ലോകത്തിലെ വലിയ സാമൂഹിക പ്രശ്നമാണ് ദാരിദ്ര്യം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യം നിര്‍വഹിക്കാനാവാത്തവരെ ദരിദ്രരായി ഗണിക്കാം. സമ്പന്ന രാജ്യങ്ങളില്‍പോലും കുറഞ്ഞ തോതിലാണെങ്കിലും ദരിദ്രരുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മംഗോളിയ, കമ്പോഡിയ, ലാവോസ്, ക്യൂബ, ശ്രീലങ്ക, നേപ്പാള്‍, ഈജിപ്ത്, ബ്രസീല്‍, മെക്സിക്കോ, വെനസ്വേല, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞവരാണ്. സോമാലിയയാണെങ്കില്‍ പഞ്ഞത്തിന്റെയും പട്ടിണിമരണങ്ങളുടെയും പ്രതിരൂപവും.

ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യംവെച്ച് അന്താരാഷ്ട്ര സമ്മേളനങ്ങളും പ്രഖ്യാപനങ്ങളും നടക്കാറുണ്ടെങ്കിലും പൂര്‍ണ ഫലപ്രാപ്തി നേടുന്നില്ലെന്നതാണ് വസ്തുത. എ്യെരാഷ്ട്ര സഭ ഈ ആവശ്യാര്‍ത്ഥം പ്രത്യേക സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഗ്രാന്‍റ് അനുവദിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ദാരിദ്ര്യത്തെ പരാമര്‍ശിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിന് മുമ്പുണ്ടായിരുന്ന കടുത്ത ക്ഷാമവും പട്ടിണി മരണങ്ങളും എടുത്തു പറയേണ്ടതാണ്. 1934ല്‍ ഉണ്ടായ ഈ ദുരന്തം ഗ്രേറ്റ് ബംഗാള്‍ ഫെമിന്‍ എന്ന പേരിലാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. 45 ലക്ഷത്തോളം പട്ടിണി മരണങ്ങളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച പഞ്ചവത്സര പദ്ധതിയില്‍ ദാരിദ്രേ്യാച്ഛാടനത്തിന് വലിയ പ്രാധാന്യം നല്‍കുകയുണ്ടായി. ഇതിന്റെ ഫലമായി ദാരിദ്ര്യസൂചികയില്‍ മാറ്റങ്ങളനുഭവപ്പെട്ടു.
1974ല്‍ ഇന്ത്യയിലെ ദരിദ്രര്‍ 54 ശതമാനമായിരുന്നെങ്കില്‍, 1994ല്‍ ഇത് 36 ശതമാനമായി കുറഞ്ഞു. 2006ല്‍ ഇത് 21 ശതമാനത്തിലെത്തി. ഇന്ത്യയില്‍ ഇന്ന് ദാരിദ്ര്യം മൂന്നിലൊന്ന് ജനത്തെ ബാധിക്കുന്നുവെന്നതാണ് കണക്ക്. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, ഒഡീഷ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തെ ദരിദ്ര സംസ്ഥാനങ്ങള്‍. എന്നാല്‍ ദാരിദ്ര്യത്തെ തുടച്ചുമാറ്റാന്‍ ദ്രുതഗതിയില്‍ പദ്ധതികള്‍ നടപ്പാക്കിയത് പഞ്ചാബും ആന്ധ്രയുമാണ്.
കേരളത്തില്‍ ദാരിദ്ര്യം താരതമ്യേന കുറവാണ്. ഗള്‍ഫ് മേഖലയില്‍ തൊഴിലവസരം തുറന്നുകിട്ടിയതും വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ വളര്‍ച്ചയും വികാസവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പരിപാടി, അംഗനവാടികളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്ന പോഷകാഹാരം, വാര്‍ദ്ധക്യകാല പെന്‍ഷനടക്കമുള്ള ആനുകൂല്യ വിതരണങ്ങള്‍ എന്നിവയെല്ലാം ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കുവഹിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ആദിവാസി വിഭാഗങ്ങളില്‍ ദാരിദ്ര്യം ഇന്നും മാറാവ്യാധിയാണ്. ഈയിടെ അട്ടപ്പാടിയിലുണ്ടായ നവജാത ശിശു മരണങ്ങള്‍ ചേര്‍ത്തുവായിക്കുക.
രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിന് പുതുജീവന്‍ നല്‍കുന്ന പദ്ധതിയാണ് പാര്‍ലിമെന്‍റ് പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ ബില്‍. രാജ്യത്തെ എണ്‍പത് കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടാവുന്ന സംരംഭമാണത്. നിയമനിര്‍മാണം നടന്നുവെങ്കിലും അര്‍ഹരായ ദരിദ്രജനകോടികളിലേക്ക് രാഷ്ട്രത്തിന്റെ കനിവ് എത്തിച്ചേരുന്ന കൈവഴികളിലെ പരിമിതികള്‍ ആശങ്കപ്പെടുത്തുന്നതാണ്. പാവങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇടത്തട്ടുകാര്‍ക്ക് ലഭിക്കുന്നത് പദ്ധതിയെ തകര്‍ക്കുകയേയുള്ളൂ.
ആഫ്രിക്കന്‍ രാജ്യമായ സുഡാനിലും നൈജറിലുമുള്ള പട്ടിണി മരണങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. സുഡാന്റെ പശ്ചിമ പ്രവിശ്യയില്‍ നടന്ന വംശീയ യുദ്ധത്തിലൂടെ ഒരു ലക്ഷത്തിലധികം പേരാണ് പട്ടിണിയിലേക്ക് എടുത്തെറിയപ്പെട്ടത്. ദാരിദ്ര്യവും പട്ടിണിയും മൂലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരണസംഖ്യ വര്‍ധിക്കുകയാണ്. ഇതില്‍ 60 ശതമാനവും നൈജറിലാണ്. 25 ലക്ഷത്തില്‍പരം മനുഷ്യര്‍ അവിടെ ഇപ്പോഴും പട്ടിണിയില്‍ കഴിയുന്നു. അഞ്ചു വയസ്സ് തികയുന്നതിനുമുമ്പ് തന്നെ 90 ശതമാനം കുട്ടികളും പട്ടിണിമൂലവും പോഷകാഹാരക്കുറവ് മൂലവും മരിക്കുകയാണവിടെ. എ്യെരാഷ്ട്ര സഭ, ലോകബാങ്ക് എന്നിവ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലെ ദാരിദ്ര്യം നീക്കാന്‍ നൂതന പദ്ധതികള്‍ പലതും നടപ്പാക്കുന്നുണ്ടെങ്കിലും പട്ടിണി മരണം അനവരതം തുടരുകയാണ്.
പ്രതിദിനം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരായി കണക്കാക്കുന്നത്. ഇതനുസരിച്ച് 130 കോടി ദരിദ്രരാണത്രെ ലോകമെമ്പാടുമുള്ളത്. ലോകത്ത് നടക്കുന്ന മരണത്തിന്റെ മൂന്നിലൊന്ന് പട്ടിണിമൂലമാണ്. ലോക ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന ഇന്ത്യയില്‍ 27.5 ശതമാനം ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയാണ്. അമേരിക്കയില്‍ പോലും 3.7 കോടി ജനങ്ങള്‍ ദാരിദ്ര്യമനുഭവിക്കുന്നുവത്രെ.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സന്നദ്ധപ്രവര്‍ത്തകര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ നോക്കാം:
ഒന്ന്: വിവാഹങ്ങളിലും സല്‍ക്കാരങ്ങളിലും നടക്കുന്ന ഭക്ഷ്യധൂര്‍ത്ത് ഒഴിവാക്കുക. രണ്ട്: സമൃദ്ധിയില്‍ കഴിയുന്നവര്‍ ദരിദ്രരെ സമീപിച്ച് പരിഹാരം സ്വയം ചെയ്യാന്‍ ശ്രമിക്കുക. മൂന്ന്: സമ്പന്ന രാജ്യങ്ങള്‍ പാഴാക്കിക്കളയുന്ന ടണ്‍കണക്കിന് ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ച് ദരിദ്രരിലേക്കെത്തിക്കാന്‍ കേന്ദ്രീകൃത പരിപാടികള്‍ തയ്യാറാക്കുക. നാല്: ആവശ്യത്തിലധികം ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ആവശ്യമുള്ളവരിലേക്കെത്തിക്കാന്‍ നിയമനിര്‍മാണം നടത്തുക.
സമ്പന്ന രാഷ്ട്രങ്ങളിലെ ഹോട്ടലുകളില്‍ ബാക്കിയായി പുറത്തേക്ക് തള്ളുന്ന ഭക്ഷണം കൊണ്ട് സോമാലിയ പോലുള്ള പട്ടിണി രാജ്യങ്ങളിലെ ഒരു ദിവസത്തെ ഭക്ഷണാവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഉപയോഗശൂന്യമായ ടണ്‍കണക്കിന് ഭക്ഷ്യവസ്തുക്കള്‍ സമ്പന്ന രാഷ്ട്രങ്ങള്‍ കടലില്‍ തള്ളുന്നുമുണ്ട്.
ഒക്ടോബര്‍ 17 ദാരിദ്ര്യ നിര്‍മാര്‍ജന ദിനമായി എ്യെരാഷ്ട്ര സഭ അംഗീകരിച്ചിട്ടുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കരുത്തുറ്റ കാല്‍വെപ്പുകള്‍ നടത്താന്‍ യുഎന്‍ കൂട്ടായ്മക്ക് കഴിയണം. എന്നാല്‍ ഓരോ വ്യക്തിക്കും ദരിദ്ര നിര്‍മാര്‍ജന യജ്ഞത്തിന് ധാരാളം ചെയ്യാനാകുമെന്നതാണ് സത്യം. അസംഖ്യം ജനകോടികളാണ് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കേഴുന്നത്. ഹെലികോപ്റ്ററില്‍ നിന്ന് വീഴുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ഓടുന്നവര്‍, അഭയാര്‍ത്ഥി കേമ്പുകളിലേക്ക് വണ്ടികളില്‍ വരുന്ന ഭക്ഷണത്തിന് തിക്കും തിരക്കും കൂട്ടുന്നവര്‍. ഈ ദൃശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന പ്രവണത മാനവ ബോധമുള്ളവര്‍ക്ക് ഉചിതമല്ല. സ്വന്തം വീട്ടിലെങ്കിലും ഭക്ഷ്യരംഗത്തെ ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ ആവുന്നത് ചെയ്യുമെന്ന പ്രതിജ്ഞ നാം പുലര്‍ത്തണം. നരകത്തില്‍ പ്രവേശിക്കാനുള്ള കാരണമായി പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ.

ബഷീര്‍ അബ്ദുല്‍കരീം സഖാഫി വാണിയമ്പലം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ