വലിയ്യ്’എന്നാല്‍ സഹായി, ഉപകാരി, പ്രിയപ്പെട്ടവന്, ഭക്തന്, അടുപ്പമുള്ളവന്‍, സംരക്ഷകന്‍ എന്നെല്ലാമാണ് അര്‍ത്ഥം. വലിയ്യ് എന്നതിന്റെ ബഹുവചനമാണ് ഔലിയാഅ്. ഔലിയാക്കള്‍ എന്ന പ്രയോഗം പൂരക ബഹുവചനവും. അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നതുകൊണ്ട് അല്ലാഹു നിശ്ചയിച്ച സഹായികള്‍, സംരക്ഷകര്‍, ഉപകാരികള്‍ എന്ന അര്‍ത്ഥങ്ങളും ഉദ്ദേശിക്കാവുന്നതാണ്. ഭക്തരായ വിശ്വാസികള്‍ക്കെല്ലാം ഔലിയാഅ് എന്ന വിശേഷണം ഭാഷാപരമായി നല്‍കാമെങ്കിലും സാങ്കേതിക പ്രയോഗത്തില്‍ വിശ്വാസത്തിലും ആരാധനയിലും കൂടുതല്‍ മുന്നേറി ഇലാഹീ സാമീപ്യം കൈവരിച്ചവരാണ് ഔലിയാക്കള്‍.
വലിയ്യ് എന്ന പദത്തെ വിശകലനം ചെയ്തുകൊണ്ട് ഇമാം റാസി(റ) എഴുതുന്നത് കാണുക: വാവ്, ലാമ്, യാഅ് എന്നീ അക്ഷരങ്ങളുടെ സംയുക്ത പദം (വലിയ്യ്) സാമീപ്യം എന്നര്‍ത്ഥം കുറിക്കുന്നുണ്ട്. അപ്പോള്‍ ഏതൊരു വസ്തുവിന്റെയും വലിയ്യ് അതിന്റെ സാമീപ്യം ലഭിച്ചവനായിരിക്കും. സ്ഥലം, ഭാഗം എന്നിവ കൊണ്ട് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുന്നത് അസംഭവ്യമാണ്. പ്രത്യുത, അവനോടുള്ള സാമീപ്യം ലഭിക്കുന്നത് ഇലാഹീ ജ്ഞാനത്തിന്റെ പ്രകാശത്തില്‍ ഹൃദയം ലയിക്കുമ്പോഴാണ്. അപ്പോള്‍ അദ്ദേഹം വല്ലതും കാണുന്നുവെങ്കില്‍ അത് ഇലാഹീ ശക്തിയുടെ ദൃഷ്ടാന്തങ്ങളായിരിക്കും. കേള്‍ക്കുന്നതെല്ലാം ദിവ്യ സൂക്തങ്ങളും സംസാരിക്കുന്നവ ദിവ്യ പ്രശംസകളുമായിരിക്കും. അദ്ദേഹത്തിന്റെ ചലനം ഇലാഹീ ദാസ്യത്തിലും അദ്ധ്വാനം ദിവ്യാനുസരണത്തിലുമാകും. അങ്ങനെ ഇലാഹീ സാമീപ്യത്തിന്റെ പാരമ്യത്തെ പ്രാപിക്കുന്നവരാണ് അല്ലാഹുവിന്റെ വലിയ്യ്’(റാസി 17/132).
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇസ്മാഈലുല്‍ ഹിഖ്ഖി(റ) രേഖപ്പെടുത്തുന്നു: അല്ലാഹുവുമായി ആത്മസാമീപ്യം കരഗതമാക്കിയ വിശിഷ്ടരായ സത്യവിശ്വാസികളാണ് ഔലിയാക്കള്‍. ആരാധന കൊണ്ടും ദൈവിക ജ്ഞാനത്തില്‍ മുഴുകിയും അവര്‍ അല്ലാഹുവിനോട് അടുപ്പം കാണിക്കുന്നവരാണ്’(റൂഹുല്‍ ബയാന്‍ 4/58). അങ്ങനെ പ്രവാചക സ്നേഹത്തിന്റെയും അനുധാവനത്തിന്റെയും സാധ്യമായ തലങ്ങളിലെല്ലാം അവരെത്തുന്നു. അതിനായി നിരന്തരം ശ്രമിക്കുന്നു.
സത്യവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് സദാ ആരാധനാ നിരതരും ഇലാഹീ ജ്ഞാനത്തില്‍ വിലയം പ്രാപിച്ചവരുമായ പ്രത്യേക വിഭാഗമാണ് ഔലിയാക്കളെന്ന ഇത്തരം പണ്ഡിതോദ്ധരണികള്‍,‘ഔലിയാക്കളെ നാരായണ വിശ്വാസികളാക്കുന്ന നവീനവാദികളുടെ വികലവാദത്തിന്റെ മുനയൊടിക്കുന്നതോടൊപ്പം ഔലിയാക്കള്‍ എന്നൊരു പ്രത്യേക വിഭാഗം തന്നെയില്ലെന്നും എല്ലാ സത്യ വിശ്വാസികളും ഔലിയാക്കളാണെന്നു’മുള്ള അവരുടെ സിദ്ധാന്തത്തിന്റെ നടുവൊടിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ, പരിഷ്കരണ വാദികള്‍ക്കു പോലും സുസമ്മതരായ ആലൂസി തന്റെ റൂഹുല്‍ മആനിയിലും ശൗകാനി ഫത്ഹുല്‍ ഖദീറിലും ഈ വസ്തുത തുറന്നടിക്കുന്നുണ്ടെന്നതും അവര്‍ക്കു തിരിച്ചടിയാണ്.
അവര്‍ വിശദീകരിക്കുന്നതിങ്ങനെ: യാതൊരു ദോഷവും കലരാതെ, നിരന്തരം അല്ലാഹുവിനുള്ള ആരാധനയും അനുസരണവും നിലനിര്‍ത്തുന്ന വിഭാഗമാണ് വലിയ്യ് (റൂഹുല്‍ മആനി11/148). വലിയ്യ് എന്നതിന്റെ ഭാഷാര്‍ത്ഥം അടുത്തവന് എന്നാണ്. അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത് വിശ്വാസികളില്‍ നിന്നും പവിത്രരായ ഒരു വിഭാഗമാണ്. പൂര്ണാനുസരണം, പാപ വര്‍ജനം എന്നിവ മൂലമാണ് അവര്‍ അല്ലാഹുവിനോട് അടുത്തവരാകുന്നത് (ഫത്ഹുല്‍ ഖദീര്‍ 2/662).
ഇതോടെ ‘സത്യ വിശ്വാസികളില്‍ ചിലര്‍ അല്ലാഹുവിന്റെ ഔലിയാഅ് ആണെന്നും മറ്റുചിലര്‍ അല്ലാഹുവിന്റെ ഔലിയാഅ് അല്ലെന്നുമുള്ള വിവേചനത്തിന് യാതൊരു പഴുതുമില്ലെന്നുള്ള ബിദഈ ജല്പ്പനങ്ങളുടെ ചിറകൊടിയുന്നു. അല്ലാഹുവിനെ അറിയാന്‍ സാധിക്കുന്നത്ര അറിയുകയും ആരാധനയില്‍ സ്ഥിരോത്സാഹം കാണിക്കുകയും ദോഷങ്ങളില്‍ നിന്നു പൂര്‍ണമായി മുക്തരാകുകയും ചെയ്യുന്ന വിശുദ്ധരാണ് അല്ലാഹുവിന്റെ ഔലിയാക്കളെന്ന് ചുരുക്കം.
മുത്തഖീങ്ങള്‍ മാത്രമാണ് അല്ലാഹുവിന്റെ വലിയ്യുകള്‍ എന്ന ഖുര്‍ആന്‍ സൂക്തം വിമര്‍ശകര്‍ ദുരുപയോഗം ചെയ്യാറുണ്ട്. തഖ്വയുടെ ഉയര്‍ന്ന സ്ഥാനം ലഭിച്ചവരെക്കുറിച്ചാണ് അതെന്ന് പണ്ഡിതര്‍ വ്യാഖ്യാനിച്ചിട്ടുള്ളതാണ്. അഥവാ മുകളില്‍ പറഞ്ഞ വിധം ഭക്തിപൂര്ണത നേടിയവര്‍.
അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് നല്‍കുന്നത് പോലെ ഔലിയാക്കള്‍ക്ക് അല്ലാഹു നല്‍കുന്നതാണ് കറാമത്ത്. കറാമത്ത് ഔലിയാക്കളുടെ ഇഷ്ടാനുസാരവും അല്ലാതെയും ഉണ്ടാകാം. അതവരുടെ അറിവോടെയും അല്ലാതെയും ആകാം. അതിനു ജീവിതകാലമെന്നോ മരണശേഷമെന്നോ വേര്‍തിരിവ് നിര്‍ബന്ധവുമല്ല. ചിലപ്പോള്‍ തീരെ ഉണ്ടാകാതിരിക്കുകയുമാകാം. അതേസമയം കറാമത്തില്ലാ യെന്നത് ഒരു വലിയ്യിന്റെയും സ്ഥാനം കുറക്കുകയില്ല.എന്നു മാത്രമല്ല അദ്ദേഹം ചിലപ്പോള്‍ കറാമത്ത് പ്രകടിപ്പിക്കുന്നവരേക്കാള്‍ ഉന്നതരാകാനുമിടയുണ്ട്. കാരണം വിശ്വാസ ദാര്‍ഢ്യം (യഖീന്‍) കൊണ്ടാണ് ശ്രേഷ്ഠത കൈവരിക്കുന്നത്, കറാമത്തിന്റെ പ്രകടനം കൊണ്ടല്ല (രിസാലത്തുല്‍ ഖുശൈരി, പേജ് 187 നോക്കുക).
ഔലിയാക്കളുടെ കറാമത്തു വിശദീകരണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇസ്ലാമിക പ്രമാണങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നത് കാണുക: സുലൈമാന്‍ നബി(അ) ചോദിച്ചു: ഓ പ്രധാനികളേ, നിങ്ങളില്‍ ആരാണ് അവര്‍ മുസ്ലിംകളായി എത്തുന്നതിന് മുമ്പ് അവരുടെ സിംഹാസനം എനിക്കു കൊണ്ടു വന്നു തരിക?’അപ്പോള്‍ ജിന്നുകളില്‍ പെട്ട ഒരു മല്ലന് പറഞ്ഞു. അങ്ങ് ആ സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഞാന്‍ കൊണ്ട് വന്നുതരാം. ഞാന്‍ അതിന് ശക്തനും വിശ്വസ്തനും തന്നെയാണ്, തീര്‍ച്ച. കിതാബില്‍ നിന്നും വിജ്ഞാനമുള്ള ഒരാള്‍ പറഞ്ഞു. അങ്ങ് കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഞാനത് കൊണ്ട് വന്നു തരാം (ഉടനെയത് അവിടെയെത്തി). തന്റെയടുക്കല്‍ സിംഹാസനം നിലകൊള്ളുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് എന്റെ നാഥന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ് (ഖുര്‍ആന്‍ 27/3840).
ഈ സംഭവത്തില്‍ കറാമത്ത് വെളിവായത് സുലൈമാന്‍ നബി(അ)ന്റെ മന്ത്രിയായ ആസഫ് ബ്നു ബര്‍ഖിയാ(റ) എന്ന വലിയ്യിന്റെ ഇഷ്ടാനുസാരമാണെന്നത് വളരെ വ്യക്തമാണ.് വ്യേയായ ഒരു സ്ത്രീ, തനിക്ക് ആട്ടിടയനുമായുണ്ടായ ലൈംഗിക ബന്ധത്തില്‍ ജനിച്ച കുഞ്ഞ് ബനൂഇസ്റാഈലിലെ ജുറൈജ്(റ)ന്റെതാണെന്ന് പറഞ്ഞ് ജനമധ്യത്തില്‍ അദ്ദേഹത്തെ അപമാനിച്ചപ്പോള്‍ ജുറൈജ്(റ) ആ കുഞ്ഞിനെ കൊണ്ട് തന്നെ തന്റെ പിതാവ് ഒരു ആട്ടിടയനാണെന്ന് പറയിപ്പിച്ചുവെന്ന ഹദീസ് (സ്വഹീഹുല്‍ ബുഖാരി/2350, സ്വഹീഹ് മുസ്ലിം/6672) വിവരിച്ച് കൊണ്ട് ഇമാം ഇബ്നുഹജരില് അസ്ഖലാനി(റ)യും ഇമാം നവവി(റ)വും രേഖപ്പെടുത്തി: ഈ ഹദീസ് ഔലിയാക്കളില്‍ നിന്ന് അവരുടെ ഇഷ്ടവും ആവശ്യവുമനുസരിച്ച് കറാമത്തുകള്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കുന്നു (ശര്‍ഹു മുസ്ലിം, ഫത്ഹുല്‍ ബാരി). വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച ആസഫ്(റ)ന്റെ കറാമത്തും തിരുഹദീസില്‍ പ്രസ്താവിച്ച ജുറൈജ്(റ)ന്റെ കറാമത്തും നവ ബിദഈ വിശ്വാസങ്ങളുടെ കടപുഴക്കുന്നുണ്ട്. കാരണം കറാമത്തുകളുള്ളതാണെങ്കിലും അവ പ്രകടിപ്പിക്കുന്നതില്‍ ഔലിയാക്കള്‍ക്ക് ഇച്ഛാ സ്വാതന്ത്ര്യം ഇല്ലെന്നാണല്ലോ അവരുടെ നിരര്‍ത്ഥക വാദം.
ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക. ബനൂ ലിഹ്യാന്‍ വിഭാഗം ആസ്വിം(റ)നെ വധിച്ച വിവരം അറിഞ്ഞപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ഒരു കഷ്ണം മുറിച്ച് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ആളുകളെയയച്ചു. ബദ്ര് യുദ്ധ ദിവസത്തില്‍ ആസ്വിം(റ) ഒരു ഖുറൈശി പ്രമുഖനെ വധിച്ചിരുന്നു. അപ്പോള്‍ അല്ലാഹു മേഘങ്ങള്‍ക്കു സമാനം കടന്നല്‍ക്കൂട്ടത്തെ അയച്ച് ആസ്വിം (റ)ന് സുരക്ഷ നല്കി. അവര്‍ക്ക് അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല (ബുഖാരി/4082). ഈ ഹദീസ് മഹത്തുക്കള്‍ മരണപ്പെട്ടാലും അവര്‍ക്ക് അല്ലാഹു ആദരവ് (കറാമത്ത്) നല്കി സഹായിക്കുമെന്ന യാഥാര്‍ത്ഥ്യത്തെ ശരിവെക്കുന്നു.
ഔലിയാക്കള്‍ എക്കാലത്തും സമൂഹത്തിന്റെ അഭയ കേന്ദ്രങ്ങളാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ അവരുടെ മഖ്ബറകളിലെത്തി സങ്കടഹര്‍ജി ബോധിപ്പിച്ചു പരിഹാരം തേടുന്നവരാണ് ലോക മുസ്ലിംകള്. ഇത്തരം സന്ദര്‍ശനവും അതിന് വേണ്ടിയുള്ള യാത്രയും പുണ്യ കര്‍മങ്ങള്‍ തന്നെയാണ്. നബി (സ്വ) ആഇശ(റ)യുടെ യടുത്ത് താമസിക്കുന്ന രാത്രകളില്‍ മദീനയിലെ മഖ്ബറയായ ബഖീഇലേക്ക് വന്ന് സലാം പറഞ്ഞ ശേഷം അവര്‍ക്ക് വേണ്ടി ദുആ ചെയ്യാറുണ്ടെന്ന ഹദീസ് ഇമാം മുസ്ലിം(റ) (സ്വഹീഹ് മുസ്ലിം/2039). ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ നബി(സ്വ) ശുഹദാക്കളുടെ ഖബര്‍ സന്ദര്ശിക്കാറുണ്ടായിരുന്നുവെന്ന ഹദീസ് അബ്ദു റസ്സാഖ്(റ) (മുസ്വന്നഫ് 3/574) രേഖപ്പെടുത്തിയിട്ടുണ്ട്. ഉമര്‍(റ)ന്റെ ഭരണകാലത്ത് നബി(സ്വ)യുടെ ഖബറിന് സമീപം വന്ന് ബിലാലു ബ്നുല്‍ ഹാരിസ്(റ) മഴയാവശ്യപ്പെട്ടത്’ഇബ്നു അബീശൈബ(റ) (മുസ്വന്നഫ് 1232) മഹാനായ ഉത്ബതു ബ്നു ആമിര്‍(റ) ഏഴു ദിവസത്തെ വഴിദൂരം യാത്രയുള്ള ശാംമദീനാ റൂട്ട് ചുരുക്കിക്കിട്ടാന്‍ വേണ്ടി നബി(സ്വ)യുടെ ഖബറിനരികെ വന്ന് ദുആ ചെയ്തതും തത്ഫലമായി രണ്ടര ദിവസം കൊണ്ട് ശാമില്‍ തിരിച്ചെത്തിയതും’ഇമാം നവവി(റ) (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത:്1/336) ഉദ്ധരിച്ചിട്ടുണ്ട്. ഖബര്‍ സിയാറത്ത് സുന്നത്താക്കിയത് മരണത്തെയും പാരത്രിക ജീവിതത്തെയും ഓര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന വാദം ശരിയല്ലെന്നും മരണപ്പട്ടവരോട് സലാം പറയലും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കലും മഹാത്മാക്കളാണെങ്കില് സഹായം ലഭിക്കലും ബറകത്തെടുക്കലുമെല്ലാം സിയാറത്തിന്റെ ലക്ഷ്യങ്ങളാണെന്നും ഇവയില്‍ നിന്നെല്ലാം സുതരാം വ്യക്തമാണ്.
മഖ്ബറകള്‍ സന്ദര്‍ശിക്കുന്നത് സുന്നത്താണെങ്കിലും അതിന് വേണ്ടി യാത്ര ചെയ്യല്‍ നിഷിദ്ധമാണെന്ന് പറയുന്ന വിവരദോഷികളും ബിദ്അത്ത് കൂട്ടത്തിലുണ്ട്. ശുദ്ധ വങ്കത്തമാണിത്. ശുഹദാക്കളുടെ ഖബര്‍ സിയാറത്തിനു വേണ്ടി നബി(സ്വ)യുടെ നേതൃത്വത്തില്‍ സ്വഹാബികള്‍ യാത്ര നടത്തിയതും വാഖിം എന്ന കോട്ടയുടെ പരിസരത്തും മറ്റുമുള്ള ഖബറുകള്‍ക്ക് സമീപം അവര്‍ എത്തിച്ചേര്ന്നുവെന്നതുമായ’ ഹദീസ് ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട് (സുനനു അബീദാവൂദ്/1747). മാത്രമല്ല, നബി(സ്വ) പറയുന്നത് കാണുക:‘എന്നെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ച് ആരെങ്കിലും എന്റെയടുത്ത് വന്നാല്‍ അവനു ഞാന്‍ ശിപാര്ശകനാവുകയെന്നത് അല്ലാഹുവിങ്കല്‍ നിന്നും അവനുള്ള അവകാശമാണ്’(ത്വബ്റാനി).
സിയാറത്ത് മാത്രം ലക്ഷ്യം വെച്ചു കൊണ്ട് റൗളയിലേക്ക് നടത്തുന്ന യാത്രയെ പോലും നബി(സ്വ) പ്രോത്സാഹിപ്പിക്കുകയാണിവിടെയെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഔലിയാക്കളുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നതും അതിനു വേണ്ടി യാത്ര നടത്തുന്നതും പുണ്യകര്‍മം തന്നെയാണെന്നും പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട് (ഫതാവല്‍കുബ്റ 2/24 കാണുക). അതുകൊണ്ടു തന്നെയാണ് പൂര്‍വകാലം മുതല്‍ തന്നെ സിയാറത്തിന് വേണ്ടി മുസ്ലിംകള് യാത്ര ചെയ്തു വരുന്നത്. ബിലാല്‍(റ) നബി(സ്വ)യുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ വേണ്ടി സിറിയയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ യാത്ര പണ്ഡിതന്മാര് ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സഖാം/44). ഖബര്‍ സിയാറത്തിന് വേണ്ടിയുള്ള യാത്ര നിഷിദ്ധമാണെന്ന പുത്തന്‍വാദത്തിന് ഇസ്ലാമിക പ്രമാണങ്ങളുടെയോ പൂര്‍വിക ചര്യയുടെയോ പിന്‍ബലമില്ലെന്ന് ഇതില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാവുന്നതാണ്.
ഔലിയാക്കളെയും അവരുടെ മഖ്ബറയെയും സംബന്ധിച്ചുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊണ്ട്, പൂര്‍ണമായും ഇസ്ലാമിക പ്രമാണങ്ങളുടെ പക്ഷം ചേര്‍ന്നു ജീവിച്ചിട്ടും സത്യ വിശ്വാസികള്‍ക്ക് ശിര്‍ക്ക് വിധിക്കുന്നവരുടെ കാര്യം പരിതാപകരമാണ്. മറ്റെല്ലാ വിഷയത്തിലേതുമെന്നപോലെ, ഔലിയാക്കളെയും അവരുടെ കറാമത്തുകളെയും സംബന്ധിച്ച വിശ്വാസങ്ങളിലും ബിദ്അത്തിന് ഇസ്ലാമുമായി പൊരുത്തപ്പെടാന്‍ കഴിയില്ലല്ലോ.
സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍