കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി. വളരെ തിരക്കേറിയതും വാണിജ്യ പ്രാധാന്യവുമുള്ള സ്ഥലം. കവികളായ ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയും ജന്മനാട്. പോർച്ചുഗീസ് രേഖകളിൽ റെപ്പോളിം എന്നാണ് ഇടപ്പള്ളിയെ പരാമർശിക്കുന്നത്. മുസ്‌ലിംകൾക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് ഇടപ്പള്ളി. പോർച്ചുഗീസുകാർക്കെതിരെ നടത്തിയ ധീരമായ ചെറുത്തുനിൽപ്പാണ് ഇടപ്പള്ളിയിലെ മുസ്‌ലിംകളെ ചരിത്രത്തിന്റെ ഭാഗമാക്കിയത്.
സാമൂതിരിയുടെ സുവർണ കാലത്ത് നാട്ടുരാജ്യമായിരുന്ന എളങ്ങല്ലൂർ സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു ഇടപ്പള്ളി. എഡി 1503ൽ സാമൂതിരി കൊച്ചിയെ ആക്രമിച്ചപ്പോൾ ഇടപ്പള്ളി രാജാവ് സർവ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. അത്കൊച്ചിക്കു കനത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ചു. യുദ്ധം ജയിച്ച സാമൂതിരി കോഴിക്കോട്ടേക്ക് തിരിച്ചുപോയി. അവസരം മുതലെടുത്ത് കൊച്ചി രാജാവ് പോർച്ചുഗീസുകാരുടെ പിന്തുണയോടെ ഇടപ്പള്ളിയെ ആക്രമിച്ച് തിരിച്ചടിച്ചു. ഗതിമുട്ടിയ ഇടപ്പള്ളി രാജാവ് സാമൂതിരിയോട് സഹായമഭ്യർത്ഥിച്ചു.
സാമൂതിരി ചാലിയത്തുകാരായ എട്ടു മാപ്പിള പോരാളികളുടെ നേതൃത്വത്തിൽ നിരവധി മുസ്‌ലിം പടയാളികളെ ഇടപ്പള്ളിയിലേക്കയച്ചു. മാപ്പിള പോരാളികളുടെ ശക്തിപ്രകടനം പോർച്ചുഗീസുകാരെ പരിഭ്രാന്തരാക്കി. അവർ തൽക്കാലത്തേക്ക് പിന്തിരിഞ്ഞു. സന്തോഷവാനായ രാജാവ് മുസ്‌ലിം യോദ്ധാക്കൾക്ക് ഭൂമി പതിച്ചുനൽകി ഇടപ്പള്ളിയിൽ പാർപ്പിച്ചു. എട്ടു പടനായകന്മാർക്ക് രാജകുടുംബത്തിൽ നിന്നു തന്നെ വിവാഹവും ചെയ്തുകൊടുത്തു. ഇടപ്പള്ളിയിലെ മുസ്‌ലിം അധിവാസ ചരിത്രത്തിന് നാന്ദി കുറിച്ചത് ഇങ്ങനെയാണ്. ‘എട്ടു വീടന്മാർ’ എന്നാണിവർ അറിയപ്പെടുന്നത്. ഇടപ്പള്ളിയിലെ മുസ്‌ലിംകളിൽ ഭൂരിപക്ഷവും ഇവരുടെ പിന്മുറക്കാരാണ്.
പള്ളിയുടെ ചാരത്ത്
തമ്പ്രാന്റെ സ്രാമ്പ്യ
എറണാകുളം ജില്ലയിലെ പ്രസിദ്ധമായ പ്രാചീന പള്ളിയാണ് ഇടപ്പള്ളി ജുമാമസ്ജിദ്. ഏതാണ്ട് ആറു നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ നിർമാണത്തിന് നേതൃത്വം നൽകിയത് മഖ്ദൂമുമാരായിരുന്നു. തേക്കിലും ഈട്ടിയിലും തീർത്ത ഉരുപ്പടികൾ കൊത്തുപണികളാൽ സുന്ദരമാണ്. ഈയടുത്ത് പള്ളി പുതുക്കിപ്പണിതു. ഇടപ്പള്ളി രാജാവ് പതിച്ചുനൽകിയ സ്ഥലത്താണ് ഇടപ്പള്ളി ജുമുഅത്ത് പള്ളിയും വടക്കേ പള്ളിയും സ്ഥാപിച്ചത്. ഇവയുടെ നിർമാണത്തിനും രാജാവിന്റെ സാമ്പത്തിക സഹായമുണ്ടായിരുന്നു. പ്രദേശത്തെ മുസ്‌ലിം പ്രജകളുടെ പ്രശ്‌നങ്ങൾ അറിയാനും പരിഹരിക്കാനും രാജാവ് പല ദിവസങ്ങളിലും ഇടപ്പള്ളി ജുമാമസ്ജിദിൽ വന്നിരുന്നു. പെരുന്നാൾ ദിനങ്ങളിൽ നിസ്‌കാരം കാണാനും പ്രഭാഷണം കേൾക്കാനും അദ്ദേഹം പതിവായി പള്ളിയുടെ സമീപമെത്തും. വിശ്രമിക്കാനായി പള്ളിയോടു ചേർന്ന് തെക്കുകിഴക്കായി ചെറിയൊരു കെട്ടിടം പണിതിരുന്നു. തമ്പ്രാന്റെ സ്രാമ്പ്യ എന്നാണ് ഇതറിയപ്പെട്ടിരുന്നത്.
കേരളത്തിലെ അറിയപ്പെട്ട മതവിജ്ഞാന കേന്ദ്രമാണ് ഇടപ്പള്ളി ജുമാ മസ്ജിദ്. 1925ൽ ആരംഭിച്ച പള്ളിദർസിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. തൊയക്കാവ് മുഹമ്മദ് മുസ്‌ലിയാർ, കുട്ടി ഹസൻ ഹാജി, അഞ്ചരക്കണ്ടി ഹസൈനാർ മുസ്‌ലിയാർ, ഇടപ്പള്ളി ഉസ്താദ് എന്നിവർ ഇവിടെ ദർസ് നടത്തിയവരാണ്. ഇടപ്പള്ളി ഉസ്താദ് എന്നറിയപ്പെടുന്ന കെപി അബൂബക്കർ മുസ്‌ലിയാരുടെ ദർസ് വളരെ പ്രസിദ്ധം. 1934 മുതൽ 47 വർഷം തുടർച്ചയായി അദ്ദേഹം ഇവിടെ ദർസ് നടത്തി. മുദരിസ്, പണ്ഡിതൻ എന്നതിലുപരി ഇടപ്പള്ളിക്കാരുടെ അഭയ കേന്ദ്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഇവിടെ യതീംഖാന പ്രവർത്തിക്കുന്നു. പ്രസിദ്ധ ചരിത്ര പണ്ഡിതൻ ഡോ. സികെ കരീം ഇടപ്പള്ളി നിവാസിയായിരുന്നു.
ഇടപ്പള്ളി ഉസ്താദ്:
അണയാത്ത മാർഗദീപം
മലപ്പുറം ജില്ലയിലെ കൂട്ടായിയാണ്കെപി അബൂബക്കർ മുസ്‌ലിയാർ എന്ന ഇടപ്പള്ളി ഉസ്താദിന്റെ സ്വദേശം. ഖാളി കുടുംബത്തിൽപെട്ട വടക്കേ വളപ്പിൽ അബ്ദുല്ല മുസ്‌ലിയാരാണ് പിതാവ്. മാതാവ് ആമിന. എഡി 1906ൽ ജനനം. പ്രസിദ്ധ പണ്ഡിതൻ കൂട്ടായി ബാപ്പു മുസ്‌ലിയാർക്കു കീഴിൽ കൂട്ടായി പുതിയ ജുമാമസ്ജിദ്, വടകര ജുമുഅത്തു പള്ളി എന്നിവിടങ്ങളിൽ ദർസ് പഠനം. 1933ൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് രണ്ടാം റാങ്കോടുകൂടി ബാഖവി ബിരുദം നേടി. 1934ൽ ഇടപ്പള്ളി ജുമാമസ്ജിദിൽ മുദരിസായി സേവനമാരംഭിച്ചു. ഇടപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും മുസ്‌ലിംകളെ ആത്മീയധാരയിലേക്ക് തിരിച്ചുവിട്ട അത്ഭുത നിയോഗമായി അത്.
നഗരത്തിരക്കുകൾക്കിടയിലും ഏകാഗ്രതയോടെ അധ്യാപനത്തിലും ആരാധനയിലും നിരതനായ അദ്ദേഹം സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചു. ആത്മീയമായി സംസ്‌കരിച്ചു. ഇടപ്പള്ളിയുടെ ജ്ഞാന തേജസായി ജ്വലിച്ചു നിന്ന അദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. ഇകെ ഹസൻ മുസ്‌ലിയാർ, ചെമ്പിട്ടപള്ളി കെകെ അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, ചേലക്കുളം അബുൽ ബുശ്‌റ മൗലവി, പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ എന്നിവർ പ്രധാന ശിഷ്യന്മാരാണ്. തിരൂർ മുട്ടന്നൂർ അനന്താവിൽ കമ്മാലിക്കുട്ടി മുസ്‌ലിയാരുടെ മകൾ മറിയക്കുട്ടിയാണ് സഹധർമിണി. രണ്ടു മക്കളുണ്ടായിരുന്നു. പുത്രൻ അബ്ദുല്ലക്കുട്ടി ചെറുപ്പത്തിൽ മരണപ്പെട്ടു. പുത്രി സൈനബയെ പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്‌മാൻ മുസ്‌ലിയാരുടെ മകൻ അബ്ദുൽ ഖാദിർ മുസ്‌ലിയാർ വിവാഹം ചെയ്തു. ഹി. 1400 റബീഉൽ അവ്വൽ 15ന് (1980 ഫെബ്രുവരി 3) അദ്ദേഹം വഫാത്തായി. ഇടപ്പള്ളി ജുമാമസ്ജിദിനു മുമ്പിൽ അന്ത്യവിശ്രമം കൊള്ളുന്നു.
പള്ളിപ്പടി ഉപ്പാപ്പ:
പൊന്നുരുന്നിയുടെ പൊൻവെട്ടം
പൊന്നുരുന്നി ജുമാമസ്ജിദ് കൊച്ചിയിലെ ശ്രദ്ധേയമായ പൗരാണിക പള്ളികളിൽ ഒന്നാണ്. കൊച്ചി കോർപറേഷനിൽ സ്ഥിതിചെയ്യുന്ന ചെറുപട്ടണമായ പാലാരിവട്ടത്താണ് പൊന്നുരുന്നി ജുമാമസ്ജിദ്. ഇകെ ഹസൻ മുസ്‌ലിയാർ, വെളിമുക്ക് മുഹമ്മദ് കുട്ടി മുസ്‌ലിയാർ തുടങ്ങിയ പ്രഗത്ഭർ ദർസ് നടത്തിയ ഈ പള്ളിയുടെ ചാരത്തുള്ള ഉപ്പാപ്പയുടെ ദർഗ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമാണ്. പള്ളിപ്പടി ഉപ്പാപ്പ എന്ന പേരിൽ അറിയപ്പെടുന്ന അഹ്‌മദ് കുട്ടി മുസ്‌ലിയാരാണ് അവിടെ അന്തിയുറങ്ങുന്നത്.
കൊച്ചിയിലെ വെണ്ണല ചാണേപറമ്പിലാണ് അഹ്‌മദു കുട്ടി മുസ്‌ലിയാരുടെ ജനനം. പൊന്നാനിയിലായിരുന്നു ദർസ് പഠനം. അവിടെ നിന്ന് ‘മുസ്‌ലിയാർ’ ബിരുദം വാങ്ങിയ ശേഷം വെണ്ണല വടക്കനേരത്ത് പള്ളിയിൽ കുറച്ചുകാലം അധ്യാപനം നടത്തി. പിന്നീട് ഏകാന്തവാസത്തിന്റെ നാളുകളായിരുന്നു. പച്ചിലകളായിരുന്നു അദ്ദേഹത്തിന് പലപ്പോഴും ആഹാരം. ഇലാഹി പ്രേമത്തിൽ ലയിച്ച് നാടും കാടും അലഞ്ഞു. അറ്റത്തുണിയുടെ രണ്ടുമൂലകൾ കഴുത്തിലൂടെ കെട്ടിയായിരുന്നു നടത്തം. ‘അജബൻ ലിൽ മുഹിബ്ബി കൈഫ യനാമു…’ എന്ന കവിത ചൊല്ലിയായിരുന്നു നടത്തം.
എറണാകുളം മാർക്കറ്റിലുള്ള സെൻട്രൽ മസ്ജിദ്, കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളി, മുഹിയുദ്ദീൻ പള്ളി തുടങ്ങിയ പള്ളി കവാടങ്ങളിലായിരുന്നു അദ്ദേഹത്തെ മിക്കപ്പോഴും കണ്ടിരുന്നത്. പള്ളിപ്പടി ഉപ്പാപ്പ എന്ന് വിളിക്കപ്പെടാൻ അത് നിമിത്തമായി. ഇടപ്പള്ളി ഉസ്താദ്, മാടവന അബൂബക്കർ മുസ്‌ലിയാർ, കണിയാപുരം അബ്ദുറസാഖ് മുസ്‌ലിയാർ, ബീരാൻ ഔലിയ തുടങ്ങിയവർ അദ്ദേഹവുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ മാർഗദർശിയായിരുന്നു. ഉള്ളാളിൽ ദർസ് ആരംഭിക്കാൻ അദ്ദേഹം പ്രചോദിപ്പിച്ചു. ഹി. 1383 റബീഉൽ ആഖർ 28 വെള്ളിയാഴ്ചയായിരുന്നു വിയോഗം.
മുനമ്പം ജുമാമസ്ജിദ്:
വൈപ്പിൻ ദ്വീപിലെ പ്രഥമ പള്ളി
ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദീപാണ് വൈപ്പിൻ. കടൽ ജലം ഉൾവലിഞ്ഞ് രൂപപ്പെട്ട മനോഹരമായ പ്രദേശം. 26 കിലോമീറ്റർ നീളവും ശരാശരി രണ്ടര കി.മീറ്റർ വീതിയുമാണ് ദ്വീപിനുള്ളത്. കടലും കായലും ചുംബിച്ചു നിൽക്കുന്ന കാഴ്ച അതിസുന്ദരം. വടക്ക് വൈപ്പിൻ ദ്വീപ് അവസാനിക്കുന്നത് മുനമ്പം അഴിയിലാണ്. ചരിത്രത്തിൽ മുസിരിസ് എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ തുറമുഖം ഈ മുനമ്പം അഴിയായിരുന്നു. കൊച്ചിയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ് മുനമ്പം. വൈപ്പിന്റെ തെക്കേയറ്റത്ത് പുഴയോരത്ത് നിരന്നുനിൽക്കുന്ന ചീനവലകൾ, പുതുവൈപ്പിനിലെ വിളക്കുമാടം, പള്ളിപ്പുറം കോട്ട, വീരൻ പുഴ (വേമ്പനാട് കായൽ) എന്നിവ ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നു.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തായ്‌വേരിറങ്ങിയ മണ്ണാണ് വൈപ്പിൻ ദ്വീപ്. കേരളത്തിൽ ഇസ്‌ലാം വ്യാപിച്ച ആദ്യ നൂറ്റാണ്ടിൽ തന്നെ ഇവിടെയും സത്യമതം എത്തിയിട്ടുണ്ടെന്ന് അനുമാനിക്കാം. മുനമ്പത്തു നിന്ന് എട്ടു കി.മീറ്റർ അകലെയാണ് കൊടുങ്ങല്ലൂർ. ഈ അടുപ്പവും ജലഗതാഗത ബന്ധവുമാണ് ഇവിടെ ഇസ്‌ലാമിന്റെ വ്യാപനത്തിന് വഴിയൊരുക്കിയത്. എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിൽ നൂറ്റാണ്ടുകൾക്കു മുമ്പേ മുസ്‌ലിം പള്ളികൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എടവനക്കാട് മഹല്ലിൽ പുകൾപെറ്റ പള്ളി ദർസ് നടന്നിരുന്നു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് നായരമ്പലം ജുമാമസ്ജിദ്. വൈപ്പിൻ ദ്വീപിൽ ഞാറക്കൽ വരെയുള്ള മുസ്‌ലിം കുടുംബങ്ങൾ ഈ മഹല്ലിനു കീഴിലാണ്. പള്ളിദർസിന് കേളികേട്ട പ്രദേശമാണ് നായരമ്പലം. പ്രസിദ്ധനായ ക്ലാപ്പന മുഹമ്മദ് മുസ്‌ലിയാർ ഇവിടെ ദർസ് നടത്തിയവരിൽ പ്രധാനിയാണ്.
വൈപ്പിൻ കരയിൽ ആദ്യമായി ഉയർന്ന പള്ളി മുനമ്പം ജുമാമസ്ജിദാണ്. പള്ളിപ്പുറം കോട്ടയുടെ 200 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഇത് ക്രി. 767ലാണ് സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. വ്യാപാരത്തിനായി വന്ന അറബികളാണ് പള്ളി നിർമിച്ചത്. നിസ്‌കാര പള്ളിയും അതിനോടനുബന്ധിച്ചുള്ള പള്ളിക്കുളവുമായിരുന്നു ആദ്യരൂപം. പിന്നീട് വികസിപ്പിച്ച് ജുമാമസ്ജിദാക്കി. ചേരമാൻ പള്ളിയുടെ മാതൃകയിലായിരുന്നു നിർമാണമത്രെ. മുൻഭാഗം പുതുക്കി പണിതെങ്കിലും ഉൾവശം പഴമ ചോരാതെ നിലനിർത്തിയിട്ടുണ്ട്.
നെട്ടൂരിന്റെ നൂർ
കൊച്ചി നഗരവുമായി ചേർന്ന് വേമ്പനാട്ട് കായലിനിടയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമാണ് നെട്ടൂർ. മുസ്‌ലിംകൾക്ക് നിർണായക സ്വാധീനമുള്ള ഈ ഗ്രാമം മരട് മുനിസിപ്പാലിറ്റിയിലാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഇവിടത്തെ മുസ്‌ലിം അധിവാസത്തിന്. ഹി. 1207ൽ മരണപ്പെട്ട സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി പണികഴിപ്പിച്ചതാണ് നെട്ടൂരിലെ ആദ്യത്തെ ജുമുഅത്തു പള്ളി. അതിനു മുമ്പേ ഇവിടെ മുസ്‌ലിംകളും നിസ്‌കാര പള്ളികളും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സയ്യിദ് മൗലൽ ബുഖാരി പണികഴിപ്പിച്ച വടുതല കാട്ടുപുറം പള്ളിയും നെട്ടൂർ പള്ളിയും ഇഴപിരിക്കാനാകാത്ത ബന്ധമായിരുന്നു. കാട്ടുപുറം പള്ളിയുടെ ഉദ്ഘാടകനും പ്രഥമ മുദരിസുമായിരുന്ന അല്ലാമാ ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബ, മൗലൽ ബുഖാരിയുടെ ജീവചരിത്രകാരൻ കൂടിയാണ്.
നെട്ടൂരിലെ പള്ളിദർസ് പ്രശസ്തമായിരുന്നു. ബദ്ർ മൗലിദിന്റെ രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (മരണം ഹി. 1322) നെട്ടൂർ മഹല്ല് പള്ളിയിൽ ദർസ് നടത്തിയിരുന്നു. പിന്നീട് അദ്ദേഹം തന്റെ കർമരംഗം കാട്ടുപുറം പള്ളിയിലേക്കു മാറ്റി. വളപട്ടണത്തു ജനിച്ച സയ്യിദ് ഇബ്‌റാഹീം ബുഖാരി (മരണം ഹി. 1272), ശൈഖ് അമ്മുക്കാരി മുസ്‌ലിയാർ കണ്ണന്തറ എന്ന അഹമ്മദ് ബിൻ മൂസ മുസ്‌ലിയാർ (ഹി. 1349), പ്രസിദ്ധ കവിയും രചയിതാവുമായിരുന്ന ശൈഖ് മൂസൽ ബർദലി തുടങ്ങിയവർ നെട്ടൂർ പള്ളിയിൽ പഠിച്ചവരാണ്.
മഹല്ലു പള്ളിക്ക് പുറമെ മസ്ജിദുൽ ഹിമായ, മുഹബ്ബത്ത് പള്ളി, രിഫാഈ മസ്ജിദ്, അറഫ മസ്ജിദ്, തട്ടേക്കാട് മസ്ജിദ്, പട്ടവനം മസ്ജിദ് തുടങ്ങിയവയും നെട്ടൂരിൽ ഉയർന്നുനിൽക്കുന്നു. നെട്ടൂർ പൂവണിത്തുറ സ്വദേശി ഡാൻസർ കെ മാധവൻ മേനോൻ ദാനം നൽകിയ ഭൂമിയിലാണ് മസ്ജിദുൽ ഹിമായ സ്ഥാപിച്ചത്. എംഎ യൂസുഫലിയുടെ പത്‌നി അറേബ്യൻ മാതൃകയിൽ ഈ പള്ളി പുനർ നിർമിക്കുകയുണ്ടായി. മതസൗഹാർദത്തിന്റെ ദൃശ്യവിരുന്നൊരുക്കി അതിന്റെ മിനാരങ്ങൾ വാനിലുയർന്നു നിൽക്കുന്നു.
ധാരാളം ‘അഹ്‌ലുൽബൈത്ത്’ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് നെട്ടൂർ. സയ്യിദ് മൗലൽ ബുഖാരിയുടെ മൂന്നു പെൺമക്കളുടെ വീടുകൾ ഇവിടെയായിരുന്നു. ബുഖാരി, ഐദറൂസീ, സഖാഫ് തുടങ്ങി എട്ടോളം ഖബീലകൾ നെട്ടൂരിലുണ്ട്. കൊച്ചി തക്യാവിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബൂബക്കർ ബംബർ തങ്ങളുടെ പുത്രൻ സയ്യിദ് മുഹമ്മദ് അൽഐദറൂസിയുടെ മഖാം നെട്ടൂരിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമാണ്.
അലി സഖാഫി പുൽപറ്റ