അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നത് തടയുകയും അവയുടെ തകര്‍ച്ചക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? ഇവരാകട്ടെ ഭയചകിതരായിട്ടല്ലാതെ അവയില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നു. ഇഹലോകത്ത് അവര്‍ക്ക് നിന്ദ്യതയാണുള്ളത്. പരലോകത്ത് ഭയങ്കരമായ ശിക്ഷയുണ്ട് (അല്‍ബഖറ/114).
ഹിജ്റ ആറാം വര്‍ഷം ഉംറ ചെയ്യാന്‍ വേണ്ടി മക്കയിലേക്ക് പുറപ്പെട്ട പ്രവാചകര്‍(സ്വ)യെ ഹുദൈബിയ്യയില്‍ വെച്ച് മുശ്രിക്കുകള്‍ തടഞ്ഞപ്പോഴാണ് ഈ സൂക്തം അവതരിക്കുന്നത്. റോമുകാര്‍ ബൈതുല്‍ മുഖദ്ദസ് തകര്‍ക്കാന്‍ തുനിഞ്ഞ സംഭവം കൂടി ഈ സൂക്തം സൂചിപ്പിക്കുന്നുണ്ട്.
മുസ്ലിം സമൂഹത്തിന്റെ ഊര്‍ജോല്‍പാദനത്തിലും പ്രതാപത്തിലും മസ്ജിദുകളും മഖ്ബറകളും പോലുള്ള അടയാളങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രമുഖ ചരിത്ര പണ്ഡിതന്‍ കെകെഎന്‍ കുറുപ്പ് പറയുന്നു: ‘പൂര്‍വകാലങ്ങളില്‍ മുസ്ലിംകള്‍ ഏതെങ്കിലും സമരങ്ങള്‍ക്കോ പ്രതിരോധങ്ങള്‍ക്കോ യുദ്ധങ്ങള്‍ക്കോ സജ്ജരാകുമ്പോള്‍ തലേദിവസം മഖ്ബറകളില്‍ പോയി ആത്മീയമായ ഇന്ധനം ശേഖരിക്കുമായിരുന്നു’. പള്ളികള്‍, മദ്റസകള്‍, മഖ്ബറകള്‍ എന്നിവക്ക് മുസ്ലിം സംസ്കാരത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും കൃത്യമായ നിലനില്‍പില്‍ വലിയ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരം അടയാളങ്ങള്‍ക്ക് നേരെ ശത്രുപക്ഷത്ത് നിന്നും നിരന്തരമായ അക്രമണോത്സുക സമീപനങ്ങള്‍ ഉണ്ടാവുന്നത്.
മദ്റസകളില്‍ ഭീകരവാദം പഠിപ്പിക്കുന്നുണ്ടെന്ന് ആരോപണം ഉന്നയിക്കുകയും മദ്റസകള്‍ക്കു നേരെ അക്രമം നടത്തുകയും ചെയ്യുന്ന പ്രവണത ഇപ്പോള്‍ ചിലയിടങ്ങളിലെങ്കിലും കാണപ്പെടുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍റില്‍ മിനാരങ്ങള്‍ക്കെതിരെ വലതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭം റഫറണ്ടത്തില്‍ കലാശിച്ചതും മിനാര നിരോധനം പ്രഖ്യാപിക്കപ്പെട്ടതും അടുത്തകാലത്താണ്. സലഫികള്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ മഖ്ബറകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ മാലോകര്‍ അറിയുന്നതാണല്ലോ. വിശ്വാസികള്‍ ഏറ്റവും പുണ്യം കല്‍പിക്കുകയും അല്ലാഹുവിന്റെ ഭവനങ്ങളായി പരിപാലിക്കുകയും ചെയ്യുന്ന പള്ളികളുടെ മേല്‍കൈ വെക്കാന്‍ അത്രകണ്ട് ആരും ധ്യൈം കാണിക്കാറില്ല; ഹൃദയം കറുത്തിരുണ്ട അധമന്മാരല്ലാതെ.
ഏതു മതസ്ഥരുടേതായാലും ആരാധനാലയങ്ങളുടെ പുണ്യവും പരിശുദ്ധിയും വകവെച്ചു കൊടുക്കാനും അവരുടെ വികാരത്തെ വ്രണപ്പെടുത്താതിരിക്കാനും എല്ലാവരും പരസ്പരം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ അത്യപൂര്‍വമായെങ്കിലും ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ മുതിര്‍ന്നവരൊക്കെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പലരും അപഹാസ്യമായ അന്ത്യം അനുഭവിച്ചിട്ടുമുണ്ട്. ബൈതുല്‍ മുഖദ്ദസ് തകര്‍ക്കാന്‍ വന്നവരെയും കഅ്ബ തകര്‍ക്കാന്‍ വന്നവരെയും ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകര്‍ത്തവരെയും ഓര്‍ക്കുക. പക്ഷേ, ഈ അക്രമങ്ങള്‍ക്കൊക്കെ നേതൃത്വം വഹിച്ചത് പ്രവാചകന്മാരുടെ ശത്രുപക്ഷത്ത് അണിനിരന്ന മുശ്രിക്കുകളോ സയണിസ്റ്റ്വെസ്റ്റേണ്‍ ലോബികളോ തീവ്ര ഫാസിസ്റ്റുകളോ ആണ്.
ഇസ്ലാമികാടയാളങ്ങള്‍ ആക്രമിക്കുന്ന മുസ്ലിം നാമധാരികളുടെ വിചിത്രകഥകള്‍ പുതിയ കാലത്ത് കേട്ടുവരുന്നുണ്ട്. പ്രത്യക്ഷത്തില്‍ വൈരുധ്യാത്മകം എന്നു വിലയിരുത്തപ്പെടുമെങ്കിലും ഇസ്ലാം അവരുടെ പുറന്തോട് മാത്രമാണെന്ന് തിരിച്ചറിയുമ്പോള്‍ കുറേയൊക്കെ ഇതു മനസ്സിലാക്കാനാവും. ഈയിടെ കണ്ണൂര്‍ ജില്ലയിലെ പരിയാരത്തിനടുത്ത ഓണപ്പറമ്പ് എന്ന ഗ്രാമത്തില്‍ പള്ളിമദ്റസക്കും വിശ്വാസികള്‍ക്കും നേരെ നടന്ന തേര്‍വാഴ്ചയെ ഇതിലേത് ഗണത്തില്‍പ്പെടുത്തും? പള്ളി തകര്‍ത്ത കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരും ഒളിവില്‍ കഴിയുന്നവരും മുസ്ലിം നാമധാരികള്‍ മാത്രമല്ല ചില മത സംഘടനകളുടെ ഭാരവാഹികള്‍ കൂടിയാണെന്ന് അറിയുമ്പോള്‍ ഇവരെ നമ്മള്‍ അവസാനത്തേതില്‍ പെടുത്തണോ, അതോ പുതിയ ഒന്ന് നിര്‍വചിക്കേണ്ടിവരുമോ?
ഓണപ്പറമ്പില്‍ സംഭവിച്ചത്
          1983 മുതല്‍ സുന്നി യുവജന സംഘത്തിന്റെ ശാഖ പ്രവര്‍ത്തിക്കുന്ന ഗ്രാമമാണ് ഓണപ്പറമ്പ്. 89ലെ സമസ്തയുടെ പിളര്‍പ്പിനു ശേഷവും ഓണപ്പറമ്പ് നിവാസികള്‍ പരസ്പരം സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചു. മദ്റസയും പള്ളിയും പൊതുവായി എല്ലാവരും ഉപയോഗിച്ചുപോന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം ഒരു വിഭാഗം മഹല്ല് ജമാഅത്ത് പള്ളിയും മദ്റസയും ഗ്രൂപ്പുവല്‍ക്കരിക്കാനുള്ള ശ്രമം തുടങ്ങി. 1992ല്‍ എസ്വൈഎസിന്റെ മത പ്രഭാഷണ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കഴിവും ആത്മാര്‍ത്ഥതയുമുള്ള പണ്ഡിതന്മാരെ ഘട്ടം ഘട്ടമായി പിരിച്ചുവിടാന്‍ തുടങ്ങി. മദ്റസാ ക്ലാസ്മുറികളെ പണ്ഡിതന്മാരുടെ പച്ചയിറച്ചി വിളമ്പുന്ന തീന്‍മേശകളാക്കി മാറ്റി. നികാഹ് വേദികളില്‍ താജുല്‍ ഉലമയുടെ നേതൃത്വം അംഗീകരിക്കുന്ന പണ്ഡിതന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. നാട്ടുകാരായ പണ്ഡിതന്മാരെയും കഴിവുള്ള ചെറുപ്പക്കാരെയും അകറ്റിനിര്‍ത്തി. ജനറല്‍ ബോഡിയില്‍ വന്ന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും സുന്നികള്‍ക്ക് നിഷേധിക്കപ്പെട്ടു.
രണ്ടു പതിറ്റാണ്ടുകാലം സുന്നികള്‍ ത്യാഗപൂര്‍ണമായ സംയമനം പാലിച്ചു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് പ്രാദേശിക ഐക്യം രൂപപ്പെടുത്താന്‍ തീവ്രശ്രമം നടത്തി. മറുവിഭാഗം ഒരു സഹകരണത്തിനും തയ്യാറാവില്ലെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടപ്പോഴാണ് പുതിയൊരു കേന്ദ്രത്തെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് തളിപ്പറമ്പ് അല്‍മഖര്‍റുസ്സുന്നിയ്യക്കു കീഴില്‍ സലാമത്ത് എജ്യുക്കേഷന്‍ സെന്‍റര്‍ സ്ഥാപിക്കാന്‍ തീരുമാനമാകുന്നത്. ആദ്യമായി ഒരു പള്ളി നിര്‍മിച്ചു. 2009 സപ്തംബര്‍ 11ന് കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാരാണ് മസ്ജിദ് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്. അപ്പോള്‍ പള്ളിയുടെ മേല്‍ അവകാശമുന്നയിച്ച് രജിസ്റ്റര്‍ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് സമ്പൂര്‍ണമായും ഗ്രൂപ്പ്വല്‍ക്കരിക്കപ്പെട്ട മഹല്ല് ജമാഅത്ത് കമ്മിറ്റി രംഗത്തുവന്നു. എല്ലാവിധ സഹകരണത്തിനും ഞങ്ങള്‍ തയ്യാറാണെന്നും പള്ളി അല്‍മഖറിന്റെ കീഴിലായതിനാല്‍ ഞങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തു തരാനാകില്ലെന്നും സലാമത്ത് സെന്‍റര്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. പക്ഷേ, പൊതുസഹകരണത്തിന് തയ്യാറാകാതെ മഹല്ല് കമ്മറ്റി ഒഴിഞ്ഞുമാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പ്രദേശത്തെ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങളുമായി സെന്‍റര്‍ മുന്നോട്ടുപോയി. എം അബ്ദുല്‍ ലത്വീഫ് എന്ന എംഎസ്എഫ് പ്രവര്‍ത്തകന്‍ എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയപ്പോള്‍ അദ്ദേഹത്തെ ആദരിക്കാന്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരിയായിരുന്നു വിശിഷ്ടാതിഥി. അപ്പോള്‍ വിഘടിത വിഭാഗം അതേ പ്രദേശത്ത് അതേസമയം മറ്റൊരു പരിപാടി പ്രഖ്യാപിച്ചു. സലാമത് സെന്‍ററിലെ ആദരിക്കല്‍ ചടങ്ങിന് പോകുന്നവരെ വഴിതടഞ്ഞ് ഭീഷണിപ്പെടുത്തി. പരിപാടി സ്ഥലത്തേക്കുള്ള റോഡുകളില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചു. സുന്നികള്‍ കൈക്കൊണ്ട സമാധാനപരമായ നിലപാടു കാരണം ഗുരുതരമായ കാര്യങ്ങളൊന്നും നടന്നില്ല. ഈ സംഭവത്തിനു ശേഷം ഫെബ്രുവരിയില്‍ സലാമത്ത് സെന്‍റര്‍ മസ്ജിദില്‍ മൗലിദ് മജ്ലിസ് നടക്കുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ഒരുപറ്റം വിഘടിത ഗുണ്ടകള്‍ പള്ളിയുടെ അകത്തേക്ക് ഇരച്ചുകയറി അഴിഞ്ഞാട്ടം നടത്തി. പള്ളിയുടെ അകത്തളം രക്തക്കളമായി. ഒരുകൂട്ടം വിശ്വാസികളെ പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യേണ്ടിവന്നു.
സുന്നി പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. പ്രതികാര ബുദ്ധിയില്‍ നിയമം കൈയിലെടുക്കരുതെന്നു ഓര്‍മിപ്പിച്ചു. സുന്നികള്‍ നിയമനടപടിയുമായി മുന്നോട്ടുപോയി. രാഷ്ട്രീയക്കാരുമായുള്ള അവിഹിത ബന്ധത്തിന്റെ ഔദാര്യത്തില്‍ വിഘടിതര്‍ നിയമനടപടികളെ അതിജയിച്ചു. വീണ്ടും അവര്‍ പ്രകോപന ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. മദ്റസയിലെ കുട്ടികള്‍ക്കിടയില്‍ തീവ്രവിഭാഗീയത സൃഷ്ടിച്ചു. ജ്ഞാനവേദികളാവേണ്ട മദ്റസ സുന്നീ പണ്ഡിതര്‍ക്കു നേരെയുള്ള പരദൂഷണ സദസ്സായി അധഃപതിച്ചു. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് സുന്നികള്‍ മദ്റസ സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. 2010 മെയ് 10നു സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസ ആരംഭിച്ചു. കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ നൂറോളം കുട്ടികളുണ്ട്. പള്ളിയുടെ വരാന്തയിലേക്കും മുറ്റത്തേക്കും ക്ലാസുകള്‍ പടര്‍ന്നപ്പോഴാണ് ഒരു മദ്റസ കെട്ടിടത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. കര്‍മോത്സുകരായ പ്രവര്‍ത്തകരുടെ തീവ്രശ്രമത്തിനൊടുവില്‍ ആ സ്വപ്നം സാക്ഷാത്കാരമായി.
2013 ആഗസ്ത് 16ന് ഉദ്ഘാടനം തീരുമാനിച്ചു. ശൈഖുനാ കാന്തപുരം ഉസ്താദിനെ ഉദ്ഘാടനത്തിന് നിശ്ചയിച്ചു. പ്രദേശത്തെ സര്‍വ രാഷ്ട്രീയ നേതാക്കളെയും സംഘടനാ പ്രതിനിധികളെയും മഹല്ല് ഭാരവാഹികളെയും ഉസ്താദുമാരെയും പരിപാടിക്ക് ക്ഷണിച്ചു. എല്ലാം സമാധാനപരമായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് 15നു കര്‍സേവ നടക്കുന്നത്. മുന്‍ അക്രമത്തിനു നേതൃത്വം നല്‍കിയ വ്യക്തിയുടെ നേതൃത്വത്തില്‍ തന്നെ വിഘടിത ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും സലാമത്ത് സെന്‍ററിലേക്ക് ഇരച്ചുകയറി. ഉദ്ഘാടന സമ്മേളനത്തിന്റെ സ്റ്റേജും പന്തലും തകര്‍ത്തു. ഉദ്ഘാടനം ചെയ്യാനിരുന്ന മദ്റസയിലും പള്ളിയിലും അഴിഞ്ഞാടി. ജനലുകളും വാതിലുകളും ഇലക്ട്രിക് ഉപകരണങ്ങളും പൂര്‍ണമായും തകര്‍ത്തു. നിലത്ത് പാകിയ ടൈല്‍സ് കുത്തിപ്പൊളിച്ചു. സ്റ്റീല്‍ കൈവരികള്‍ തകര്‍ത്തു. കല്ലും കുപ്പിച്ചില്ലും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
യാത്രാമധ്യേ ഭാര്യയെ വാഹനത്തിലിരുത്തി നിസ്കരിക്കാന്‍ പള്ളിയില്‍ കയറിയ അഞ്ചാം പീടികയില്‍ മുഹമ്മദ് മുസ്ലിയാര്‍ (മാട്ടൂലില്‍ 22 വര്‍ഷമായി ദര്‍സ് നടത്തുന്ന, ഗ്രൂപ്പുകള്‍ക്കതീതനാണിദ്ദേഹം) എന്ന വയോധിക പണ്ഡിതന് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇടക്കുവെച്ച് നിസ്കാരം മുറിച്ച് ഓടേണ്ടിവന്നു. അദ്ദേഹത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു. അകത്തിരുന്ന ഭാര്യയെ പരിസരത്ത് പന്തല്‍പണി നടത്തുന്നവരാണ് രക്ഷിച്ച് അഭയകേന്ദ്രത്തിലെത്തിച്ചത്. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി റഷീദ് നരിക്കോടിന്റെ കാറും ബൈക്കും അക്രമികള്‍ തകര്‍ത്തു. ഏഴു സുന്നി പ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ചു. മാരകമായ പരിക്കുകളോടെ അതീവ ഗുരുതരാവസ്ഥയില്‍ അവര്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. പിഎ സകരിയ്യ, കെപി അമീറലി എന്നിവര്‍ മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലും കെ ഹാരിസ്, പിഎ അബൂബക്കര്‍ ഹാജി, ഹംസകുട്ടി, അശ്റഫ് തുടങ്ങിയവര്‍ പരിയാരം മെഡിക്കല്‍ കോളേജിലും. സംഭവ സ്ഥലത്തേക്കുള്ള വഴികള്‍ കല്ലുവെച്ച് ബ്ലോക് ചെയ്ത ശേഷമായിരുന്നു ആസൂത്രിതമായ ഈ ഭീകരാക്രമണം.

തേര്‍വാഴ്ചക്കു ശേഷം
          നിശ്ചയിച്ച പരിപാടികള്‍ ഗംഭീരമായി നടന്നു. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും രാഷ്ട്രീയേതര സംഘടനാ നേതാക്കളും സ്ഥലം സന്ദര്‍ശിച്ച് അക്രമത്തെ അപലപിച്ചു. അമ്പലക്കമ്മിറ്റിക്കാര്‍ വരെ അഗാധഖേദം രേഖപ്പെടുത്തി. ചേളാരി സമസ്തയും മഹല്ല് ജമാഅത്തുമാണ് അബ്റഹത്തിന്റെ അനുയായികളെന്ന് തെളിയിച്ച് അക്രമത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും നിയമ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പിപി മൂസാന്‍, ഫാറൂഖ്, പിപി യൂനുസ്, പിപി മുഹമ്മദ്, കെപി ഫായിസ്, എംകെ അബ്ദുല്‍ ഖാദര്‍ തുടങ്ങിയ കര്‍സേവകരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും വിഘടിത വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളാണ്.

പുലിവാല് പിടിച്ചൊരു അന്വേഷണ കമ്മീഷന്‍
          സംഭവത്തെക്കുറിച്ചന്വേഷിക്കാനും തെളിവെടുപ്പ് നടത്താനും വിഘടിത വിഭാഗം ഓണംപിള്ളി ഫൈസിയും സംഘവും ഓണപ്പറമ്പിലെത്തിയിരുന്നു. അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാതെ പരിസരത്തെ മറ്റൊരു പള്ളിയില്‍ പോയി മടങ്ങുകയാണ് ‘ചേളാരി കമ്മീഷന്‍’ ചെയ്തത്. ചേളാരിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു പത്രസമ്മേളനം വിളിച്ചു ഈ കമ്മീഷന്‍. സംഭവം കൃത്യമായറിയുന്ന നാട്ടുകാരെ ഊറിച്ചിരിപ്പിച്ച മായം ചേര്‍ക്കാത്ത ശുദ്ധ നുണകളാണ് പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞത്.
സലാമത്ത് സെന്‍റര്‍ മസ്ജിദില്‍ ജുമുഅ നിസ്കാരം നടത്തിയത് ചോദ്യം ചെയ്യാന്‍ വന്ന മഹല്ല് ജമാഅത്ത് ഭാരവാഹിയെ സുന്നികള്‍ ബന്ധനസ്ഥനാക്കിയതാണ് കുഴപ്പത്തിന് കാരണമെന്നാണ് ‘തെളിവെടുപ്പ്’ നടത്തി പ്രഖ്യാപിച്ചത്. ഓണംപിള്ളിയുടെ കല്ലുവെച്ച നുണകള്‍ ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. പ്രസ്തുത പ്രസ്താവനയുമായി ബന്ധപ്പെട്ട് ഓണംപിള്ളിയോട് പൊതുജനം ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്.
ഒന്ന്: ആഗസ്ത് 15 വ്യാഴാഴ്ചയാണ്. അന്ന് ജുമുഅ നടക്കുന്ന ദിവസമാണോ?
രണ്ട്: അതിനു മുമ്പുള്ള ആഗസ്ത് 9 വെള്ളിയാഴ്ചയാണെങ്കില്‍ പ്രകോപനമുണ്ടാക്കാന്‍ ഒരാഴ്ചക്കാലം നീണ്ടുപോയതെങ്ങനെ?
മൂന്ന്: ബന്ധനസ്ഥനാക്കപ്പെട്ട മഹല്ല് ഭാരവാഹി ആരാണ്?
നാല്: ഏതു പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്?
അഞ്ച്: ആഗസ്ത് 15ന് നടന്ന അക്രമത്തിനു മുമ്പ് സലാമത്ത് സെന്‍റര്‍ പള്ളിയുടെ ചരിത്രത്തിലെന്നെങ്കിലും ജുമുഅ നടന്നതായി തെളിയിക്കാമോ?
അക്കമിട്ടു നിരത്തിയ അഞ്ചു ചോദ്യങ്ങള്‍ക്കും അന്വേഷണ കമ്മീഷന്‍ മറുപടി നല്‍കേണ്ടതുണ്ട്. പേരിനൊപ്പം ചേര്‍ക്കുന്ന ‘അഡ്വ’ പഠിച്ചു നേടിയതാണോ അല്ലയോ എന്ന് പൊതുസമൂഹം തിരിച്ചറിയട്ടെ.
കര്‍സേവകര്‍ക്കു താക്കീത്!
ആനക്കാരെ കൊണ്ട് താങ്കളുടെ നാഥന്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് താങ്കള്‍ കണ്ടിട്ടില്ലേ, അവരുടെ കുതന്ത്രത്തെ അവന്‍ നഷ്ടത്തിലാക്കിയില്ലേ; അവരുടെ നേരെ അവന്‍ ഒരു തരം പക്ഷികളെ കൂട്ടം കൂട്ടമായി അയക്കുകയും ചെയ്തു. അവ അവരെ ചുട്ട ചൂളക്കുവെച്ച കല്ലുകള്‍ കൊണ്ട് എറിഞ്ഞുകൊന്നു. അങ്ങനെ, അവരെ അവന്‍ തിന്നപ്പെട്ട വൈക്കോല്‍ പോലെയാക്കുകയും ചെയ്തു (ഖുര്‍ആന്‍/സൂറഥുല്‍ ഫീല്‍).
ഖുര്‍ആനില്‍ നിന്നുകേട്ട ഈ പള്ളിപൊളിയന്മാരുടെ ആധുനിക അവതാരങ്ങളാണ് ഓണപ്പറമ്പില്‍ ഭ്രാന്തു കാണിച്ചത്. കഅ്ബയുടെ നാഥന്‍ ഇന്നല്ലെങ്കില്‍ നാളെ ഇവരെയും ചവച്ചുതുപ്പിയ വൈക്കോല്‍ പരുവത്തിലാക്കുക തന്നെ ചെയ്യും. ഭേദനം ചെയ്തത് അവന്റെ ഭവനമാണല്ലോ.

ജവാദ് ചൊക്ലി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ