ഇസ്‌ലാമിലെ സകാത്ത് സംവിധാനം കേവലമായ ഒരു ദാന പ്രക്രിയ മാത്രമല്ല. വിവിധോദ്ദേശ്യ കർമമായി നമുക്കതിനെ കാണാനാവും. മനുഷ്യന്റെ ഇടപെടൽ വഴി പ്രപഞ്ചത്തിൽ നടക്കേണ്ട ഒരു ക്രമീകരണമാണത്. കൃത്യമായി അത് നിർവഹിക്കണം എന്നാണ് ഇസ്‌ലാം നിഷ്‌കർഷിക്കുന്നത്. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ പ്രധാനവുമാണതു് സകാത്തുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഫലനങ്ങൾ, സകാത്ത് ബാധിതനെ മാത്രംബാധിക്കുന്നതല്ല. അത് കൃത്യമായി അനുഷ്ഠിക്കുമ്പോൾ ദാതാവും സ്വീകർത്താവും സമൂഹവും അതിന്റെ ഗുണം അനുഭവിക്കുന്നു. കൃത്യമായി നിർവഹിക്കാതിരുന്നാൽ ചില ദൂഷ്യങ്ങൾ സ്വാഭാവികവുമാണ്. അത് എല്ലാവരെയും ബാധിക്കുന്ന, ആത്മീയവും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളായിരിക്കും.
ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളും അനുബന്ധ പോഷണ നിർദേശങ്ങളുമെല്ലാം വ്യത്യസ്ത തലങ്ങളിൽ സ്വാധീനം ചെലുത്താൻ പ്രാപ്തിയുള്ളവയാണ്. മനുഷ്യ പ്രകൃതത്തിന്റെ സ്വാഭാവികതകൾക്കും വികാര വിചാരങ്ങൾക്കും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോ സംസ്‌കരണങ്ങളോ ഇസ്‌ലാമിക നിർദ്ദേശങ്ങളിൽ അടങ്ങിയിട്ടുണ്ടാവും. അവ കൃത്യമായി പാലിക്കപ്പെടുമ്പോൾ ഗുണപരമായ
പ്രതിഫലനങ്ങൾ ഉറപ്പാണ.് സകാത്തിന്റെ പ്രതിഫലനങ്ങൾ മറ്റു കർമങ്ങളെ അപേക്ഷിച്ച് പ്രത്യക്ഷമായി തന്നെ കാണുന്നവയാണ്. ദാന പ്രക്രിയക്ക് ദാതാവും സ്വീകർത്താവും ഉണ്ടാവുമല്ലോ. സ്വീകർത്താവ് കേവലമായ ഒരു സ്വീകർത്താവ് മാത്രമായിരിക്കില്ല. മറിച്ച് നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അവകാശിയായിരിക്കും. അഥവാ അവൻ ഒരു ഔദാര്യംപറ്റി ആയിരിക്കില്ല. തന്റെ പരാധീനതകൾ പരിഹരിക്കപ്പെടുന്നതിന് അല്ലാഹു നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥയോട് പൊരുത്തപ്പെടുക മാത്രമാണ് അവൻ ചെയ്യുന്നത്. അതിനാൽ തന്നെ സ്വീകരിക്കുന്നവനെ സംബന്ധിച്ചിടത്തോളം ജാള്യതയുടെയോ അപകർഷതയുടെയോ പ്രശ്‌നമില്ല തന്നെ.. സ്വീകർത്താവിന്റെ ദൈന്യത പരിഹരിക്കപ്പെടുക വഴി സമൂഹത്തിലെ ദരിദ്ര സാന്നിധ്യം കുറയും.
അങ്ങനെ ഉള്ളവരും ഇല്ലാത്തവരും ശരാശരിക്കാരും ജീവിക്കുന്ന സമൂഹത്തിൽ, എല്ലാവരും ജീവിതാവശ്യങ്ങൾക്ക് പ്രയാസമി ല്ലാത്തവരായിത്തീരും. ഇത് പ്രത്യക്ഷമായിത്തന്നെ എല്ലാവർക്കും ബോധ്യപ്പെടുന്ന പ്രകടാനുഭവമാണ്. ജീവകാരുണ്യ വിചാരവും സഹജീവി സ്‌നേഹവും കളിയാടുന്ന സമൂഹത്തിൽ ഇത് സൃഷ്ടിക്കുന്ന സന്തോഷം ചെറുതായിരിക്കില്ല.
1000 കുടുംബങ്ങൾ താമസിക്കുന്ന ഒരു ഗ്രാമം. അതിൽ 600 കുടുംബങ്ങൾ ജീവിതത്തെ ശരാശരി മുന്നോട്ടു നയിക്കാൻ സാധിക്കുന്ന സാമ്പത്തിക സൗകര്യമുള്ളവർ. 200 കുടുംബങ്ങൾ ദരിദ്രരോ അഗതികളോ ആണെന്നതിനാൽ ജീവിതാവശ്യങ്ങൾ പൂർത്തീകരിക്കാൻ പ്രയാസപ്പെടുന്നവർ. 200 കുടുംബങ്ങൾ ഉയർന്ന സാമ്പത്തികശേഷിയുള്ളവരോ വ്യാപാരികളോ ആണ്.
ഈ ഗ്രാമത്തിലെ ജനങ്ങൾ അവരുടെ സാമ്പത്തികമായ അസന്തുലിതത്വം കൊണ്ട് ജീവിതാവശ്യങ്ങളുടെ നിർവഹണ കാര്യത്തിൽ വ്യത്യസ്ത സ്ഥിതി ഉള്ളവരായിരിക്കുന്നു. സ്വാഭാവികമായും ഇതിന് പരിഹാരം ഉണ്ടാകേണ്ടതാണ്. അല്ലാത്ത പക്ഷം സഹജീവി സ്‌നേഹമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം മന:സമാധാനം കുറവായിരിക്കും.
ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തികശേഷിയുള്ള 200 പേർ, അവരുടെ സകാത്ത് വിഹിതം 200 കുടുംബങ്ങളിലേക്ക് എത്തിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും. അങ്ങനെ ജീവിത പ്രയാസങ്ങളില്ലാത്ത ആളുകളുടെ ഒരു സന്തുഷ്ട ഗ്രാമം പിറവിയെടുക്കും. ഇസ്‌ലാമിലെ സകാത്ത് സംവിധാനത്തിന് പ്രത്യക്ഷമായിത്തന്നെ സാമ്പത്തിക മേഖലയിൽ പ്രതിഫലനം സൃഷ്ടിക്കാനാവും. കൃത്യവും കണിശവുമായി സകാത്തനുഷ്ഠാനം നടക്കുമ്പോൾ അവകാശികൾ തന്നെ ഇല്ലാതാവുന്ന സാഹചര്യം ഉണ്ടാകും. ഇസ്‌ലാമിക ചരിത്രത്തിൽ അതിന്റെ ഉദാഹരണം കാണാം. ബഹുമത സമൂഹത്തിൽ വളരെ വേഗത്തിൽ ഇത് പ്രത്യക്ഷപ്പെട്ടു കാണില്ലെങ്കിലും ആത്മാർത്ഥമായ സകാത്തു നിർവഹണം കൊണ്ട് ഒരു പരിധിവരെ ഇല്ലാത്തവനെ രക്ഷപ്പെടുത്താനാവും. മതപരമായ കാരണങ്ങളാലോ മറ്റോ അവകാശികളിൽ പെടാത്തവർക്കും ജീവിത വൃത്തിക്ക് സഹായം ചെയ്യണമെന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ച പുണ്യമാണ്.
യഹ്‌യബ്‌നു സഈദ്(റ) പറയുന്നു; ഉമറുബ്‌നു അബ്ദുൽഅസീസ്(റ) ആഫ്രിക്കയിലെ സകാത്ത് സംഭരിക്കുന്നതിന് വേണ്ടി എന്നെ നിയോഗിച്ചു. ഞാൻ സകാത്ത് സംഭരിച്ച ശേഷം അത് നൽകുന്നതിനു വേണ്ടി ദരിദ്രരെ അന്വേഷിച്ചു. പക്ഷേ, എന്നിൽ നിന്ന് സകാത്ത് സ്വീകരിക്കാൻ അർഹതയുള്ള ദരിദ്രരെ എനിക്ക് കണ്ടെത്താനായില്ല. ഉമറുബ്‌നു അബ്ദുൽഅസീസ് (റ)വിന്റെ ഭരണം ജനങ്ങളെയെല്ലാം സാമ്പത്തിക സുസ്ഥിതിയുള്ളവരാക്കിയിരുന്നു. അങ്ങനെ ഞാൻ സകാത്ത് സമ്പത്തുകൊണ്ട് അടിമകളെ വാങ്ങി മോചിപ്പിച്ചു. (സീറത്തു ഉമറുബ്‌നുഅബ്ദിൽ അസീസ് (റ)

ഔദാര്യമല്ല, ബാധ്യത
സകാത്ത് സംവിധാനം കേവലമായ ഒരു ദാന പ്രവർത്തനമല്ല, അത് പോലെ ദാതാവിന്റെ ഔദാര്യവുമല്ല. തന്നെ ഏൽപിക്കപ്പെട്ട സമ്പത്തിൽ നിന്ന് തന്റെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനോ ടൊപ്പം മറ്റു ചിലരുടെ ആവശ്യ പൂർത്തീകരണത്തിനുള്ളത് വിതരണം ചെയ്യാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ടവനാണ് സമ്പന്നൻ.
സാമ്പത്തിക ക്രമീകരണത്തിൽ വ്യത്യസ്ത ചുമതലകളാണ് പലർക്കുമുള്ളത്. സമ്പത്ത് ലഭിച്ചവൻ സമ്പത്ത് ഉപയോഗിച്ചു കൊണ്ട് നിർദ്ദേശിക്കപ്പെട്ടതും അനുവദനീയമായതുമായ വിനിമയ, നിക്ഷേപങ്ങൾ നടത്തുകയും വിതരണ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടവനാണ്. സമ്പത്ത് ഉപാധിയാക്കി ഐഹികവും പാരത്രികവുമായ സുസ്ഥിതിയും വിജയവും ഉറപ്പു വരുത്താൻ ബാധ്യസ്ഥനാണവൻ. കേവലം ഒരു ഉപഭോഗിയായി ജീവിക്കണ്ടേവനല്ല. സമ്പത്ത് ഉപയോഗിച്ചും ഉപജീവിച്ചും ഉൽപാദിപ്പിച്ചും വികസിപ്പിച്ചും സാമ്പത്തിക ക്രമീകരണത്തിൽ തന്റെ പങ്കാളിത്തവും ദൗത്യവും അനുഷ്ഠിച്ചു ജീവിക്കുകയാണ് തന്റെ ബാധ്യത. നാഥനായ അല്ലാഹു സമ്പത്തു നൽകി ചില ഉത്തരവാദിത്തങ്ങൾ തന്നെ ഏൽപ്പിച്ചിട്ടുണ്ട് എന്ന വിചാരം നഷ്ടപ്പെടുത്.
ശൂന്യമായ കൈകളുമായി പിറന്ന നമ്മുടെ കൈകളിലും പരിധിയിലും വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ സമ്പത്ത് എത്തിച്ചു തന്നത് അല്ലാഹുവാണ്. യുക്തിഭദ്രമല്ലാത്ത ഒന്നും ചെയ്യാത്ത പ്രപഞ്ചനാഥൻ, നമ്മെ പരീക്ഷിക്കുന്നതിനായി ഉപാധിയാക്കിയത് സാമ്പത്തിക സൗകര്യത്തെയാണ്. സമ്പത്തിനെ ഡെഡ് മണിയാക്കി, ബാങ്ക് ബാലൻസിന്റെ കണക്ക് നോക്കി ആനന്ദിക്കാനും ബിസിനസ് ശൃംഖലയുടെ പേരിൽ മേനി നടിക്കാനുമല്ല. .സമ്പത്ത് കാരണമായി പരാജയപ്പെടാനുള്ള സാധ്യതയെക്കുറിച്ച ജാഗ്രത പ്രധാനമാണ്. നമ്മുടെ സമ്പത്ത് എന്ന് നാം ധരിക്കുന്നതിൽ ഒരു ഭാഗം മറ്റുള്ളവർക്ക് വിതരണം ചെയ്യാനായി അല്ലാഹു നമ്മെ ഏൽപ്പിച്ചതാണ് എന്ന ചിന്ത സകാത്ത് ബാധിതനും സമ്പന്നനും ഉണ്ടാവേണ്ടതാണ്. അപ്പോൾ വാങ്ങുന്നവനും കൊടുക്കുന്നവനും തമ്മിലുള്ള അന്തരത്തിന്റെ അകലം കുറയും. വാങ്ങുന്നവനെയും വാങ്ങാൻ വരുന്നവനെയും മോശമായി കാണാൻ കഴിയില്ല. മാത്രമല്ല തന്റെ സമ്പത്തിന്റെ വിമലീകരണത്തിനായി നാഥൻ അവകാശിയെ തന്റെ മുമ്പിൽ എത്തിച്ചതാണ് എന്ന തിരിച്ചറിവാണുണ്ടാവുക. തന്നെ ഏൽപ്പിച്ചിട്ടുള്ള അവകാശിയുടെ വിഹിതം സമ്പത്തിൽ നിന്ന് വേർതിരിച്ച് അവനെ ഏൽപ്പിച്ചു സന്തോഷത്തോടെ തിരിച്ചയക്കാൻ സാധിക്കണം.

വിഹിതം നേടൽ
തനിക്ക് ഗുണകരമായതെന്തെന്ന് യജമാനൻ നന്നായി അറിയുന്നവനാണ്. അവനാണ് സകാത്തവകാശി എന്ന വിശേഷണം തനിക്ക് നൽകിയത്. ഒന്നിനെയും പാഴാക്കാത്തവൻ, എല്ലാറ്റിനും ജീവിത നിയോഗവും വിഭവവും നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ തന്നെ താനൊരു സകാത്തവകാശിയാണ് എന്നുറപ്പുണ്ടെങ്കിൽ വാങ്ങുന്നത് കുറച്ചിലായി കാണേണ്ടതില്ല. ഇല്ലാത്തവനു മാത്രമല്ല യാചകന് പോലും സാമ്പത്തിക അവകാശമുണ്ടെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലാത്തവനായി തന്നെ സൃഷ്ടിച്ച് തന്നെ നിന്ദ്യനാക്കി എന്ന് ആലോചിക്കാൻ പാടില്ല. അല്ലാഹു അവന്റെ യുക്തിപൂർണമായ തീരുമാനം നടപ്പാക്കുകയാണ്. അവൻ നിശ്ചയിച്ചിടത്തു നിന്ന് ഗുണം ഉറപ്പാക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്.
സമ്പത്ത് നൽകുന്നതും നൽകാതിരിക്കുന്നതും പരീക്ഷണമാണെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അത് മനസ്സിലാക്കുന്നതിൽ മനുഷ്യന് സംഭവിക്കുന്ന വീഴ്ചയാണ് അനാവശ്യ ചിന്തകൾ ഉൽപാദിപ്പിക്കുന്നത്. അല്ലാഹു പറയുന്നു, എന്നാൽ തന്റെ നാഥൻ മനുഷ്യനെ പരീക്ഷിക്കുകയും അവന് ആദരം നൽകുകയും അനുഗ്രഹങ്ങളേകുകയും ചെയ്താൽ അവൻ പറയും (ധരിക്കും), എന്റെ നാഥൻ എന്നെ ആദരിച്ചിരിക്കുകയാണ്.
ഇനി അല്ലാഹു അവനെ പരീക്ഷിക്കുകയും അങ്ങനെ അവന്റെ ജീവിത വിഭവങ്ങളിൽ പരിമിതി ഏർപ്പെടുത്തുകയും ചെയ്താൽ അവൻ പറയും, എന്റെ നാഥൻ എന്നെ നിന്ദിച്ചിരിക്കുന്നു. (അൽ ഫജ്ർ: 15,16)

സമ്പത്ത് ഒരു പരീക്ഷണം
സമ്പത്തും ദാരിദ്ര്യവും പരീക്ഷണോ പാധികളാണെന്ന് തിരിച്ചറിയാതിരിക്കുന്നതിന്റെ കാരണമെന്തെന്ന് തുടർന്നുള്ള സൂക്തങ്ങളിൽ വിവരിക്കുന്നുണ്ട്. സമ്പത്തിനോടുള്ള അമിതമായ പ്രമത്തതയും സ്വന്തമായി മാത്രം അനുഭവിക്കണമെന്ന സ്വാർത്ഥതയുടെ അതി പ്രസരണവുമാണ് പലരെയും ബാധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സമ്പത്ത് ഏതൊരു ലക്ഷ്യത്തിലാണ് തനിക്ക് നൽകപ്പെട്ടത് എന്ന വിചാരം പലർക്കും ഇല്ലാതെ പോകുന്നത്. സമ്പത്തില്ലാത്തവരെ സംബന്ധിച്ചിടത്തോളം, അതിൽ നീരസവും പ്രതിഷേധ സമീപനങ്ങളും ഉണ്ടായിത്തീരുന്നതും നല്ലതല്ലാത്ത സാമ്പത്തിക മോഹത്തിന്റെ ഫലം തന്നെയാണ്.
അല്ലാഹു പറയുന്നു;
എന്നാൽ കാര്യം അങ്ങനെയല്ല, നിങ്ങൾ അനാഥയെ ആദരിക്കുന്നില്ല, അഗതിക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കുന്നില്ല, പൈതൃക സമ്പത്ത് വാരിക്കൂട്ടി അധികമായി ഭക്ഷിക്കുകയാണ്, ധനത്തെ നിങ്ങൾ അതിയായി സ്‌നേഹിക്കുകയുമാണ്. (അൽഫജ്ർ: 17,20)

വകമാറ്റരുത്
സകാത്ത് നിർബന്ധമായ ഒരനുഷ്ഠാനമാണെന്നതിനാൽ അതിന്റെ നിർവഹണത്തിന് ധാരാളം നിബന്ധനകളും ഘടകങ്ങളും രീതികളുമുണ്ട്. അവ ലംഘിക്കാതെ നിർവഹിച്ചെങ്കിലേ സകാത്ത് ബാധ്യതയിൽ നിന്നൊഴിവാകുകയുള്ളൂ. ഇല്ലാത്തവനെയും പ്രയാസപ്പെടുന്നവനെയും സഹായിക്കുക എന്നത് സകാത്തു കൊണ്ടു നടക്കുന്നുവെങ്കിലും സകാത്ത് നൽകുക എന്നതാണ്, സകാത്ത് ബാധിതരെ സംബന്ധിച്ചിടത്തോളം പ്രധാനം, ദാനം എന്ന നിലയിൽ റിലീഫായോ ഭക്ഷ്യധാന്യ കിറ്റായോ നൽകാൻ സകാത്ത് വിഹിതം ഉപയോഗിച്ചു കൂടാ. സക്കാത്ത് നിശ്ചിത സമ്പത്തിൽ നിന്ന് വ്യക്തികളായ അവകാശികൾക്ക് ലഭിക്കുന്ന വിധത്തിൽ തന്നെ നൽകണം. തന്റെ സകാത്ത് വിഹിതം എത്രയെന്ന് കൃത്യമായി കണക്കാക്കി അത് നൽകാൻ തീരുമാനിക്കണം.
സകാത്ത് വിഹിതം മാറ്റിവെക്കുന്ന സമയത്തോ, വിതരണ ചെയ്യുന്ന സമയത്തോ വിതരണത്തിന് വ്യക്തിയെ (വക്കീലിനെ )ഏൽപ്പിക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യണം. എന്റെ സക്കാത്താണിത്, അല്ലാഹുവിനു വേണ്ടി ഞാനിത് നൽകുന്നു. അല്ലാഹുവേ, നീ ഇത് ഖബൂലാക്കേണമേ എന്ന വിചാരത്തോടെയും പ്രാർത്ഥനയോടെയും നൽകുന്നതാണ് സകാത്ത് വിതരണത്തിന്റെ രീതി. നിയ്യത്ത് മാത്രമേ നിർബന്ധമുള്ളൂ. സകാത്ത് എന്ന് നിയ്യത്ത് ചെയ്യണമെങ്കിൽ നിബന്ധനകൾ ഒത്തിരിക്കണം. ദാനമായതു കൊണ്ട് മാത്രം സകാത്താവുകയില്ല. സകാത്ത് വിഹിതം അവകാശികളിലേക്ക് മാത്രമേ എത്താവൂ. അത് നിർദിഷ്ട രൂപത്തിലാവുകയും വേണം.
റിലീഫ് സംഘടനകൾക്കും ഔദ്യോഗികമോ അല്ലാത്തതോ ആയ ദുരിതാശ്വാസ ഫണ്ടുകളിലേക്കും സംഘടനാ പ്രവർത്തന ഫണ്ടിലേക്കും സകാത്ത് വിഹിതത്തിൽ നിന്ന് നൽകുകവഴി ദരിദ്രരും അഗതികളും അടങ്ങുന്ന പാവപ്പെട്ടവരുടെ വിഹിതത്തെ, നമുക്ക് പേരും പെരുമയും നൽകുന്ന വഴികളിലേക്ക് വകമാറ്റി ചെലവഴിക്കുക എന്ന ഗുരുതരമായ പിഴവാണ് സംഭവിക്കുന്നത്. നൽകുന്നവരും റിലീഫിന്‌വിഭവങ്ങൾ ശേഖരിക്കുന്നവരും ഇത് ഓർക്കേണ്ടതാണ്

റിലീഫ് അല്ല സകാത്ത്
പ്രയാസപ്പെടുന്നവരെയും അനാഥകളെയും അഗതികളെയും സഹായിക്കാനും സംരക്ഷിക്കാനും സമൂഹത്തിന് ബാധ്യതയുണ്ട് വിശ്വാസികളുടെ സമ്പത്തിൽ ദുരിതാശ്വാസ വഴിയിൽ വിനിയോഗിക്കുന്നതിനുള്ള അംശം അടങ്ങിയിട്ടുണ്ടെന്ന് ഖുർആൻ സൂചിപ്പിക്കുന്നു. സകാത്ത് വിഹിതമല്ലാതെ തന്നെ ഈ വിഷയത്തിൽ ഉപയോഗിക്കേണ്ടതുണ്ട്. ഖുർആൻ പറയുന്നു; അവരുടെ സമ്പത്തിൽ യാചകനും സ്വത്ത് നൽകപ്പെട്ടിട്ടില്ലാത്തവനും അംശമുണ്ട്. (അദ്ദാരിയാത്; 19)
അഗതികളെയും അനാഥരെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ സാമ്പത്തികമായി പങ്കാളിയാകുന്നതിന് സമാനമാണ,് ഉപദേശിച്ചും പ്രേരിപ്പിച്ചും പങ്കാളിയാവൽ. സമ്പത്തു കൊണ്ട് സഹായിക്കാത്തവനെ പോലെ തന്നെയാണ് പ്രേരണ നൽകാത്തവനെയും ഖുർആൻ താക്കീത് ചെയ്തിട്ടുള്ളത്.
അഥവാ പ്രയാസമനുഭവിക്കുന്നവർക്ക് സ്വന്തമായി സഹായം നൽകാൻ കഴിയില്ലെങ്കിലും നൽകാൻ കഴിയുന്നവരെ കൊണ്ട് ചെയ്യിക്കണമെന്നാണ് ഇസ്‌ലാമിക പാഠം. സമ്പത്തിനോടുള്ള പ്രമത്തതയുടെ കാരണങ്ങളും അതിന്റെ ഫലങ്ങളും വിവരിച്ച കൂട്ടത്തിൽ, അഗതികൾക്ക് വിഭവം നൽകാൻ പ്രേരിപ്പിക്കാത്തവരെയും ഉൾപ്പെടുത്തിയത് കാണാം.
വാക്കാലോ പ്രവർത്തിയാലോ സാധിക്കുന്ന സാധു സേവനത്തിന്റെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. അത്തരത്തിലൊരു പ്രേരണയുടെ സാഹചര്യമുണ്ടായാൽ സാമ്പത്തിക ശേഷിയുള്ളവർ അത് നിരസിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ പരിധിയിൽ പ്രയാസപ്പെടുന്നവരും സഹായത്തിനർഹരായവരുമുണ്ടെന്ന വിവരം ലഭിച്ച് , സാമ്പത്തികമായ നമ്മുടെ ഒരു ബാധ്യത യഥാ സമയം നിർവഹിക്കാൻ അവസരമൊരുങ്ങുന്നു എന്നതിനാൽ സന്തോഷത്തോടെയാണിത് കാണേണ്ടത.് നേരിട്ടോ, സമീപിച്ചവർ മുഖേനയോ അർഹരിലേക്ക് സഹായമെത്തിക്കാൻ നമുക്ക് കഴിയുന്നു. സകാത്ത് വിഹിതം അല്ലാത്തതും സകാത്ത് ബാധകമല്ലാത്ത സമ്പത്തിനങ്ങളിൽ നിന്നും ഇത് നൽകാനാവുന്നതാണല്ലോ. സകാത്ത് വിഹിതം ഉപയോഗിച്ച് തന്നെ അതിന് വഴി കാണേണ്ടതില്ല. ആവശ്യമായ റിലീഫ് പങ്കാളിത്തം എന്ന സ്വന്തം ബാധ്യത നിർവഹിക്കാൻ മറ്റൊരാൾക്ക് അവകാശപ്പെട്ടത് ഉപയോഗിക്കാതിരിക്കുകയും സ്വന്തമായ സമ്പത്ത് ഉപയോഗിച്ച് പുണ്യം ഉറപ്പുവരുത്തുകയും ചെയ്യുകയാണ് വേണ്ടത്. നൽകുന്നവർ എന്ത് നൽകിയാലും തങ്ങളുടെ റിലീഫ് നടക്കണം എന്ന നിലയിൽ സകാത്ത് വിഹിതത്തിൽ നിന്നും വിഭവ സമാഹരണം നടത്തുന്നവർ ഗുരുതരമായ പാതകമാണ് ചെയ്യുന്നതെന്ന് ഓർക്കേണ്ടതാണ്.

അഖബ എന്ന കടമ്പ
ഖുർആൻ പറയുന്നു; എന്നിട്ടും അവൻ അഖബ: വിട്ടു കടന്നില്ല. എന്താണ് അഖബ എന്ന് തങ്ങൾക്കറിയുമോ. അടിമയെ മോചിപ്പിക്കലും അതിശക്തമായ വറുതിക്കാലത്ത് ബന്ധുവായ അനാഥക്കും പട്ടിണികൊണ്ട് മൺപുരണ്ട അഗതിക്കും ഭക്ഷണം നൽകലുമാണ്. (അൽബലദ് 11,6) ഈ സൂക്തത്തിൽ പറഞ്ഞ അഖബ. മനുഷ്യനു മുന്നിലെ വലിയൊരു കടമ്പയാണ്. സ്വർഗത്തിലെത്താൻ ആ കടമ്പ കടക്കണം. അഖബ ക്ക് നൽകപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങൾ ഗൗരവമേറിയ ആശയങ്ങളാണ് നൽകുന്നത്. നരകത്തിൽ അകപ്പെടുന്നതിൽനിന്ന് രക്ഷനേടാൻ നിശ്ചയിക്കപ്പെട്ട ഉറപ്പായ മാർഗങ്ങൾ സ്വീകരിക്കാൻ അവസരമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ നരകത്തിൽ അകപ്പെടുന്നവന്റെ നഷ്ടത്തിന്റെ ആഴമാണതിൽ വിവരിച്ചിരിക്കുന്നത്. എന്താണ് രക്ഷാമാർഗങ്ങൾ എന്ന് കൂടുതൽ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് അല്ലാഹു തുടർന്ന് പറയുന്നുണ്ട.് അടിമമോചനം, അതിശക്തമായ വറുതിക്കാലത്ത് അടുത്ത ബന്ധത്തിൽപ്പെട്ട അനാഥക്കും വിശന്നൊട്ടിയ അഗതിക്കും ഭക്ഷണം നൽകൽ എന്നിവയാണത്. ഭൗതികമായ പ്രയാസക്കുരുക്കിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയാൽ പാരത്രികമായ മഹാകുരുക്കിൽ നിന്നും രക്ഷ നേടാനാവും. സൗകര്യമുള്ളവർ അവസരങ്ങൾ ഉപയോഗപ്പെടുത്തി പാരത്രിക ലോകത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികൾ തട്ടി മാറ്റുന്നതിനു വേണ്ടി ശ്രമിക്കണം. സകാത്ത് വിഹിതമല്ലാതെ തന്നെ ഇതിന് ആവശ്യമായ ധനം വിനിയോഗിക്കണം. സകാത്ത് കൊണ്ട് നമ്മുടെ ഇസ്‌ലാമിന്റെ സ്ട്രക്ചർ പൂർത്തിയാക്കുന്നതോടൊപ്പം സുസ്വീകാര്യവും ഫലപ്രദവും എന്ന് നമുക്ക് പഠിപ്പിക്കപ്പെട്ട കാര്യങ്ങൾ അനുവർത്തിച്ച് വിജയം ഉറപ്പാക്കുകയാണ് വേണ്ടത്.

സകാത്ത് നൽകാതിരുന്നാൽ
സകാത്ത് നൽകാതിരുന്നാൽ തന്റെ ഇസ്‌ലാമിന്റെ സകാത്ത് നൽകാത്തവന് പാരത്രികമായി ലഭിക്കുന്നു ശിക്ഷയുടെ കാഠിന്യം ഖുർആനും ഹദീസും വ്യക്തമാക്കിയതാണ്.
അല്ലാഹു നമ്മുടെ അധീനത്തിൽ സമ്പത്ത് നൽകി, അതിൽ നിന്ന് നിശ്ചിത വിഹിതം അവന്റെ അടിമകളിൽ പെട്ട നിശ്ചിത ആളുകൾക്ക് നൽകണമെന്ന് കൽപിച്ചതുപോലെയാണ് സകാത്തിന്റെ അവസ്ഥ. അതുകൊണ്ടു തന്നെ സകാത്ത് അവകാശികൾക്ക് നൽകാതിരിക്കുമ്പോൾ രണ്ടുതരത്തിലുള്ള അഹിതങ്ങൾ വന്നുചേരുന്നു. ഒന്ന്, അല്ലാഹുവിന്റെ കൽപനയെ അവഗണിക്കൽ. രണ്ട്, ദരിദ്രരടക്കമുള്ള സകാത്തവകാശികളുടെ അർഹമായ വിഹിതം നൽകാതെ പിശുക്കും അക്രമവും കാണിക്കൽ. ഇതു രണ്ടും പാരത്രികമായ ശിക്ഷ ലഭിക്കാൻ മതിയായ കാരണങ്ങളാണെന്നതിൽ സംശയമില്ല. സമ്പത്ത് ഏൽപ്പിച്ചവൻ നിർദേശിച്ച രൂപത്തിലല്ലാതെ അത് വിനിയോഗിച്ച് കൊണ്ട് അവന്റെ മുമ്പിൽ രക്ഷപ്പെടാനാവില്ല. ഭൗതികമായ വിഷയങ്ങളിൽ വകമാറ്റി ചെലവഴിച്ചാലും അർഹർക്ക് അവകാശപ്പെട്ടത് നൽകാതിരുന്നാലും അതെത്ര മോശവും തെറ്റുമാണ്. എങ്കിൽ മതപരമായ ഈ നെറികേടിനെ എങ്ങനെയാണ് നമ്മുടെ മാന്യതയോട് ചേർത്തുവെക്കാനാവുക.

അക്രമമാണത്
സകാത്ത് നൽകാതിരിക്കുന്നത് അക്രമമാണ്. അക്രമം എന്നാൽ വാളെടുത്ത് വെട്ടുന്നതോ വടിയെടുത്തു അടിക്കുന്നതോ മാത്രമല്ല. സമൂഹത്തിന്റെ സാമ്പത്തിക ക്രമത്തിൽ ഭംഗം വരുത്തലും അക്രമമത്രെ. സകാത്തിന് സമൂഹത്തിന്റെ സാമ്പത്തിക വിഷയത്തിൽ കൃത്യമായ ഒരിടമുണ്ട്. ആ ഇടം നികത്തപ്പെടാതെയും പരിഗണിക്കപ്പെടാതെയും വരുമ്പോളുണ്ടാകുന്ന ക്രമഭംഗമാണ് ഇവിടെ അക്രമം. എല്ലാ ജീവികളുടേയും ഭക്ഷണകാര്യം അല്ലാഹു ഏറ്റെടുത്തതാണെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അതിന് അവൻ നിശ്ചയിച്ച മാർഗങ്ങളുമുണ്ട്. സാമ്പത്തിക സുസ്ഥിതിയുള്ളവരും അധ്വാനിച്ച് നേടുന്നവരും സകാത്തവകാശികളും തുടങ്ങി, ഓരോരുത്തർക്കും വ്യത്യസ്ത മാർഗേണ ജീവിത വിഭവങ്ങൾ നൽകപ്പെടുന്നുണ്ട്.
വ്യത്യസ്ത തരക്കാരായ ആളുകൾ ചേരുമ്പോഴാണ് സമൂഹമെന്ന ആശയവും അതിന്റെ സുതാര്യമായ ചലനങ്ങളും പരിവർത്തനങ്ങളും ഉണ്ടാവുക.
പരസ്പരം കൊണ്ടും കൊടുത്തും സഹായിച്ചും സഹകരിച്ചും ജീവിതത്തെ സന്തുഷ്ടമാക്കാനാണ് നാം ശ്രമിക്കേണ്ടത്. എല്ലാവരും അവരവരുടെ ദൗത്യവും നിയോഗവും നിർവഹിക്കണം. സാഹചര്യങ്ങളും യോഗ്യതകളും സാധ്യതകളും ദൗത്യത്തെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. യജമാനനായ അല്ലാഹു, തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം എന്തെന്ന് മനസ്സിലാക്കി, എല്ലാവരും പ്രവർത്തിക്കുകയാണ് വേണ്ടത്. ആത്മീയമായും ഭൗതികമായും മനുഷ്യനെ ബാധിക്കുന്ന ഉത്തരവാദിത്വങ്ങളും ബാധ്യതകളുമുണ്ട്. സമൂഹത്തിന്റെ ഘടനാപരമായ സവിശേഷത പൂർണമാകുന്നത് അപ്പോഴാണ്. കൂട്ടായ ശ്രമത്തിൽ സമൂഹത്തിന്റെ ഭദ്രതയും ക്രമീകരണവും പൂർത്തീകരിക്കപ്പെടണം. പരസ്പരം പല സേവനങ്ങളും അനുസരണങ്ങളും നടക്കുമ്പോഴാണിത് യാഥാർഥ്യമാകുക.
ഖുർആൻ പറയുന്നു; അവരാണോ അങ്ങയുടെ നാഥന്റെ അനുഗ്രഹത്തെ വീതിച്ച് നൽകുന്നത്?. എന്നാൽ നാമാണ് ഭൗതിക ജീവിതത്തിൽ അവർക്ക് അവരുടെ ജീവിത വിഭവങ്ങൾ വീതിച്ചു നൽകുന്നത്. അവരിൽ ചിലരെ മറ്റു ചിലരേക്കാൾ നാം പദവിയിൽ ഉയർത്തിയിട്ടുണ്ട് അവർ പരസ്പരം സേവനം ചെയ്യുന്നവരാവാൻ. അങ്ങയുടെ നാഥന്റെ കാരുണ്യമാണ് അവർ സംഭരിക്കുന്നതിൽ ഏറ്റവും ഉത്തമം. (അസ്സുഖ്‌റുഫ് 32)
ഭൗതിക ജീവിത വിഭവങ്ങൾ നൽകിയതിലും സമൂഹത്തിലെ സേവന പങ്കാളിത്തത്തിനുള്ള അവസരങ്ങളിലും വ്യത്യസ്തതകളുണ്ട്. ചിലർ ചിലരുടെ കീഴിലോ കൂടെയോ മീതെയോ സേവന സഹകരണം നടത്തണം എന്നാണ് അല്ലാഹുവിന്റെ നിശ്ചയം. ഇത് ആരെയും അവഗണിക്കാനോ പ്രത്യേകമായി പരിഗണിക്കാനോ അല്ല. മറിച്ച് ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങൾ നിശ്ചയിച്ചു നൽകിയതാണ്. എല്ലാവരും ഉത്തരവാദിത്വമുള്ളവരാണെന്നതിനാൽ എല്ലാവരുടെയും നിലനിൽപും സുസ്ഥിതിയും സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങൾ ഓരോരുത്തർക്കും നൽകിയിട്ടുണ്ട്. അധ്വാനിച്ച് നേടിയത് കൊണ്ട് മാത്രം പരിഹരിക്കാനാവാത്ത ജീവിതാവശ്യങ്ങളുണ്ടാവും. ആരോഗ്യപ്രശ്‌നങ്ങളും വിദ്യാഭ്യാസ കാര്യങ്ങളും അനിവാര്യമായ ചടങ്ങുകളും പൂർത്തീകരിക്കേണ്ടിവരും. അതിനൊക്കെ ഉപകാരപ്പെടുന്ന വിധത്തിൽ ഒരു വിഹിതം സമ്പന്നന്റെ അടുത്തേൽപ്പിച്ച് വിതരണം നടത്താൻ നിർദേശിക്കപ്പെട്ടിരിക്കുകയാണ്. അത് കൃത്യമായി അനുഷ്ഠിക്കാതെവരുമ്പോൾ വിടവ് അനുഭവപ്പെടും. ക്രമഭംഗം സംഭവിക്കും.

ദരിദ്രന്റെ വിശപ്പ്
എല്ലാവരും തങ്ങളുടെ ഉത്തരവാദിത്വ ങ്ങളും വിതരണ നിർദേശങ്ങളും നിർവഹിക്കുന്ന പക്ഷം, ദാരിദ്ര്യമോ ജീവിത വിഭവങ്ങൾ ഇല്ലാത്തതിന്റെ പേരിൽ
കഷ്ടതകൾ അനുഭവിക്കുന്നവരോ ഉണ്ടാവില്ല. അപ്രതീക്ഷിതമായ ദുരന്തങ്ങളെന്തെങ്കിലും സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ പരിഹാരത്തിന് നിർദേശങ്ങളുണ്ടെന്നതിനാൽ സമാധാനമുള്ള സാമൂഹ്യാന്തരീക്ഷം പിറക്കും എന്നതിൽ സന്ദേഹമില്ല. ഉപരി സൂചിപ്പിച്ച വിധം കൃത്യവിലോപം കാണിച്ചാൽ ക്രമീകരണത്തിൽ പാളിച്ചകൾ അനുഭവപ്പെടും. വിശക്കുന്നവനും വസ്ത്രമില്ലാത്തവനും വീടില്ലാത്തവനും ചികിത്സിക്കാൻ മാർഗമില്ലാത്തവനും ഉണ്ടാവും. അങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത് എന്നാണ് ഇസ്‌ലാമിന്റെ പാഠങ്ങൾ മുന്നോട്ടു വെക്കുന്നത്. അതിനായി ഗൗരവപൂർവമുള്ള ഉണർത്തലുകളും മുന്നറിയിപ്പുകളുമുണ്ട്.
നബി(സ്വ) പറഞ്ഞു; ഏതെങ്കിലും ഒരു ഗ്രാമത്തിൽ വിശപ്പ് അനുഭവിക്കുന്നവരുണ്ടെങ്കിൽ ആ പ്രദേശത്തുകാർ അല്ലാഹുവിന്റെ കാവലിൽ നിന്ന് ഒഴിവാകുന്നതാണ് (അഹ്മദ്) അലി(റ) പറയുന്നു നിശ്ചയം, അല്ലാഹു മുസ്‌ലിംകളിലെ സമ്പന്നരുടെ സമ്പത്തുക്കളിൽ അവരിലെ ദരിദ്രരുടെ ആവശ്യ പൂർത്തീകരണത്തിന് മതിയായത് നിർബന്ധ അംശമാക്കി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ വിശന്നോ വസ്ത്രമില്ലാതെയോ ദരിദ്രൻ വിഷമിക്കുന്നുവെങ്കിൽ അതിന്റെ കാരണം അവരിലെ സമ്പന്നരുടെ പ്രവർത്തന വൈകല്യമാണ് അറിയുക, നിശ്ചയം അല്ലാഹു അവരെ കഠിനമായി വിചാരണക്കു വിധേയമാക്കും കടുത്ത ശിക്ഷ നൽകുകയും ചെയ്യും (ത്വബ്‌റാനി).
വിശ്വാസികളിലെ സാമ്പത്തിക ശേഷിയുള്ളവർ സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സാഹചര്യം ഇല്ലാതാക്കാൻ നൽകപ്പെട്ട താക്കീതുകളാണിത്. അഥവാ ദരിദ്രർ ഭൗതിക ലോകത്തും സമ്പന്നർ പരലോകത്തും പ്രയാസപ്പെടാതിരിക്കാനുള്ള ഉണർത്തലുകൾ.

ഞാൻ സകാത്ത് ബാധിതനാണോ
ഓരോ മുസ്‌ലിമും താൻ സകാത്ത് നിർബന്ധമുള്ളവനാണോ എന്ന് ആലോചിക്കേണ്ടതാണ്. വർഷം തികയുമ്പോഴാണ് കൃഷിയും നിധിയും അല്ലാത്തവയിൽ സകാത്ത് ബാധകമാവുക..നമ്മുടെ നാടുകളിൽ സാധാരണഗതിയിൽ സ്വർണ്ണം, വെള്ളി, കറൻസി, കച്ചവടച്ചരക്ക്, നെല്ല്, ആട്, മാട് എന്നിവയാണ് സകാത്ത് ബാധകമാകുന്ന ഇനങ്ങൾ. കച്ചവടം ആരംഭിച്ച് ഒരു വർഷം തികയുന്ന സമയത്ത് ചരക്കുകളും സ്റ്റോക്കുള്ള പണവും സകാത്ത് സംഖ്യയുടേതുണ്ടെങ്കിൽ സകാത്തു നിർബന്ധമാണ്. ആഭരണം എന്ന നിലക്കല്ലാതെ സ്വർണമോ വെള്ളിയോ നിശ്ചിത തൂക്കം, ഒരു വർഷം സൂക്ഷിപ്പുണ്ടെങ്കിൽ അതിൽ സകാത്തു നിർബന്ധമാകും. ആഭരണമെന്ന നിലയിൽ ഉപയോഗിക്കുന്നവക്ക് സകാത്തില്ല. 200 വെള്ളിയുടെ വിലയ്ക്ക് സമാനമായ കറൻസി ഒരു വർഷം ഉടമസ്ഥതയിൽ നിന്നാൽ സകാത്ത് നിർബന്ധമാണ്.
നമ്മുടെ നാടുകളിൽ കറൻസി വ്യാപകമായി ഉപയോഗിക്കുന്നു. അതിന് ഉയർന്ന വിനിമയ മൂല്യവുമുണ്ട്. അതിനാൽ സകാത്ത് നിർബന്ധമാകുന്ന ഗണത്തിൽ കറൻസികൾ പെടും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.
സകാത്ത് ബാധകമാകുന്ന സംഖ്യ ഉടമസ്ഥതയിൽ വന്നു ഒരു വർഷം തികയുമ്പോൾ അതിൽ സകാത്ത് നിർബന്ധമാവും. അഥവാ നിശ്ചിത വിഹിതം സകാത്ത് അവകാശികളുടേതായി മാറും. അതുകൊണ്ടു തന്നെ അകാരണമായി നീട്ടിവെച്ച്, യഥാസമയം അവകാശികൾക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. ദാനത്തിനും സകാത്ത് നൽകാനും റമളാൻ നല്ല കാലം തന്നെയാണ്. പക്ഷേ, നമ്മുടേതല്ലാത്തതായിത്തീർന്നത് അതിന്റെ പുതിയ അവകാശികൾക്ക് ആവശ്യമുണ്ടെന്നിരിക്കെ നമ്മുടെ താൽപര്യാർത്ഥം നീട്ടിവെക്കരുത്. വർഷത്തിനിടയിൽ എപ്പോഴെങ്കിലും സകാത്ത് സംഖ്യയിൽ കുറവുണ്ടായാൽ, പിന്നീട് സംഖ്യ തികഞ്ഞത് മുതലാണ് വർഷം കണക്കാക്കുക.
കടം നൽകി കിട്ടാനുള്ള സംഖ്യക്കും സാമ്പത്തിക മേഖലയിൽ നിക്ഷേപിച്ച സംഖ്യകൾക്കും എന്തെങ്കിലും കാരണത്താൽ കൈകാര്യം സാധിക്കാത്ത സംഖ്യകൾക്കും കൈകാര്യം സാധിക്കുന്നത് വരെയും കടം തിരിച്ചു കിട്ടുന്നത് വരെയും സാവകാശമുണ്ട്. എത്ര വർഷമാണോ പിന്നിട്ടത് അവക്കെല്ലാം സകാത്ത് നൽകണം. മുൻവർഷത്തെ സകാത്ത് വിഹിതം കഴിച്ചുള്ള സംഖ്യക്കേ ശേഷവർഷം സകാത്ത് ബാധകമാകൂ. അവധിയില്ലാത്ത കടം കണക്ക് ലഭ്യമാണെങ്കിൽ തിരിച്ചു കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ യഥാസമയത്ത് തന്നെ നൽകണം. അല്ലാത്തവക്ക് സംഖ്യ കയ്യിൽ എത്തിയതിനു ശേഷം നൽകിയാൽ മതി.
200 ദിർഹം വെള്ളിയുടെ വില കണക്കാക്കി അതാണ് സംഖ്യയായി പരിഗണിക്കേണ്ടത്. നാൽപതിൽ ഒരു ഭാഗമാണ് സകാത്ത് നൽകേണ്ടത്. അഥവാ രണ്ടര ശതമാനം. 595 ഗ്രാം വെള്ളിയുടെ മാർക്കറ്റ് വില പരിഗണിച്ചാണ് കറൻസിയുടെയും കച്ചവടച്ചരക്കിന്റെയും സംഖ്യ കണക്കാക്കുക. സകാത്ത് നൽകുന്നത് സ്വർണ്ണത്തിനാണെങ്കിൽ 85 ഗ്രാം സ്വർണ്ണത്തിന് തന്നെ ഒരു വർഷം തികഞ്ഞെങ്കിലേ സകാത്ത് നിർബന്ധമാവൂ.
സകാത്ത് സംബന്ധമായി അറിവുള്ളവരുമായി ആലോചിച്ച് പ്രവർത്തിക്കുകയാണ് നല്ലത്.
നമ്മുടെ സകാത്ത് ബാധ്യത വീടുന്ന വിധമാവണം വിതരണവും വിതരണത്തിന് ഏൽപ്പിക്കലും. നമ്മുടെ സകാത്ത് വിഹിതം പലതരം ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ പലരും പലവിധ വിദ്യകളും ഉപയോഗിക്കുന്ന കാലമാണിത്. അതിനാൽ സൂക്ഷ്മത അനിവാര്യം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ