അബൂബയാനുല്‍ ഇസ്ഹാഖ്(റ) സ്വപ്നത്തില്‍ തിരുനബി(സ്വ)യെ ദര്‍ശിച്ചു. പ്രവാചകരോട് അദ്ദേഹം ചോദിച്ചു: ‘നബിയേ, ഇമാം ശാഫിഈ അങ്ങയുടെ കുടുംബമല്ലേ. അങ്ങ് അദ്ദേഹത്തിനു വല്ല പ്രത്യേകതകളും നല്‍കിയിട്ടുണ്ടോ?

അവിടുന്നു പറഞ്ഞു: ‘അദ്ദേഹത്തെ വിചാരണ ചെയ്യാതിരിക്കാന്‍ ഞാന്‍ അല്ലാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.’

‘റസൂലേ, എന്താണതിനു കാരണം?’

‘ലോകത്ത് ആരും ഉപയോഗിക്കാത്ത ഒരു സ്വലാത്ത് അദ്ദേഹം എന്‍റെ മേല്‍ ചൊല്ലിയതു കൊണ്ട്!’

തുടര്‍ന്ന് ഇമാം ശാഫിഈ(റ) രിസാലയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയ ഈ സ്വലാത്ത് ഉരുവിട്ടു:

(സ്വഫ്വതുസ്വഫ്വ, ത്വബഖാത്തുശ്ശാഫിഇയ്യ).

‘തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മല ക്കുകളും തിരുനബിയുടെ മേല്‍ സ്വലാത്ത് നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും നബിയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക’ (അഹ്സാബ് 56).

സ്വലാത്ത് നിര്‍വഹിക്കാന്‍ അല്ലാഹു കല്‍ പ്പിക്കുന്ന മേല്‍ ആയത്ത് ഹിജ്റ രണ്ടാം വര്‍ഷം ശഅ്ബാന്‍ പതിനഞ്ചിനാണ് അവതരിക്കുന്നത്. മസ്ജിദുല്‍ അഖ്സ്വയില്‍ നിന്ന് കഅ്ബയിലേക്ക് ഖിബ്ല മാറ്റം നടന്നതും ഇതേ ബറാഅത്ത് രാവില്‍ തന്നെയാണ്. ശഅ്ബാന് സ്വലാത്ത് അവതരണ മാസമെന്ന നാമവുമുണ്ട്. നബി(സ്വ) പറഞ്ഞതായി കാണാം: ‘ശഅ്ബാന്‍റെ രാപകലുകളില്‍ നിങ്ങള്‍ സ്വലാത്ത് വര്‍ധിപ്പിക്കുക. കാരണം ശഅ്ബാന്‍ എന്‍റെ മാസമാണ്’ (അല്‍ഖൗലുല്‍ ബദീഅ്). ശഅ്ബാന്‍ റസൂലിന്‍റെ മാസമാണ്. അതിലെ പുണ്യദിനങ്ങളില്‍ നിങ്ങള്‍ നേമ്പനുഷ്ഠിച്ച് വിജയം വരിക്കുക (റൂഹുല്‍ ബയാന്‍).

അല്ലാഹുവിന്‍റെയും മലക്കുകളുടെയും സ്വലാത്തിന്‍റെ വ്യാഖ്യാനം ഇമാം ബുഖാരി(റ) നല്‍കുന്നു: ‘മഹാനായ അബുല്‍ ആലിയ(റ) പറയുന്നു: അല്ലാഹുവിന്‍റെ സ്വലാത്ത് മലക്കുകളുടെ അരികില്‍ പ്രവാചകരെ വാഴ്ത്തലാണ്. മലക്കുകളുടെ സ്വലാത്ത് ദുആയും. തിരുനബി(സ്വ)ക്ക് ബറകത്തിനു വേണ്ടി അവര്‍ ദുആ ചെയ്യുന്നു’ (ബുഖാരി: കിതാബുത്തഫ്സീര്‍).

ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) വിശദീകരിച്ചു: ‘നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുക എന്നതിന്‍റെ വിവക്ഷ നബിയോരെ ആദരിക്കുക എന്നാണ്. അപ്പോള്‍ ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്, അല്ലാഹുവേ, മുഹമ്മദ് നബി(സ്വ)യെ നീ ആദരിക്കണേ എന്നാണ്. ആദരവെന്നത് കൊണ്ടുദ്ദേശിക്കുന്നത്, പ്രവാചകരുടെ സ്മരണ ഉയര്‍ത്തുകയും ഇഹലോകത്ത് അവിടുന്ന് പ്രബോധനം ചെയ്ത ദീനിനെ വളര്‍ത്തുകയും പരിശുദ്ധ ശരീഅത്ത് നിലനിര്‍ത്തുകയും പരലോകത്ത് ഉന്നത പ്രതിഫലം നല്‍കി തന്‍റെ സമുദായത്തിനു വേണ്ടി അവിടുന്ന് ചെയ്യുന്ന ശിപാര്‍ശ സ്വീകരിക്കുകയും കൂടാതെ ‘മഖാമുന്‍ മഹ്മൂദ്’ നല്‍കുകവഴി അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തണമെ ന്നുമാണ്. ഇതനുസരിച്ച് ‘സ്വല്ലൂ അലൈഹി’ എന്നതിന്‍റെ അര്‍ത്ഥം സ്വലാത്തിനു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നാണ്. തിരുനബി(സ്വ)യുടെ കുടുംബത്തെയും പത്നിമാരെയും സ്വലാത്തില്‍ ഉള്‍പ്പെടുത്തുന്നത് മേല്‍ വിവരിച്ച വ്യാഖ്യാനത്തിനെതിരാവുന്നില്ല. കാരണം ആദരവിനായുള്ള പ്രാര്‍ത്ഥന അവര്‍ക്കു വേണ്ടിയും ആകാമല്ലോ. പക്ഷേ ആദരവെന്നത് ഒരോര്‍ത്തര്‍ക്കും അവരോട് യോജിക്കുന്ന വിധമായിരിക്കും. അബുല്‍ ആലിയ(റ) സ്വലാത്തിനു നല്‍കിയ അര്‍ത്ഥമാണ് കൂടുതല്‍ സ്പഷ്ടം. അതു പ്രകാരം അല്ലാഹു, മലക്കുകള്‍, വിശ്വാസികള്‍ എല്ലാവരുടെയും സ്വലാത്തിന് ഒരേ അര്‍ത്ഥം തന്നെ പറയാം (ഫത്ഹുല്‍ബാരി).

ഇങ്ങനെ സ്വലാത്തിന് വ്യത്യസ്തങ്ങളായ പല വ്യാഖ്യാനങ്ങളും പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്.

 

സ്വലാത്തിന്‍റെ പ്രസക്തി

മറ്റു ഇബാദത്തുകളെ കുറിച്ചു പ്രയോ ഗിക്കാത്ത രീതിയാണ് സ്വലാത്തിനുള്ള ആജ്ഞ നല്‍കിയപ്പോള്‍ അല്ലാഹു സ്വീകരിച്ചത്. ‘അല്ലാഹുവും മലക്കുകളും നിര്‍വഹിക്കുന്നുണ്ട്, അതിനാല്‍ വിശ്വാസികളേ നിങ്ങളും നിര്‍വഹിക്കുക’.

അല്ലാഹുവും പരകോടി മലക്കുകളും പ്രവാചകരുടെ മേല്‍ സ്വലാത്ത് നിര്‍വഹിക്കുന്നുവെങ്കില്‍ വിശ്വാസികളുടെ സ്വലാത്തിന്‍റെ പ്രസക്തി എന്താണ്. ഈ സംശയത്തിന് ഇമാം റാസി(റ) മറുപടി നല്‍കുന്നുണ്ട്: ‘നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു വിശ്വാസികളോട് ആജ്ഞാപിച്ചത് നബിയോര്‍ക്ക് അതിന്‍റെ ആവശ്യമുണ്ടായതു കൊണ്ടല്ല. മറിച്ച്, തിരുനബി(സ്വ)യുടെ ആദരവ് പ്രകടമാക്കാന്‍ വേണ്ടിയാണ്. അല്ലാഹുവിനെ സ്മരിച്ചുകൊ ണ്ടിരിക്കാന്‍ അവന്‍ നമ്മോട് കല്‍പ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അവന് അതിന്‍റെ ആവശ്യമില്ലല്ലോ. അല്ലാഹുവിനോട് ആദരവ് പ്രകടിപ്പിക്കാന്‍ നമുക്കുള്ള വഴിയാണത്. അടിമകളായ നമുക്ക് പ്രതിഫലം നല്‍കാന്‍ കാരുണ്യവാനായ രക്ഷിതാവ് സംവിധാനിച്ചതുമാണത്. അതുകൊണ്ടാണ് ‘എന്‍റെ മേല്‍ ഒരാള്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതു കാരണം അവന് അല്ലാഹു പത്ത് ഗുണം ചെയ്യും മെന്ന് തിരുനബി(സ്വ) പറഞ്ഞത് (റാസി).

ഇമാം ഹലീമി(റ) പറയുന്നു: അല്ലാഹുവിന്‍റെ കല്‍പന സ്വീകരിച്ച് അവന്‍റെ സാമീപ്യം കരസ്ഥമാക്കുകയും നബി(സ്വ)യോടുള്ള നമ്മുടെ ബാധ്യത നിര്‍വഹിക്കുകയുമാണ് സ്വലാത്തിന്‍റെ ലക്ഷ്യം. ഇബ്നു അബ്ദിസ്സലാം(റ) പറയുന്നു: നാം ചൊല്ലുന്ന സ്വലാത്ത് നബി(സ്വ)ക്കു വേണ്ടി അല്ലാഹുവിനോട് നമ്മള്‍ നടത്തുന്ന ശിപാര്‍ശയല്ല. കാരണം അവിടുത്തേക്ക് ശിപാര്‍ശ പറയാന്‍ നാം ആരുമല്ലല്ലോ. പക്ഷേ നമുക്ക് നന്മ ചെയ്തവരോട് നന്ദി കാണിക്കാന്‍ നാഥന്‍ കല്‍പിച്ചിട്ടുണ്ട്. റസൂല്‍(സ്വ) നമുക്ക് ചെയ്തുതന്ന നന്മക്ക് പകരം ചെയ്യാന്‍ നമുക്കൊരിക്കലും സാധ്യമല്ല. നമ്മുടെ കഴിവുകേട് നന്നായി അറിയുന്ന റബ്ബ് സ്വലാത്തിലൂടെ അവിടുത്തേക്ക് പ്രത്യുപകാരം ചെയ്യാന്‍ നമ്മോട് കല്‍പ്പിച്ചിരിക്കുകയാണ്. ഇബ്നു അറബി(റ) വിവരിക്കുന്നു: സ്വലാത്ത് ചൊല്ലിയതിന്‍റെ പ്രതിഫലം ചൊല്ലിയവന് ലഭിക്കുന്നു. ശരിയായ വിശ്വാസം, നിഷ്കളങ്കമായ നിയ്യത്ത്, സ്നേഹ പ്രകടനം, ഇബാദത്തില്‍ നിലകൊള്ളല്‍, ആദര ണീയ മധ്യവര്‍ത്തിയെ ബഹുമാനിക്കല്‍ എന്നിവയെല്ലാം സ്വലാത്ത് അറിയിക്കുന്നു (ഫത്ഹുല്‍ബാരി).

 

ശ്രേഷ്ഠത

ഏറ്റവും മഹത്തായ ഇബാദത്തുകളില്‍ പെട്ടതാണ് സ്വലാത്ത്. അത് സ്വീകരിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. മറ്റൊരു ഇബാദത്തിന്‍റെയും സ്വീകാര്യത ഉറപ്പു പറയാനാകില്ല. തമാശയായി ചൊല്ലിയാല്‍ പോലും സ്വീകരിക്കപ്പെടുന്നതാണ് സ്വലാത്തെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. സ്വലാത്തിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന നിരവധി ഹദീസുകള്‍ കാണാം.

‘നബി(സ്വ)യുടെ മേല്‍ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹുവും മലക്കുകളും അവന് എഴുപത് ഗുണം ചെയ്യും’ (മുസ്നദ്), ‘എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയവന് പകരമായി അല്ലാഹു പത്ത് ഗുണം ചെയ്യും. കൂടാതെ പത്ത് നന്മകളും അവന് രേഖപ്പെടുത്തും (തുര്‍മുദി), ‘നിശ്ചയം അന്ത്യനാളില്‍ ഞാനുമായി ഏറ്റവും അടുത്തവര്‍ എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലുന്നവരാണ്’ (തുര്‍മുദി).

 

ആരാണ് ലുബ്ധന്‍?

തിരുനബി(സ്വ)യുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവന്‍ നിന്ദ്യനാണെന്ന ഹദീസ് ഇമാം തുര്‍മുദി(റ) നിവേദനം ചെയ്തിട്ടുണ്ട്. നബി(സ്വ) മിമ്പറില്‍ വച്ച് ഖുത്വുബ നിര്‍വഹിക്കുന്നതിനിടെ അവിടുത്തെ നാമം കേട്ടിട്ട് മനപ്പൂര്‍വം സ്വലാത്ത് ചൊല്ലാത്തവനെതിരെ ജിബ്രീല്‍(അ) പ്രാര്‍ത്ഥിക്കുകയും പ്രവാചകര്‍ ആമീന്‍ പറയുകയും ചെയ്ത ഹദീസ് പ്രസിദ്ധം. ‘നബി(സ്വ) പറഞ്ഞു: എന്‍റെ നാമം പറയപ്പെട്ടിട്ട് സ്വലാത്ത് ചൊല്ലാതിരുന്നാല്‍ അവനാണ് ലുബ്ധന്‍. അവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ നിന്ന് പിഴച്ചവനുമാണ് (തുര്‍മുദി).

ഇത്തരം ഹദീസുകള്‍ വിവരിച്ച് പണ്ഡിതന്മാര്‍ പറയുന്നതു ശ്രദ്ധേയം. ഇമാം മുനാവി(റ): ‘പരിപൂര്‍ണ പിശുക്കനാണെന്ന് നബി(സ്വ) പറയാന്‍ കാരണം അവന്‍ സ്വന്തത്തിനുമേല്‍ പിശുക്ക് കാണിക്കകയാണ് ചെയ്തത്. കാരണം ഒരു സ്വലാത്തിനു പകരം അല്ലാഹു പത്ത് ഗുണം ചെയ്യുമല്ലോ.’

മുല്ലാ അലിയ്യുല്‍ഖാരി(റ): തിരുനബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാത്തവന്‍ ലുബ്ധത കാണിക്കുകയും വലിയ അളവിലുള്ള നേട്ടം ഇല്ലായ്മ ചെയ്യുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവന്‍ ഏറ്റവും വലിയ പിശുക്കന്‍ തന്നെ (തുഹ്ഫതുല്‍ അഹ്വദി).

ഇമാം സിന്‍ദി(റ): സല്‍കര്‍മങ്ങള്‍ സ്വര്‍ഗത്തിലേക്കുള്ള വഴികളാണ്. സ്വലാത്ത് സല്‍കര്‍മത്തില്‍ പ്രധാനപ്പെട്ടതും. അപ്പോള്‍ സ്വലാത്ത് പൂര്‍ണമായും ഒഴിവാക്കിയവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴി ഉപേക്ഷിച്ചവനത്രെ.

 

എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഇമാം നവവി(റ) പറയുന്നു: തിരുനബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും എഴുതുന്നത് പ്രത്യേകം സൂക്ഷിക്കണം. ആവര്‍ത്തിച്ചുവരുന്നത് കാരണം അതില്‍ മടി തോന്നരുത്. ഇതില്‍ വേണ്ട ശ്രദ്ധ പുലര്‍ത്താത്തവര്‍ക്ക് നന്മയിലെ വലിയ വിഹിതം തടയപ്പെടും. അവലംബിക്കുന്ന ഗ്രന്ഥത്തില്‍ എഴുതിയില്ലെങ്കിലും നാമെഴുതുമ്പോള്‍ സ്വലാത്തും സലാമും എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം (തഖ് രീബുന്നവവീ).

ഇബ്നു കസീര്‍ എഴുതി: തിരുനബി(സ്വ)യുടെ പേര് എഴുതുമ്പോളെല്ലാം സ്വലാത്ത് ആവര്‍ ത്തിക്കണം. ഹദീസില്‍ കാണാം; ‘ എന്‍റെ സ്വലാത്ത് ആരെങ്കിലും ഏതെങ്കിലും ഗ്രന്ഥത്തില്‍ എഴുതിയാല്‍ ആ ഗ്രന്ഥമുള്ള കാലത്തോളം അവന് അതിന്‍റെ നന്മ ലഭിക്കും (ഇബ്നു കസീര്‍).

 

മറ്റുള്ളവര്‍ക്കു പാടുണ്ടോ?

ഇമാം നവവി(റ) വിവരിക്കുന്നു: നബി(സ്വ), മറ്റു അമ്പിയാക്കള്‍, മലക്കുകള്‍ എന്നിവരുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന് പണ്ഡിതന്മാര്‍ ഏകകണ്ഠമായി പറഞ്ഞിരിക്കുന്നു. എന്നാല്‍ അമ്പിയാക്കളല്ലാത്തവരുടെ മേല്‍ അനുവദനീയമല്ലെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്. അതിനാല്‍ ‘അബൂബക്കര്‍ സ്വല്ലല്ലാഹു അലയ്ഹി വസല്ലം’ എന്ന് പറയാവതല്ല. അമ്പിയാക്കളല്ലാത്തവര്‍ക്ക് സ്വലാത്ത് ചൊല്ലല്‍ ഹറാമോ കറാഹത്തോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഹറാം, കറാഹത്ത്, ഖിലാഫുല്‍ ഔല എന്നിങ്ങനെ പല വീക്ഷണങ്ങളും ഇവ്വിഷയകമായി പണ്ഡി തന്മാര്‍ക്കിടയിലുണ്ട്. കറാഹത്താണെന്നതാണ് പ്രബലാഭിപ്രായം. കാരണം അത് പുത്തന്‍വാദികളുടെ ചിഹ്നമാണ്. അവരുടെ ചിഹ്നം സ്വീകരിക്കുന്നത് വിലക്കപ്പെട്ടതാണ്.

‘അസ്സ വ ജല്ല’ എന്നത് അല്ലാഹുവിന്‍റെ പേരിനോട് കൂടെ മാത്രമാണല്ലോ പ്രയോഗി ക്കാറുള്ളത്. നബി(സ്വ)യുടെ പേരിനോട് കൂടെ ചേര്‍ത്ത് അത് പ്രയോഗിക്കാറില്ല. അതുപോലെ അബൂബക്കര്‍(റ)ന്‍റെ പേരിനോട് സ്വലാത്തും ചേര്‍ക്കാറില്ല. അര്‍ത്ഥം പരിഗണിക്കുമ്പോള്‍ പ്രയോഗത്തില്‍ അസാംഗത്യമില്ലെങ്കിലും.

എന്നാല്‍ സ്വലാത്ത് ചൊല്ലുമ്പോള്‍ തിരുനബി(സ്വ)യുടെ കൂടെ അമ്പിയാക്കളല്ലാത്തവരെയും ചേര്‍ക്കാമെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. അപ്പോള്‍ സ്വലാത്തില്‍ നബി(സ്വ)യോടൊപ്പം അവിടുത്തെ കുടുംബം, സ്വഹാബത്ത്, ഭാര്യമാര്‍ എന്നിവരെയും ചേര്‍ക്കാവുന്നതാണ്. അതിനു തെളിവായി പ്രബലമായ ഹദീസുകളുണ്ട്. അത്തഹിയ്യാത്തില്‍ അപ്രകാരം ചൊല്ലാന്‍ കല്‍പനയുമുണ്ട്. എന്നല്ല, നിസ്കാരത്തിനു പുറത്തും മുന്‍ഗാമികള്‍ ചൊല്ലിയിരുന്നു.

സ്വലാത്ത് പോലെ തന്നെയാണ് സലാമും. അബൂമുഹമ്മദ് അല്‍ജുവൈനി(റ) പറയുന്നു: സ്ഥലത്തില്ലാത്തവരില്‍ സലാം ഉപയോഗിക്കാവത ല്ല. അതുപോലെ നബിമാരല്ലാത്തവര്‍ക്ക് ‘അലൈഹിസ്സലാം’ എന്നു പറയാന്‍ പാടില്ല. ഇതില്‍ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും തുല്യരാണ്. എന്നാല്‍ മുമ്പിലുള്ളവര്‍ക്ക് സലാം ഉപയോഗിക്കാം. സലാമുന്‍ അലൈക, സലാമുന്‍ അലൈക്കും, അസ്സലാമു അലൈക്ക, അസ്സലാമു അലൈക്കും എന്നിങ്ങനെയെല്ലാം പ്രയോഗിക്കാം. ഇതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല.

ഖുര്‍ആന്‍ പരാമര്‍ശിച്ച ലുഖ്മാന്‍(റ), മര്‍യം (റ) എന്നിവരെ പരാമര്‍ശിക്കുമ്പോള്‍ അമ്പിയാക്കള്‍ക്കെന്ന പോലെ സ്വലാത്ത് ചൊല്ലണോ അതോ സ്വഹാബത്ത്-ഔലിയാഅ് എന്നിവര്‍ക്കെന്നപോലെ തര്‍ളിയത്ത് ചൊല്ലുകയാണോ വേണ്ടതെന്ന ചോദ്യത്തിന് പണ്ഡിതര്‍ നല്‍കിയ മറുപടി ഇങ്ങനെ: അവര്‍ രണ്ടു പേരും നബിമാരല്ല. മറിച്ചുള്ള വാദം പരിഗണിക്കാവതല്ല. ഇവരുടെ നാമം കേള്‍ക്കുമ്പോള്‍ ചില പണ്ഡിതന്മാര്‍ ഇപ്രകാരം പറയുമായിരുന്നു; ‘സ്വല്ലല്ലാഹു അലല്‍ അമ്പിയാഇ              വ അലൈഹി, വ അലൈഹാ.’ അതിനവര്‍ പറയുന്ന ന്യായം, ഖുര്‍ആനിന്‍റെ പ്രയോഗത്തില്‍ നിന്ന് മനസ്സിലാകുന്നത് ‘റളിയല്ലാഹു അന്‍ഹു’ പറയുന്നവരെക്കാള്‍ അവര്‍ എത്രയോ ഉന്നതരാണെന്നാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതില്ലെന്നാണ് എന്‍റെയും അഭിപ്രായം. എങ്കിലും ഏറ്റവും ഉത്തമമായി തോന്നുന്നത് തര്‍ളിയത് ചൊല്ലലാണ്. കാരണം അവര്‍ രണ്ടുപേരും നബിമാരാണെന്ന് സ്ഥിരപ്പെട്ടിട്ടില്ലല്ലോ. നബിമാരല്ലാത്തവര്‍ക്കുള്ളത് തര്‍ളിയതാണ്. അവര്‍ക്കുവേണ്ടി അലൈഹിസ്സലാം, അലൈഹസ്സലാം എന്നും പറയാവുന്നതാണ് (അദ്കാര്‍).

 

ഉച്ചത്തില്‍ ചൊല്ലാമോ?

തിരുനബി(സ്വ)യുടെ നാമം കേള്‍ക്കുമ്പോള്‍ ഉച്ചത്തില്‍ സ്വലാത്ത് ചൊല്ലാം. പക്ഷേ അപമര്യാദ വരുന്നവിധം മോശം ശൈലിയിലാവരുത്. ഇമാം നവവി(റ) എഴുതി: ‘ഹദീസ് പരായണം ചെയ്യുന്നവരും മറ്റും റസൂല്‍(സ്വ)യുടെ നാമം കേള്‍ക്കുമ്പോള്‍ ഉച്ചത്തില്‍ സ്വലാത്തും സലാമും ചൊല്ലല്‍ സുന്നത്താണ്. പക്ഷേ മോശമാകുന്ന രൂപത്തില്‍ അമിതമാക്കരുത്. ഖത്വീബുല്‍ ബാഗ്ദാദി(റ) അടക്കമുള്ള പണ്ഡിതര്‍ സ്വലാത്തും സലാമും ഉച്ചത്തിലാകാമെന്ന് പറഞ്ഞിട്ടുണ്ട്. തല്‍ബിയ്യത് ചൊല്ലുമ്പോള്‍ തിരുനബി(സ്വ)യുടെ മേല്‍ ഉച്ചത്തില്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താ ണെന്ന് നിരവധി പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്  (അദ്കാര്‍).

 

സ്വലാത്ത് നിസ്കാരത്തില്‍

നിസ്കാരത്തിന്‍റെ പതിനാലു ഫര്‍ളുകളില്‍ ഒന്നാണ് നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചെല്ലല്‍. ഇമാം റാസി(റ) പറയുന്നു: സൂറത്തുല്‍ അഹ്സാബില്‍ സ്വലാത്ത് നിര്‍വഹണത്തിനുള്ള ആജ്ഞ ഉള്‍കൊള്ളുന്ന ആയത്ത് ശാഫിഈ മദ്ഹബിന്‍റെ തെളിവാണ്. കാരണം ആയത്തിലെ ആജ്ഞാവാക്യം കുറിക്കുന്നത് നിര്‍ബന്ധ ത്തെയാണ്. അത്തഹിയ്യാത്ത് അല്ലാത്തതില്‍ സ്വലാത്ത് നിര്‍ബന്ധമില്ല, അത്തഹിയ്യാത്തില്‍ നിര്‍ബന്ധവുമാണ് (തഫ്സീറുല്‍ കബീര്‍).

ഇമാം നവവി(റ) ഇക്കാര്യം ശര്‍ഹ് മുസ്ലിമില്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ‘നിസ്കാരത്തില്‍ അവസാന അത്തഹിയ്യാത്തിനുടനെ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് നിര്‍ബന്ധമാണോ അല്ലേ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ) എന്നിവര്‍ സുന്നത്താണെന്ന പക്ഷത്താണ്. ഇമാം ശാഫിഈ(റ), ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) എന്നിവര്‍ നിര്‍ബന്ധമാണെന്ന് പറയുന്നു. ഈ വീക്ഷണപ്രകാരം സ്വലാത്ത് ഒഴിവാക്കിയാല്‍ നിസ്കാരം സ്വീകരിക്കപ്പെടില്ല. ഉമറുബ്നുല്‍ ഖത്വാബ് (റ), ഇബ്നു ഉമര്‍(റ) എന്നിവരില്‍ നിന്നും ഇതേ അഭിപ്രായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ശഅബി(റ)വും ഇതേ ആശയക്കാരനാണ് (ശര്‍ഹു മുസ്ലിം).

 

സ്വലാത്തും ദുആയും

അല്ലാഹുവിനെ പരാമര്‍ശിക്കുന്നിടത്തല്ലാം തിരുനബി(സ്വ)യെ പറയാനും അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു. ഏത് പ്രാര്‍ത്ഥനയുടെയും സ്വീകാര്യതക്ക് സ്വലാത്ത് പ്രധാന ഘടകമാണ്. ഉമറുബ്നുല്‍ ഖത്വാബ്(റ) പറയുന്നു: ‘സ്വലാത്ത് ചൊല്ലാത്തപക്ഷം പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടാതെ ആകാശ ഭൂമിക്കിടയില്‍ മാറ്റി നിര്‍ത്തപ്പെടും (തുര്‍മുദി).

ശൈഖ് അബൂസുലൈമാന്‍ ദാറാനി(റ) പറയുന്നു: നീ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വലാത്ത് കൊണ്ട് ആരംഭിക്കുക. ശേഷം ഉദ്ദേശിച്ച കാര്യം അല്ലാഹുവിനോട് ചോദിക്കുക. എന്നിട്ട് സ്വലാത്തു കൊണ്ട് തന്നെ അവസാനിപ്പിക്കുക. ആ രണ്ട് സ്വലാത്തുകളും അല്ലാഹു സ്വീകരിക്കുമെന്നത് കട്ടായമാണ്. എങ്കില്‍ അവക്കിടയിലുള്ളവയും അവന്‍ തള്ളുകയില്ല (തുഹ്ഫതുല്‍ അഹ്വദി).

 

സ്വലാത്തിന്‍റെ നേട്ടം

സ്വലാത്തു കൊണ്ടുള്ള നേട്ടങ്ങള്‍ നിരവധി യാണ്. ഹൃദയത്തിലെ ഇരുള്‍ നീങ്ങി പ്രഭാപൂരിതമാവും, മുരീദിനെ സന്മാര്‍ഗ വഴിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്ന ഒരു ശൈഖിന്‍റെ സ്ഥാനത്ത് സ്വലാത്ത് നില്‍ക്കും, അല്ലാഹുവിലേക്കെത്താനുള്ള പ്രധാന നിമിത്തം, ഭക്ഷണ വര്‍ധനവ്  തുടങ്ങിയവ സ്വലാത്തിന്‍റെ നേട്ടമായി പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. സ്വലാത്ത് വര്‍ധിപ്പിച്ചവരുടെ ശരീരം അല്ലാഹു നരകത്തിനു മേല്‍ നിഷിദ്ധമാക്കുന്നതുമാണ്.

നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ അവന്‍റെ തൃപ്തിയോടെ കണ്ടുമുട്ടാനാഗ്രഹിക്കുന്നവര്‍ എന്‍റെ മേല്‍ സ്വലാത്ത് വര്‍ധിപ്പിക്കട്ടെ. എന്‍റെ മേല്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത് ചൊല്ലിയവര്‍ക്ക് സ്വര്‍ഗത്തില്‍ കൂടുതല്‍ ഇണകളുണ്ടാകും (ഇആനത്ത്).

 

സ്വലാത്ത് മജ്ലിസ്

തിരുനബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുക എന്ന ലക്ഷ്യത്തില്‍ ജനങ്ങള്‍ സമ്മേളിക്കുന്ന മജ്ലിസുകള്‍ ഏറെ മഹത്തരമാണ്. റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹുവിനെ സ്മരി ക്കാത്തതും എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലാത്തതുമായ സദസ്സിന്‍റെ അനന്തര ഫലം ഖേദമായിരിക്കും (തുര്‍മുദി).

സ്വലാത്ത് ചൊല്ലാത്ത സദസ്സിന്‍റെ അനന്തര ഫലം ഇപ്രകാരമാണെങ്കില്‍, സ്വലാത്ത് മജ്ലിസില്‍ നിന്ന് സുഗന്ധ സംഭരണ ശാലയെക്കാള്‍ പരിമളമുള്ളവരായി ആളുകള്‍ പുറത്ത് വരുമെന്ന് പറയുന്നതില്‍ അതിശയമില്ല. കാരണം ഏറ്റവും സുഗന്ധപൂരിതമായവരും പരിശുദ്ധരും പ്രവാചകര്‍(സ്വ)യാണല്ലോ. അവിടുന്ന് സംസാരിച്ചാല്‍ അവിടെമാകെ സുഗന്ധം വമിക്കുമായിരുന്നു. നബി(സ്വ)യെ പറ്റി പറയുന്ന വേദികളും സുഗന്ധപൂരിതമാവും. ആ പരിമളം ആകാശ ഭൂമികള്‍ വിട്ട് അര്‍ശ് വരെയെത്തും. മനുഷ്യ ഭൂതങ്ങളല്ലാത്ത എല്ലാ സൃഷ്ടികള്‍ക്കും ആ പരിമളം ആസ്വദിക്കാനാകും. അവര്‍ക്ക് അതിനു സാധിക്കു മായിരുന്നെങ്കില്‍ അതില്‍ ലയിച്ചത് കരണം തങ്ങളുടെ ഉപജീവന മാര്‍ഗം തന്നെ അവര്‍ വിസ്മരിക്കുമായിരുന്നു. അനിര്‍വചനീയമായ ആ സുഗന്ധം ലഭിക്കുന്ന എല്ലാ സൃഷ്ടികളും ആ സദസ്യര്‍ക്ക് വേണ്ടി പാപമോചനം തേടും. അതു കാരണമായി അവര്‍ക്ക് അസംഖ്യം നന്മകള്‍ ലഭിക്കും. സ്വലാത്ത് മജ്ലിസില്‍ എത്ര പേരുണ്ടെങ്കിലും അവര്‍ക്കെല്ലാം ഈ നന്മകള്‍ കൈവരും (ഇആനത്ത്).

 

സ്വലാത്തിന്‍റെ മര്യാദകള്‍

സ്വലാത്ത് ചൊല്ലുമ്പോള്‍ ചില മര്യാദകള്‍ പാലിക്കണം. ഇമാം സയ്യിദുല്‍ ബക്രി(റ) വിവരിച്ചു: ‘സ്വലാത്ത് ചൊല്ലുന്നവന്‍റെ ശൈലി  കുലീനമായിരിക്കണം. അഥവാ ശാരീരിക ശുദ്ധിക്കു പുറമെ അംഗശുദ്ധിയും വരുത്തി ഖിബ്ലക്കഭിമുഖമായിരിക്കണം. ചിന്തകള്‍ മുഴുവന്‍ നബി(സ്വ)യെ കുറിച്ചാകണം. സ്വലാത്തിന്‍റെ മഹത്ത്വം പൂര്‍ണമായി ലഭിക്കാന്‍ മര്യാദകള്‍ പാലിക്കണം. അക്ഷരങ്ങള്‍ ഉച്ചാരണസ്ഥലം(മഖ്റജ്) സൂക്ഷിച്ച് ധൃതികൂട്ടാതെ മൊഴിയാന്‍ ശ്രദ്ധിക്കുകയും വേണം.  പ്രവാചകര്‍(സ്വ) പറഞ്ഞിട്ടുണ്ടല്ലോ: ‘ എന്‍റെ മേല്‍ നിങ്ങള്‍ നന്നായി ചൊല്ലണം. കാരണം അവ എനിക്ക് കാണിക്കപ്പെടും’ (ഇആനത്ത്).

 

സ്വലാത്തിന്‍റെ വാചകം

ഏത് വാചകമുപയോഗിച്ചും സ്വലാത്ത് ചൊല്ലാവുന്നതാണ്. ഹദീസില്‍ സ്വഹീഹായി വന്ന വാചകങ്ങള്‍ മാത്രമേ സ്വലാത്തില്‍ ഉപയോഗിക്കാവൂ എന്ന ബിദഈ വാദം നിരര്‍ത്ഥകമാണ്. സ്വലാത്തില്‍ ഉപയോഗിക്കാന്‍ ഏത് വാചകമാണ് ഏറ്റവും ഉത്തമമെന്നതില്‍ പണ്ഡിത ലോകത്ത് വിവിധ അഭിപ്രായങ്ങളുണ്ട്.

ഇബ്നു ഹജര്‍ അല്‍അസ്ഖലാനി(റ) വിവരിക്കുന്നു: അങ്ങയുടെ മേല്‍ എങ്ങനെയാണ് ഞങ്ങള്‍ സ്വലാത്ത് ചൊല്ലേണ്ടതെന്ന് സ്വഹാബത്ത് ചോദിച്ചപ്പോള്‍ റസൂല്‍(സ്വ) അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തതാണല്ലോ ഇബ്റാഹീമിയ്യ സ്വലാത്ത്. സ്വലാത്തിന്‍റെ വാചകങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് അതാണ്. കാരണം തിരുനബി(സ്വ) തനിക്കു വേണ്ടി ഏറ്റവും ശ്രേഷ്ഠമായതാണല്ലോ തിരഞ്ഞെടുക്കുക. ഏറ്റവും ഉത്തമമായ സ്വലാത്ത് ചൊല്ലുമെന്ന് നേര്‍ച്ചയാക്കിയാല്‍ അവന്‍ ചൊല്ലേണ്ടതും ഇതേ സ്വലാത്ത് തന്നെ. ഇമാം നവവി(റ) റൗളയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ‘കുല്ലമാ ദകറഹുദ്ദാകിറൂന്‍, വ കുല്ലമാ സഹാ അന്‍ ദിക്രിഹില്‍ ഗാഫിലൂന്‍’ ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയ സ്വലാത്ത് ഇപ്രകാരമാണ്. ഈ സ്വലാത്ത് ചൊല്ലിയാലും പ്രസ്തുത നേര്‍ച്ച വീടുമെന്ന് നവവി(റ) പറയുന്നുണ്ട് (ഫത്ഹുല്‍ബാരി).

ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി(റ) പറയുന്നു: ‘ശൈഖുനാ മജ്ദുദ്ദീന്‍ ശീറാസി(റ) സ്വലാത്തിന്‍റെ മഹത്ത്വം വിവരിക്കാനായി രചിച്ച ഗ്രന്ഥത്തില്‍ പറയുന്നു; ഏറ്റവും ശ്രേഷ്ഠമായ സ്വലാത്ത് ഇപ്രകാരമാണ്: അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ അബ്ദിക വറസൂലിക, അന്നബിയ്യില്‍ ഉമ്മിയ്യി, വ അലാ ആലിഹി വ അസ്വാജിഹി വ ദുര്‍രിയ്യാത്തിഹി വ സല്ലിം അദദ ഖല്‍ഖിക വ രിളാ നഫ്സിക വ സിനത അര്‍ശിക വ മിദാദ കലിമാതിക’ (ഫത്ഹുല്‍ബാരി).

ഹദീസില്‍ കാണാം: ‘എന്‍റെയും എന്‍റെ അഹ്ലുബൈതിന്‍റെയും മേല്‍ സ്വലാത്ത് ചൊല്ലി പൂര്‍ണ പ്രതിഫലം ആഗ്രഹിക്കുന്നവര്‍ ഇപ്രകാരം പറയട്ടെ: ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അസ്വാജിഹി ഉമ്മഹാതില്‍ മുഅ്മിനീന്‍ വ ദുര്‍രിയ്യതിഹി കമാ സ്വല്ലൈത അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ് (അബൂദാവൂദ്).

ചുരുക്കത്തില്‍ ഏറ്റവും ഫലപ്രദവും അധ്വാനമില്ലാത്തതുമായ സല്‍കര്‍മമാണ് സ്വലാത്ത്. അതിന്‍റെ ഇരുലോക പ്രതിഫലങ്ങള്‍ അവര്‍ണനീയമാണ്. സ്വലാത്ത് ചൊല്ലാന്‍ നിര്‍ദേശിക്കുന്ന സൂക്തം അവതരിച്ച ഈ മാസത്തില്‍ കൂടുതല്‍ ചൊല്ലി വിജയം ഉറപ്പിക്കാനും വരും കാലങ്ങളില്‍ നിലനിര്‍ത്താനും വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

You May Also Like

കുടുംബ ജീവിതം: നബിമാതൃക

നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു…

● നിസാമുദ്ദീൻ അസ്ഹരി പറപ്പൂർ

തിരുനബി(സ്വ)യുടെ സ്‌നേഹലോകം

കാരുണ്യത്തിന്റെ പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ ലോകത്തിന് ലഭിച്ചതിലുള്ള സന്തോഷം പങ്ക് വെക്കുകയാണ് ആഗോള മുസ്‌ലിംകൾ. തിന്മകൾ…

● എസ് വൈ എസ് മീലാദ് കാമ്പയിൻ പ്രമേയം
Rasool S and Sidheeq R- Malayalam

റസൂൽ (സ്വ) – സിദ്ദീഖ്‌ (റ); ഇഴപിരിയാത്ത സൗഹൃദം

    അന്ധകാരത്തിന്റെ സർവ തിന്മകളും നിറഞ്ഞുനിൽക്കുന്ന അറേബ്യയിലാണ് അബൂബക്കർ സിദ്ദീഖ്(റ)ന്റെ ജനനം. രക്തച്ചൊരിച്ചിലും കൊള്ളയും…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ