അമ്പത്തൊമ്പത്: ശൈഖ് അബ്ദുറഹ്മാനുസ്വുഫൂരി (മരണം ഹി. 894). തന്റെ ‘നുസ്ഹതുല്‍ മജാലിസി’ല്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ ധാരാളം കാണാം. ‘ബി ജാഹിന്നബിയ്യില്‍ കരീം’ എന്നു പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം ‘അങ്ങയുടെ മുന്നിലല്ലാതെ മറ്റെവിടെയും പോകാനില്ലെന്ന് നബി(സ്വ)യോട് കേഴുന്നു.
അറുപത്: അല്‍ഹാഫിള് അസ്സഖാവി (ഹി. 902). പില്‍ക്കാലക്കാരില്‍ പ്രധാനിയായ മുഹദ്ദിസും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് സഖാവി(റ). ഹാഫിള് അസ്ഖലാനിയുടെ പ്രധാന ശിഷ്യന്മാരിലൊരാള്‍. ഹാഫിളുല്‍ ഇറാഖിയുടെ ഹദീസ് നിദാന ശാസ്ത്രമായ അല്‍ഫിയ്യക്ക് സഖാവിയെഴുതിയ വ്യാഖ്യാനം അവസാനിക്കുന്നത്, സയ്യിദുനാ, വസീലതുനാ, സനദുനാ (ആലംബം), ദുഖ്റുനാ ഫിശ്ശദാഇദി (പ്രയാസ ഘട്ടങ്ങളിലെയും ആപത്ഘട്ടങ്ങളിലെയും സഹായ കേന്ദ്രം) എന്നെല്ലാം നബി(സ്വ)യെ വര്‍ണിച്ചുകൊണ്ടാണ്.
തിരുദൂതര്‍ക്കുമേല്‍ സ്വലാത്ത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സഖാവിയുടെ ‘അല്‍ ഖൗലുല്‍ ബദീഅ്’ പേരുപോലെ മനോഹരമാണ്. ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഭക്തി പുലര്‍ത്തുക, അവനിലേക്ക് വസ്വീല തേടുക, അവന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുക; നിങ്ങള്‍ വിജയികളായിത്തീരാന്‍’ എന്ന് വിശുദ്ധഖുര്‍ആന്‍ 05/35 നിര്‍ദേശിക്കുന്നു. ഇവിടെ പരാമര്‍ശിച്ച വസ്വീല തിരുദൂതരെ തവസ്സുല്‍ ചെയ്യലാണെന്ന് ഇമാം സഖാവി പറഞ്ഞു. ഖുര്‍ആന്‍ 4/64ന്റെ ബലത്തില്‍ തിരുദൂതരോടു ശഫാഅത്ത് തേടുന്ന വിവിധ സംഭവങ്ങള്‍ സഖാവി പകര്‍ത്തുന്നുണ്ട്.
ചരിത്രത്തില്‍ ഇസ്തിഗാസ ചെയ്ത ഒട്ടേറെ മഹത്തുക്കളുടെ കവിതകള്‍ തന്റെ അള്ളൗഉല്ലാമിഇല്‍ യഥേഷ്ടം ഉദ്ധരിച്ചിട്ടുണ്ട്. വിശുദ്ധ മദീനയെക്കുറിച്ചെഴുതിയ അത്തുഹ്ഫതുല്ലത്വീഫയില്‍ ജമാലുദ്ദീനുസ്സിന്ദി ഇസ്തിഗാസ ചെയ്ത സംഭവം പറയുന്നു: ‘അദ്ദേഹം മദീനതുന്നബവിയിലെത്തി. നബി(സ്വ)ക്കു സലാം പറഞ്ഞു. ഇസ്തിഗാസ ചെയ്തു; ശഫാഅത്തു തേടി. നില്‍ക്കാന്‍ ഭാവിച്ചു. ഇപ്പോള്‍ നില്‍ക്കാന്‍ കഴിയുന്നുണ്ട് (തളര്‍ന്നു പോയപ്പോഴാണല്ലോ ഇസ്തിഗാസ ചെയ്തത്). അദ്ദേഹം പിന്നീട് പുറത്തുപോയി. പിന്നീടൊരിക്കലും ആ വേദനയുണ്ടായിട്ടില്ല.’
കണ്ണില്‍ വൃണം വന്നു വല്ലാത പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന ഘട്ടത്തില്‍ തിരുസന്നിധിയിലെത്തി പരാതിപ്പെട്ട സര്‍ദാഹിന്റെ കണ്ണുകള്‍ പൂര്‍വാധികം കാഴ്ചശക്തിയോടെ സുഖപ്പെട്ട സംഭവം ഇമാം അനുസ്മരിക്കുന്നുമുണ്ട്.
അറുപത്തൊന്ന്: അല്ലാമാ ശംസുദ്ദീനുസ്സഅ്ദി (ഹി. 903). ഖാദിരി ത്വരീഖത്തുകാരനായ സഅ്ദിയുടെ കവിതകള്‍ ഇമാം സുയൂഥി(റ) ഹുസ്നുല്‍ മുളാഹറയില്‍ പകര്‍ത്തുന്നുണ്ട്.
അറുപത്തിരണ്ട്: ഖാസി ജമാലുദ്ദീന്‍ അബ്ദുല്ലാഹിബ്നു അബ്ദുസ്സലാം അന്നാശിരി (ഹി. 906). ഇമാം സുബ്കിക്കുശേഷം ഇസ്തിഗാസയെ ആധികാരികമായി ചര്‍ച്ച ചെയ്തു സമര്‍ത്ഥിക്കുന്നു നാശിരി. തന്റെ ‘മൂജിബു ദാരിസ്സലാം’ വിഷയം പ്രാമാണികമായി വിശകലനം ചെയ്തു. നബി(സ്വ)യോടും മറ്റു പ്രവാചകന്മാരോടും സജ്ജനങ്ങളോടും ഇസ്തിഗാസ ചെയ്യുന്ന ഒരു മുസ്ലിമും മധ്യവര്‍ത്തികളാക്കുകയെന്നല്ലാതെ മറ്റൊരു ധാരണയും വെച്ചുപുലര്‍ത്തുന്നില്ല (ഇവര്‍ സ്വയം സഹായിക്കാന്‍ ശേഷിയുള്ളവരാണെന്നോ മറ്റോ). അതിനാല്‍ ആരെയും ഇതില്‍നിന്നും തടയേണ്ടതില്ല എന്നാണ് നാശിരി സമര്‍ത്ഥിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാത്തവന്‍ സ്വയം നിലവിളിക്കട്ടെഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഗ്രന്ഥത്തില്‍, ഇസ്തിഗാസ ചെയ്തു ഫലം നേടിയ ഒട്ടേറെ അനുഭവങ്ങള്‍ അനുകഥനം ചെയ്യുന്നുമുണ്ട്.
അറുപത്തിമൂന്ന്: അല്‍ഹാഫിള് ജലാലുദ്ദീനുസ്സുയൂഥി (ഹി.911). ഇസ്ലാമിക ചരിത്രത്തില്‍ മഹാദ്ഭുതമെന്ന് വിശേഷിപ്പിക്കപ്പെട്ട പണ്ഡിതന്മാരിലൊരാളാണ് പത്താം നൂറ്റാണ്ടിന്റെ മുജദ്ദിദായ ഇമാം സുയൂഥി(റ). ആയിരത്തോളം കൃതികളുടെ കര്‍ത്താവ്. ഖുര്‍ആന്‍ വ്യാഖ്യാനമായി മാത്രം പത്തോളം ബൃഹദ്ഗ്രന്ഥങ്ങളുണ്ട്. ഹദീസിലും ഫിഖ്ഹിലും ചരിത്രത്തിലും അവഗാഹം നേടി. അതുകൊണ്ടുതന്നെ ഇമാം സുയൂഥി(റ)യെ സ്വപക്ഷത്തു നിര്‍ത്താന്‍ വികലാശയക്കാരഖിലവും ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ കൃതികളില്‍, ഓറിയന്റലിസ്റ്റുകള്‍ക്കു ശേഷം ബിദ്അത്തുകാര്‍ ഏറെ കൃത്രിമം കാണിച്ചു. ‘മജ്മഉല്‍ ബഹ്റൈന്‍ മത്ലഉല്‍ ബദ്റൈന്‍’ എന്ന നാല്‍പതു വാല്യങ്ങളുള്ള അതിബൃഹത്തായ തഫ്സീര്‍ ഗ്രന്ഥത്തിന്റെ ആമുഖമായെഴുതിയ അല്‍ ഇത്ഖാനില്‍ ഗ്രന്ഥപൂര്‍ത്തീകരണം സാധ്യമാകാന്‍ പ്രാര്‍ത്ഥിക്കുന്നത്, ‘ബി മുഹമ്മദിന്‍ വ ആലിഹി’ എന്നു തവസ്സുല്‍ ചെയ്താണ്.
റോമില്‍ ഖബ്റടക്കം ചെയ്യപ്പെട്ട അബൂഅയ്യൂബില്‍ അന്‍സ്വാരിയുടെ ഖബ്റിങ്കല്‍ മഴതേടി പ്രാര്‍ത്ഥിക്കുന്ന സംഗതി സുയൂഥി ഇമാം എഴുതിവെച്ചു. മുന്‍കഴിഞ്ഞ ഇമാമുകളുടെ തവസ്സുല്‍, ഇസ്തിഗാസ അനുഭവങ്ങള്‍ തന്റെ വിവിധ ഗ്രന്ഥങ്ങളില്‍ പകര്‍ത്തിയ ഇമാം സുയൂഥിയെ മുമ്പ് പലതവണ അനുസ്മരിച്ചിട്ടുണ്ട്. തിരുസവിധത്തില്‍ ചെന്ന് പരിഭവപ്പെട്ട ഹാശിമി കുടുംബത്തിലെ ഒരു സ്ത്രീക്ക് നബി(സ്വ)യുടെ സഹായം ലഭിക്കുന്ന കഥ തന്റെ അല്‍ഹാവിയില്‍ കാണാം. പ്രവാചകന്മാരുടെ മരണാനന്തര ലോകത്തെക്കുറിച്ച് ഗംഭീരമായ ഗ്രന്ഥമെഴുതിയ ഇമാം, തന്റെ വിവിധ ഗ്രന്ഥങ്ങളില്‍ ഇസ്തിഗാസ സമര്‍ത്ഥിക്കുന്നു. ഖുര്‍ആന്‍ 4/64 വ്യാഖ്യാനിച്ചുകൊണ്ട് അലി(റ)യില്‍ നിന്നും ഉദ്ധരിക്കാറുള്ള സംഭവം അനുബന്ധമായി ചേര്‍ത്തതു കാണാം, തന്റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥം അദ്ദുര്‍റുല്‍ മന്‍സൂറില്‍. സുയൂഥിയുടെ സുന്നത്ത് സ്വീകരിക്കുക, ബിദ്അത്ത് വര്‍ജിക്കുക എന്ന കൃതിയുടെ പുതിയ പതിപ്പുകളില്‍ ഇബ്നു തൈമിയ്യയുടെ ഗ്രന്ഥങ്ങളിലെ വരികള്‍ കൃത്രിമമായി തിരുകിക്കയറ്റി, ഇമാമിനെ ഇസ്തിഗാസാ വിരോധിയാക്കാനുള്ള ശ്രമം പണ്ഡിതലോകം പിടികൂടിയിരുന്നു.
അറുപത്തിനാല്: അല്‍ഹാഫിള് നൂറുദ്ദീനുസ്സുഊദി (ഹി. 911). ഒട്ടേറെ ഗ്രന്ഥങ്ങളെഴുതിയ ഫഖീഹും മുഹദ്ദിസും. മദീനയുടെ ചരിത്രത്തിന്റെ ദീര്‍ഘവും സംക്ഷിപ്തവുമായ അഞ്ചു ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇസ്തിഗാസയെ പ്രാമാണികമായി സമര്‍ത്ഥിക്കുന്ന അദ്ദഹം ഖുര്‍ആന്‍ 4/64 വ്യാഖ്യാനിച്ചുകൊണ്ടെഴുതി: ‘താങ്കളെ സമീപിക്കുകയെന്ന സൂക്തത്തിലെ പരാമര്‍ശത്തിന്റെ താല്‍പര്യം നബി(സ്വ)യെ സിയാറത്തു ചെയ്യുകയും നബിയില്‍ നിന്നും ശഫാഅത്തു തേടുകയും നബി(സ്വ)യെ തവസ്സുലാക്കുകയും ചെയ്യുക എന്നു തന്നെയാണ്’ (വഫാഉല്‍ വഫാ). തവസ്സുലും ശഫാഅത്ത് തേടലും പൂര്‍വപ്രവാചകന്മാരുടെയും മുഴുവന്‍ സജ്ജനങ്ങളുടെയും ചര്യയാണെന്ന ഇമാം സുബ്കി(റ)യുടെ വാക്കുകളെ പിന്തുണക്കുന്നു ഹാഫ്ള് സുഹൂദി.
അറുപത്തഞ്ച്: അല്‍ഹാഫിള് ശിഹാബുദ്ദീന്‍ അഹ്മദ് അല്‍ഖസ്തല്ലാനി (ഹി. 923). പ്രസിദ്ധനായ ഹദീസ് പണ്ഡിതന്‍. ഹദീസ് മേഖലയില്‍ കനപ്പെട്ട ഗ്രന്ഥങ്ങളെഴുതി. സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനം ഇര്‍ശാദുസ്സാരി, പത്തു വലിയ വാല്യങ്ങളുള്ളതാണ്. ബുഖാരി വ്യാഖ്യാനങ്ങളുടെ ഏറ്റവും നല്ല സംഗ്രഹമാണിത്. ഫത്ഹുല്‍ ബാരിയേക്കാള്‍ നന്ന് എന്ന് അഭിപ്രായമുള്ളവര്‍ ധാരാളം. അല്‍മവാഹിബുല്‍ ജലിയ്യ വളരെ പ്രസിദ്ധം. സ്വഹീഹ് മുസ്ലിമിനെഴുതിയ വ്യാഖ്യാനം ‘മിന്‍ഹാജുല്‍ ഇബ്തിഹാജ്’ എട്ടു വാള്യങ്ങളാണ്. തിര്‍മുദിയുടെ ‘ശമാഇല്‍’ വ്യാഖ്യാനിച്ചു. ഇമാം ബൂസ്വൂരി(റ)യുടെ ബുര്‍ദക്ക് സമര്‍ത്ഥമായ ഒരു വ്യാഖ്യാനമുണ്ട്. തന്റെ മവാഹിബുല്ലദുന്നിയ്യയിലുടനീളം ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നു. തിരുദൂതരെ സന്ദര്‍ശിക്കുന്നവര്‍ വിനയപ്രകടനവും ഇസ്തിഗാസയും ശഫാഅത്ത് തേടലും തവസ്സുലും വര്‍ധിപ്പിക്കേണ്ടതുണ്ട്. തനിക്ക് സഹായം ലഭിക്കാനുള്ള ഉപാധി മാത്രമാണ് സഹായം തേടപ്പെടുന്ന വ്യക്തി. അതിനാല്‍ ഇസ്തിഗാസ, തവസ്സുല്‍, തശഫ്ഫുഅ്, തവജ്ജുഹ് എന്നിങ്ങനെ ഏതു പദോപയോഗവുമാകാം. ആശയം വ്യത്യാസമില്ല.
ഇമാം ഖസ്തല്ലാനി(റ) തന്റെ അനുഭവം ഓര്‍ക്കുന്നു: ഡോക്ടര്‍മാര്‍ കുഴങ്ങിയ ഒരു അസുഖം എനിക്കുണ്ടായി. വര്‍ഷങ്ങള്‍ അതുമായി തള്ളിനീക്കി. മക്കയില്‍ വെച്ച്, ഹി. 893 ജമാദുല്‍ ഊലാ 28ാം രാവിനു ഞാന്‍ നബി(സ്വ)യോടു ഇസ്തിഗാസ ചെയ്തു. എനിക്ക് പൊടുന്നനെ ആശ്വാസം തോന്നി. ഞാന്‍ ഉറങ്ങവെ, ഒരു പിഞ്ഞാണവുമായി ഒരാള്‍ വന്നു. അതില്‍ എന്തോ എഴുതിയിട്ടുണ്ട്. ഇത് അഹ്മദ്ബ്നുല്‍ ഖസ്തല്ലാനിക്കുള്ള മരുന്നാണ്. വിശുദ്ധ സന്നിധിയിലെ അനുവാദപ്രകാരമാണ് എന്നു പറഞ്ഞു എനിക്കുതന്നു. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍, അല്ലാഹുവാണേ, നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങളൊന്നും പിന്നെ കണ്ടില്ല. നബി(സ്വ)യുടെ ബറകത്തുകൊണ്ട് എനിക്ക് രോഗം ഭേദമായി’ (അല്‍മവാഹിബ്).
ഒരു നാട്ടറബി തിരുസന്നിധിയില്‍ വന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, നീ അടിമകളെ മോചിപ്പിക്കാന്‍ കല്‍പിച്ചിട്ടുണ്ടല്ലോ. ഇതാ നിന്റെ ഹബീബ്, ഞാന്‍ നിന്റെ അടിമയും. അതിനാല്‍ നിന്റെ ഹബീബിന്റെ മഹത്ത്വത്താല്‍ എന്നെ നീ നരകത്തില്‍ നിന്നും മോചിപ്പിക്കേണമേ.’ അവിടെ ഒരു ശബ്ദമുണ്ടായി. ‘ഹേയ് മനുഷ്യാ, നീ നിന്റെ മോചനം മാത്രം ചോദിക്കുന്നു, എന്തുകൊണ്ടു എല്ലാ സത്യവിശ്വാസികളുടെയും മോചനമാവശ്യപ്പെട്ടുകൂടാ? പൊയ്ക്കോളൂ, നീ മോചിതനാണ്.’ സംഭവമുദ്ധരിച്ച ഇമാം ഖസ്തല്ലാനി ചൊല്ലി, തന്റെ പ്രസിദ്ധമായ ഈരടി:
‘നിശ്ചയം രാജാക്കന്മാര്‍ അവരുടെ അടിമകള്‍ക്കു നരച്ചാല്‍/അടിമത്വത്തില്‍ നിന്നും അവരെ സ്വതന്ത്രരാക്കാറുണ്ട്/യജമാനാ, ഞാനിതാ അതിന് കൂടുതല്‍ അര്‍ഹന്‍/അടിമത്വത്തിലായി ഞാന്‍ നരച്ചുപോയി/എന്നെ നരകത്തില്‍ നിന്നു മോചിപ്പിച്ചാലും.’
മഹാനായ ഹസനുല്‍ ബസ്വരി(റ)യില്‍ നിന്നും: ‘പുണ്യവാളന്‍ ഹാത്വിമുല്‍ അസ്വമ്മ് തിരു ഖബ്റിടത്തിലെത്തിപ്പറഞ്ഞു: നാഥാ, ഞങ്ങള്‍ നിന്റെ പ്രവാചകന്റെ ഖബ്ര്‍ സന്ദര്‍ശിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നിരാശരാക്കി തിരിച്ചയക്കരുതേ. ഒരു ശബ്ദം: നിനക്കു സിയാറത്തിനു തൗഫീഖു നല്‍കിയതുതന്നെ നിന്റെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ വേണ്ടിയത്രെ. നീയും സഹസന്ദര്‍ശകരും എല്ലാം പൊറുത്തുകിട്ടിയവരായി തിരികെ പോവുക.’
തന്റെ പരിചാരികയെ ദുഷ്ടജിന്ന് പിടികൂടിയപ്പോള്‍ നബി(സ്വ)യെ ശിപാര്‍ശകനാക്കി പ്രാര്‍ത്ഥിച്ചു വിഷമമകറ്റിയ അനുഭവവും ഇമാം ഖസ്ഥല്ലാനി(റ) അയവിറക്കുന്നുണ്ട്.
അറുപത്തിയാറ്: ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി (ഹി. 926). ശാഫിഈ മദ്ഹബിലെ പില്‍ക്കാലക്കാരില്‍ ഒരു വഴിത്തിരിവാണ് ശൈഖുല്‍ ഇസ്ലാം. സകല കലകളിലും വ്യുല്‍പത്തി നേടിയ മഹാന്‍ തികഞ്ഞ ഒരു സ്വൂഫിയുമായിരുന്നു. ശാഫിഈ മദ്ഹബില്‍ താനെഴുതിയ പ്രസിദ്ധ കൃതിയാണ് ഫത്ഹുല്‍ വഹ്ഹാബ്. സിയാറത്തിന്റെ മര്യാദകള്‍ പഠിപ്പിക്കുമ്പോള്‍, തിരുനബി(സ്വ)യോട് ശിപാര്‍ശ തേടുവാന്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട് ഗ്രന്ഥത്തില്‍. ‘അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ’ എന്ന ലഘുകൃതിയില്‍ മഹാനവര്‍കള്‍ പറയുന്നു: ഒരു ആത്മീയ ഗുരു തന്റെ മുരീദുമായി ബൈഅതു ചെയ്യാനുദ്ദേശിച്ചാല്‍, അവനോട് ശുദ്ധി ഉറപ്പുവരുത്താന്‍ നിര്‍ദേശിക്കണം. ഉടമ്പടി സ്വീകരിക്കാന്‍ നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കണം. അവിടുന്ന് സൃഷ്ടികളുടെയും സ്രഷ്ടാവിന്റെയും ഇടയിലെ മധ്യവര്‍ത്തി. മുരീദിന്റെ വലതുകരം ശൈഖ് തന്റെ വലതുകരംകൊണ്ട് പിടിക്കുക, പരസ്പരം തള്ളവിരല്‍ കോര്‍ക്കുക, അഊദുവും ബിസ്മിയും ചൊല്ലിയ ശേഷം പറയുക, അല്‍ഹംദുലില്ലാഹി… അല്ലാഹുവേ, ഞാന്‍ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ മലക്കുകളെയും പ്രവാചകന്മാരെയും ഇഷ്ടദാസന്മാരെയും സാക്ഷിയാക്കുന്നു ഞാന്‍…. (അജാഇബുല്‍ ആസാര്‍).

ഇസ്തിഗാസയും ശാഫിഈ മദ്ഹബും7/മസ്ലൂല്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ