പീഡനങ്ങളുമാണ് മലബാർ സമരപോരാളികൾ നേരിട്ടത്. ഉദാഹരണത്തിന്, നെയ്ത്തുകാർ നെയ്‌തെടുക്കുന്ന വസ്ത്രങ്ങൾ ബ്രിട്ടീഷുകാർ പറയുന്ന വിലയ്ക്ക് കൊടുത്തില്ലെങ്കിൽ അടിച്ചരക്കലാണ് ഫലം. അവർ ആവശ്യപ്പെടുന്ന നികുതി കൊടുക്കാൻ നിവൃത്തിയില്ലാതെ കാടുകയറിയ മനുഷ്യരെ ചരിത്രം രേഖപ്പെടുത്തുന്നു. 1857ൽ ന്യൂയോർക്ക് ഡയ്‌ലി ട്രൈബ്യൂണലിൽ മാർക്‌സാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ ഇത്തരം ക്രൂരവിനോദങ്ങളെക്കുറിച്ച് ആദ്യമായി തുറന്നെഴുതുന്നത്. മലബാറിൽ 2335 പേർ കൊല ചെയ്യപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് റെക്കോർഡ്. എന്നാൽ പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലേറെപ്പേർ നാടുകടത്തപ്പെടുകയും ചെയ്തു. അടിച്ചമർത്തലിന്റെ ഘട്ടത്തിൽ മർദനത്തിനിരയായ ഒരാളെങ്കിലുമില്ലാത്ത ഒരു വീടുപോലും ഏറനാട്, വള്ളുവനാട് ദേശത്ത് ഉണ്ടായിരുന്നില്ല. അതിക്രൂരമായ അടിച്ചമർത്തലിന്റെ ഫലമായാണ് മലബാർ സമര മേഖല കാലങ്ങളോളം പൊളിറ്റിക്കൽ ഡസേർട്ടായി മാറുന്നത്. ഏറെയൊന്നും വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പഠനവിധേയമാക്കേണ്ടതുണ്ട്.

മലബാർ സമരത്തിലെ മതം

മലബാർ സമരത്തിൽ മതമൊരു സമര ടൂളായി ഉപയോഗിച്ചിരുന്നു. അതേസമയം അതൊരു വർഗീയ കലാപമോ ഹിന്ദുവംശഹത്യയോ ആയിരുന്നില്ല. അതുപോയിട്ട് ഹിന്ദു-മുസ്‌ലിം ലഹള പോലും ഇതിന്റെ പേരിൽ നടന്നിട്ടില്ല. സമര നേതാക്കളായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി, ആലി മുസ്‌ലിയാർ, സീതിക്കോയ തങ്ങൾ എന്നിവരിൽ നിന്ന് മതേതരത്വത്തിന് വിരുദ്ധമായ ഒരു പ്രവർത്തനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കൻ ചരിത്രകാരനായ സ്റ്റീഫൻ എഫ് ഡീൽ മലബാർ സമരത്തെ ‘സാമൂഹ്യ പ്രതിരോധ’മെന്നാണ് വിശേഷിപ്പിച്ചത്. മതം അതിനുള്ള ഉപാധിയാക്കി മാറ്റി. മതമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രം അവർക്കു മുമ്പിലുണ്ടായിരുന്നില്ല. കമ്യൂണിസം, ലിബറലിസം, നാഷണലിസം, സോഷ്യലിസം തുടങ്ങിയവയൊന്നും അവർക്കറിയില്ലായിരുന്നു എന്നും സ്റ്റീഫൻ ഡീൽ ചേർത്തുപറയുന്നു. മാധവൻ നായരുടെ സംരക്ഷണ ചുമതല വാരിയൻകുന്നത്തിന്റെ ഖിലാഫത്ത് വളണ്ടിയർമാരുടെ ഉത്തരവാദിത്തമായിരുന്നുവെന്നും കോൺഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനത്തിന്റെ വളണ്ടിയർമാർ മുഴുവനും ഖിലാഫത്ത്കാരായിരുന്നുവെന്നും ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട് കുറിക്കുന്നുണ്ട്.

1921ലെ സമരത്തെ മാപ്പിളമാരുടെ സമരമെന്ന് പറയുന്നതിൽ എന്തോ ഒരു കുറവുള്ളതുപോലെയാണ് ചിലരുടെ സംസാരങ്ങൾ. മാപ്പിളമാരെ മാറ്റിനിർത്തിക്കൊണ്ട് ഒരു മലബാർ സമരമില്ല. തൊണ്ണൂറ് ശതമാനവും മാപ്പിളമാർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വലിയൊരു ഏടും കൈകാര്യം ചെയ്യുന്നത് വിവിധ മതങ്ങളും ജാതികളുമാണ്. 1812ലെ കുറിച്യർ കലാപം, 1857ലെ സാന്താൾ കലാപം, മുണ്ട കലാപം, മുർഷിദാബാദ് കേന്ദ്രീകരിച്ച് നടന്ന സന്യാസി കലാപം. 155 സന്യാസികളെയാണ് ബ്രിട്ടീഷുകാർ അറുകൊല ചെയ്തത്. ഗാന്ധിജിയുടെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യ സമരം ജാത്യാതീതമായി മാറുന്നത്. അതുവരെ വെള്ളക്കാർക്കെതിരെ നടന്ന സമരങ്ങളിൽ ഭൂരിഭാഗവും ജാതി, മതങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു നടന്നത്. ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര സ്വഭാവത്തിലുള്ള സമരമുന്നേറ്റത്തിന് നേതൃത്വം കൊടുത്തെങ്കിലും 1947ൽ പോലും ജാത്യാതീതമായ ഒരു ദേശീയത ഇന്ത്യയിലുണ്ടായിട്ടില്ല. അതുകൊണ്ടാണ് നെഹ്‌റു ഇന്ത്യയെക്കുറിച്ച് ‘ഠവല ിമശേീി ശി വേല ുൃീരല ൈീള ാമസശിഴ’ എന്ന് സൂചിപ്പിച്ചത്.

ചരിത്രമെഴുതുമ്പോഴും വിശകലനം ചെയ്യുമ്പോഴും യാഥാർഥ്യത്തെ ഉൾക്കൊണ്ടാവണം കൈകാര്യം ചെയ്യേണ്ടത്. മലബാർ സമരത്തിൽ സാമ്രാജ്യത്വ വിരുദ്ധത, ജന്മിത്വ വിരുദ്ധത, കർഷക മുന്നേറ്റം തുടങ്ങിയവയുടെ എലമെന്റുകൾ നമുക്ക് കാണാനാകും. ബഹുഭൂരിപക്ഷവും മാപ്പിളമാരായിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. മാധവൻനായരും എംപി നാരായണ മേനോനും അടക്കമുള്ള നിരവധി മുസ്‌ലിമേതര വിശ്വാസികൾ മലബാർ സമരത്തിന്റെ മുന്നേറ്റനിരയിൽ അണിചേർന്നിരുന്നു. സമരത്തിന്റെ മറവിൽ ചില മുസ്‌ലിം നാമധാരികളുടെ നേതൃത്വത്തിൽ അനാവശ്യമായ അക്രമങ്ങൾ നടന്നിട്ടുണ്ട്. അത്തരക്കാരിൽ പലരും സമരനേതാക്കളുടെ വാളിന് ഇരയായിട്ടുമുണ്ട്. കാര്യങ്ങളുടെ നിജസ്ഥിതി ഇങ്ങനെയായിരിക്കെ മലബാർ സമരത്തെ ‘ഹിന്ദു വംശഹത്യ’യെന്ന് വിശേഷിപ്പിക്കുന്നതിൽ ചിലരുടെ വിഭജന താൽപര്യമാണ് ഒളിഞ്ഞുകിടക്കുന്നത്.

ഡോ. പിജെ വിൻസെന്റ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ