1കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്‍സുകള്‍ സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഈ മതപഠനപാഠന സമ്പ്രദായത്തിന് പള്ളിദര്‍സുകള്‍ എന്നു സമൂഹം പേരുനല്‍കി. അവിടെ മതജ്ഞാനങ്ങളുടെ പഠനവും പരിശീലനവും നടക്കും. അതിലുപരി പള്ളിയെന്ന അതിവിശിഷ്ട സ്ഥലത്ത് അതിശ്രേഷ്ഠകരമായ ജ്ഞാനവിതരണമാവുമ്പോള്‍ അതിന് മാറ്റുകൂടുകയാണ്. വിജ്ഞാനത്തിന്റെ മൗലിക സവിശേഷത ലഭിക്കണമെങ്കില്‍ ദര്‍സ് പള്ളിയിലായിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. പരിശീലനത്തിന് കൂടുതല്‍ അനുകൂല സാഹചര്യം പള്ളിയിലുണ്ടെന്നതാണ്.

പള്ളിദര്‍സുകള്‍ തനതുരൂപത്തില്‍ തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ സമാനമായ ബദല്‍ സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്താന്‍ നാം ബാധ്യസ്ഥരാണ്. പള്ളിദര്‍സിന് എല്ലാ അര്‍ത്ഥത്തിലും ബദലാവണം എന്ന നിലയില്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍ ഇന്ന് ഏറെയുണ്ടെന്നത് ആശാവഹമാണ്. പക്ഷേ, പള്ളിദര്‍സുകള്‍ സാധിച്ചത് സാര്‍ത്ഥകമാക്കാന്‍ കഴിയാത്ത വിധമാണ് അവയിലധികത്തിന്റെയും സ്ഥിതിയെന്നതു പരമാര്‍ത്ഥം. പള്ളികള്‍ സജീവമാവുക, മഹല്ലുകാര്‍ക്ക് പള്ളിയില്‍ ഒരു പണ്ഡിതന്റെ സാന്നിധ്യമുണ്ടാവുക തുടങ്ങിയവ പള്ളിദര്‍സുകള്‍ കൊണ്ടുമാത്രം സാധിക്കുന്നതാണ്.
മഹല്ല് നിവാസികളും പരിസരവാസികളുമായ ഒരു വലിയ സമൂഹത്തെ ഉള്‍ക്കൊള്ളുംവിധം മനോഹരമായ പള്ളികള്‍ ആഴ്ചയിലൊരിക്കല്‍ മാത്രം ജുമുഅക്കാണ് മുഴുവനായി ഉപയോഗിക്കപ്പെടുന്നത്. ചില പ്രദേശങ്ങളിലെങ്കിലും സ്ഥിരമായ ജമാഅത്ത് നിസ്കാരം കഴിഞ്ഞാല്‍ പള്ളികള്‍ വിജനമായിരിക്കും. ഒരു പണ്ഡിതനെ അവിടെ നിയമിക്കേണ്ട സാഹചര്യമില്ലാത്തതിനാല്‍ അതു നടത്തുകയുമില്ല. നമ്മുടെ ഗ്രാമാന്തരങ്ങളിലെ പള്ളികളില്‍ ഉസ്താദുമാരും ശിഷ്യരുമടങ്ങുന്ന ഒരു വൈജ്ഞാനിക പരിശീലന കൂട്ടായ്മയാണ് യഥാര്‍ത്ഥത്തില്‍ പള്ളിദര്‍സുകള്‍. സ്വന്തം മക്കളെന്ന പോലെ നാട്ടുകാരില്‍ നിന്നും സ്നേഹപരിചരണം ലഭിക്കുന്ന മുതഅല്ലിമുകള്‍ കാലങ്ങള്‍ക്കുശേഷവും ഓതിപ്പഠിച്ച പ്രദേശവുമായി നല്ല ബന്ധം നിലനിര്‍ത്തുന്നു. സ്വന്തം മക്കളില്‍ നിന്നു മുതഅല്ലിമായി, പണ്ഡിതനായിത്തീര്‍ന്നില്ലെങ്കിലും തന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച് വലിയവരായിത്തീര്‍ന്നവര്‍ ഭക്ഷണം നല്‍കിയ വീട്ടുകാര്‍ക്ക് ഒരു സമ്പത്തായി മാറുന്നു. കുടുംബത്തിലെ ഒരംഗത്തെ പോലെ അവര്‍ പരിഗണിക്കപ്പെടുകയുമാണ്.
ദര്‍സുകള്‍ക്കു പകരം നാം സംവിധാനിച്ചവ മിക്കതും പട്ടണകേന്ദ്രീകൃതമാണ്. പൊതുജന സമ്പര്‍ക്കവും പ്രാദേശിക ആത്മീയ സാമൂഹിക സാംസ്കാരിക ചടങ്ങുകളും കുറവായതിനാല്‍ പഠനത്തിന് ഏറെ അവസരം ലഭിക്കുമെന്നത് പുതിയ സംവിധാനങ്ങളുടെ ഗുണമേന്മയാണെന്ന് പറയണം. എങ്കിലും ഗ്രാമങ്ങളിലെ ആത്മീയമായ ഉണര്‍വിനു ഈ സംവിധാനം അവസരമൊരുക്കുമെന്നുറപ്പാക്കേണ്ടതുണ്ട്.
ദര്‍സില്ലാത്തയിടത്ത് വയോധികനായ ഒരു പണ്ഡിതനെ മഹല്ലിന്റെ നേതൃത്വം ഏല്‍പ്പിക്കേണ്ടതില്ല എന്ന വിചാരം സമൂഹത്തിനുണ്ടായിട്ടുണ്ട്. തല്‍ഫലമായി തന്റെ അറിവ് പകരാനും അതുകൊണ്ട് ഒരു നാടിനെ സംസ്കരിക്കാനും കഴിയാതെ മുതിര്‍ന്ന പല പണ്ഡിതരും വിശ്രമജീവിതത്തിലേക്ക് നിര്‍ബന്ധിക്കപ്പെടുന്നു. വര്‍ത്തമാനകാല സാഹചര്യത്തില്‍ നഗരങ്ങളിലേക്കു മാറിപ്പാര്‍ക്കുന്ന തിരക്കില്‍ കേരളീയ ഗ്രാമങ്ങള്‍ക്കു കൈമോശം വന്ന സൗഭാഗ്യത്തെ കുറിച്ചു സൂചിപ്പിക്കുക മാത്രമാണിവിടെ.
ബദല്‍ സംവിധാനങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള ദഅ്വാ കോളേജുകള്‍ ദര്‍സുകള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ പകരമല്ലെങ്കിലും പരിഹാരമാണെന്നു പറയാം. പള്ളിദര്‍സുകള്‍ക്ക് ശോഷണം വന്നതിന്റെ ഹേതുവെന്താണ് എന്ന ആലോചന ഏറെ നടന്നിട്ടുള്ളതാണ്. പക്ഷേ, സമൂഹമാര്‍ജിച്ച ആധുനിക പുരോഗതിയും ഭൗതിക സാധ്യതകളും അടിസ്ഥാന ആവശ്യങ്ങളും ചേര്‍ന്നൊരുക്കിയിട്ടുള്ള നിര്‍വഹണ പ്രതിസന്ധിയാണ് അടിസ്ഥാനപരമായി ദര്‍സ് ശോഷണത്തിന്റെ കാരണം. ഇതിന് ആരെയെങ്കിലും പ്രതിസ്ഥാനത്തിരുത്തി മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുമില്ല.
മാനദണ്ഡങ്ങള്‍ കണിശമാക്കി മതവിദ്യാഭ്യാസം നല്‍കല്‍ നല്ല പ്രവണതയാണെങ്കിലും പഴയകാല പള്ളിദര്‍സുകളില്‍ സ്വീകരിക്കപ്പെട്ടിരുന്ന രീതി പലരെയും പ്രതിഭകളും പ്രഗല്‍ഭരുമാക്കിയിട്ടുണ്ട്. ഭൗതികമായി പ്രൈമറി വിദ്യാഭ്യാസം പോലും നേടാതെ ദര്‍സ് പഠനരംഗത്ത് എത്തി പരിശ്രമത്തിലൂടെ വലിയവരായിത്തീര്‍ന്നവര്‍ സമൂഹത്തിലെമ്പാടുമുണ്ടായിട്ടുണ്ട്. ഭൗതിക വിദ്യാഭ്യാസം മാനദണ്ഡമായി നിശ്ചയിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നു നാം കാണുന്ന പല നേതാക്കളും പണ്ഡിതന്മാരും പിറവിയെടുക്കുമായിരുന്നില്ല. ഔപചാരിക വിദ്യാഭ്യാസ യോഗ്യതയുള്ളവരും അല്ലാത്തവരും ഒരുമിച്ച് ഓതിത്താമസിക്കുകയും പകരുകയും നുകരുകയും ചെയ്തു വളര്‍ന്നുവന്നു.
പുതിയ സംവിധാനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവേശനം നേടിയാലും തുടര്‍ക്കാലങ്ങളില്‍ ക്രമാനുഗതമായ മികവ് പ്രകടിപ്പിക്കാനാവാതെ വരുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ അപകര്‍ഷതയുണ്ടായിത്തീരുക സ്വാഭാവികമാണ്. അങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് പഠനരംഗം വിടാന്‍ പ്രേരണയാവുന്നു.
പള്ളി ദര്‍സുകളില്‍ കുട്ടികളുടെ അഭിരുചിയും സാമര്‍ത്ഥ്യവും യോഗ്യതയും പരിഗണിച്ച് ഉസ്താദിന് കാര്യങ്ങള്‍ സന്തുലനപ്പെടുത്താന്‍ കഴിയുന്നു. പഠനകാലം വൈകിയാലും ഒരു വിദ്യാര്‍ത്ഥിയെ ഉയര്‍ത്തിയെടുക്കാനവിടെ അവസരമുണ്ടാവും. ആദ്യകാലങ്ങളില്‍ സഹപാഠികള്‍ക്കൊപ്പമെത്താനാവാതിരുന്നവര്‍ പില്‍ക്കാലത്ത് സഹപാഠികളെ പിന്നിലാക്കി മുന്നേറിയ അനുഭവങ്ങളുമുണ്ട്. ആദ്യമേ മികവ് പുലര്‍ത്തുന്നവരിലെ അമിത ആത്മവിശ്വാസം ഒരു വിചാരമായി വളര്‍ന്ന് പരിശ്രമത്തെ സ്വാധീനിക്കുമ്പോള്‍ അലസനാവുകയും പിറകോട്ടടിക്കുകയും ചെയ്തേക്കാം. എന്നാല്‍ സഹപാഠിയോടൊപ്പമെത്താന്‍ കഠിനശ്രമം നടത്തിയവര്‍ അതൊരു ശീലമാക്കി മുന്നേറുകയും ചെയ്യാം. ഇതിനൊക്കെ പള്ളിദര്‍സുകളില്‍ അവസരം കൂടുതല്‍ ലഭിക്കുന്നു. മറ്റു സ്ഥാപനങ്ങളിലും അവസരമുണ്ടാവേണ്ടതുമാണ്.
എങ്കിലും പള്ളി ദര്‍സുകള്‍ക്കു പരിഹാരമായി നാം സംവിധാനിച്ചവയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം. നൂറ്റാണ്ടുകളായി സമൂഹം പരിരക്ഷിക്കുന്ന പൈതൃകത്തെ ചരിത്രാവശിഷ്ടമാക്കാതെ ജീവിക്കുന്ന അനുഭവമാക്കിമാറ്റാനുള്ള ശ്രമമായിരിക്കുമത്. പള്ളിദര്‍സുകള്‍ നല്‍കിയ സംഭാവനകള്‍ക്ക് സമാനമായി ഒരു വിദ്യാഭ്യാസ സംവിധാനവും സാംസ്കാരികവും സാമൂഹികവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നത് അവകാശവാദമല്ല, അനുഭവമാണ്. എന്തു പേരു നല്‍കിയാലും ഗുണങ്ങള്‍ ലഭ്യമാവുന്ന ഇത്തരം നന്മകള്‍ അനിവാര്യമാണ്.
പഴയകാല പള്ളിദര്‍സിന്റെ ഭൗതിക ഘടകങ്ങളെല്ലാം ഇന്നുമുണ്ട്. അതിന്റെ സംയോജനമാണ് നടക്കേണ്ടത്. നാട്ടുകാരുടെയും മഹല്ല് ഭാരവാഹികളുടെയും താല്‍പര്യവും സഹകരണവും ഉണ്ടാവണം. പഴയകാലത്തേക്കാള്‍ സമ്പദ്സമൃദ്ധിയുണ്ടെന്നതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ സമൂഹത്തെ തയ്യാറാക്കുകയോ പകരം സംവിധാനമേര്‍പ്പെടുത്തുകയോ ചെയ്യണം. ഈ ഘടകങ്ങള്‍ സജീവമായാല്‍ ദര്‍സും ജീവത്താകും.
സ്വന്തം സന്തതികള്‍ക്ക് അറിവ് നല്‍കലും അതിനുള്ള സംവിധാനമൊരുക്കലും രക്ഷിതാക്കളുടെ ബാധ്യതയാണ്. സന്താനങ്ങള്‍ തങ്ങള്‍ക്ക് ഇഹപരങ്ങളില്‍ ഉപകാരികളാവണമെന്നത് രക്ഷിതാക്കളുടെ ആഗ്രഹവുമാണ്. പള്ളിദര്‍സുകളിലൂടെ ഇത് സാധ്യമാവുമെന്നതിനാല്‍ തന്നെ ഈ അവസരം ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ മുന്നോട്ടുവരേണ്ടത് രക്ഷിതാക്കളാണ്. കാര്യവിചാരം വളരുന്ന പ്രായമെത്താത്തതിനാല്‍ കുട്ടികള്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും അവരെ അതിനു പ്രേരിപ്പിക്കേണ്ടതുണ്ട്. പള്ളിയുടെ ബഹുമാനത്തിന് ഭംഗം വരുത്താത്തവിധത്തില്‍ സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ടതനിവാര്യമാണ്. അതിന് രക്ഷിതാക്കളും ഉസ്താദുമാരും ഉത്തരവാദപ്പെട്ടവരും കൂട്ടായി മാര്‍ഗങ്ങളാരാഞ്ഞ് നടപ്പിലാക്കണം. വിജ്ഞാനദാഹികളായ വിദ്യാര്‍ത്ഥികള്‍ അവസരംതേടുന്ന അവസ്ഥയല്ല ഇന്നുള്ളത്. വിദ്യാര്‍ത്ഥികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും വിജ്ഞാനദാഹം വളര്‍ത്തുകയും ചെയ്യുക എന്നാണിന്ന് ആവശ്യമായിരിക്കുന്നത്. അതിനാല്‍തന്നെ മുതഅല്ലിമുകളെ സ്വന്തം മക്കളെന്ന പോലെ കണ്ട് അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാം തയ്യാറാവണം. എന്നാല്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടും.
ദര്‍സുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന കാര്യത്തില്‍ നമ്മുടെ മദ്റസാധ്യാപകര്‍ വലിയ പങ്ക് നിര്‍വഹിച്ചിരുന്നു. അതു തുടരാനവര്‍ക്കിനിയും കഴിയും. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പ്രദേശത്തുനിന്നും കുട്ടികളെ ദര്‍സിലേക്കെത്തിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മക്കളുടെ ഭൗതിക ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പല രക്ഷിതാക്കളെയും അവരെ മുതഅല്ലിമാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. സന്താന നിയന്ത്രണത്തിന്റെ ന്യായംപോലെ വിശ്വാസരാഹിത്യത്തിന്റെ ഫലമാണിതെന്ന് പറയാതിരിക്കാനാവില്ല.
മക്കളുടെ മാത്രമല്ല, നമ്മുടെതന്നെ ഭാവിയും എ്വെര്യവും രൂപപ്പെടുത്തുന്നതില്‍ ഒരു മുതഅല്ലിമിന്റെ സാന്നിധ്യം മതിയാവുന്നു. അനസ്(റ) പറയുന്നു: രണ്ടു സഹോദരന്മാരിലൊരാള്‍ നബി(സ്വ)യെ സമീപിച്ചു. ഒരാള്‍ വിജ്ഞാനം തേടുന്നവനും അപരന്‍ തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നവനുമായിരുന്നു. ഉപജീവനം തേടുന്നവന്‍ നബി(സ്വ)യെ സമീപിച്ച് വിദ്യ നേടുന്നവനെക്കുറിച്ച് പരാതി പറഞ്ഞു. നബി(സ്വ)യുടെ മറുപടി ഇതായിരുന്നു: നിനക്ക് ഭക്ഷണം ലഭിക്കുന്നത് അവനെക്കൊണ്ടാണ് (തിര്‍മുദി). മുതഅല്ലിം എ്വെര്യത്തിനു നിമിത്തമായിരിക്കുമെന്നാണിതില്‍ നിന്നു വ്യക്തമാവുക.
മുതഅല്ലിമിന് ലഭ്യമാവുന്ന ആദരവും ഗുണവും അവനുമായി ബന്ധപ്പെട്ടവര്‍ക്കും ലഭിക്കുന്നു. നബി(സ്വ) പറയുന്നു: വിദ്യ തേടുന്നവനോടുള്ള സംതൃപ്തി കാരണം മലക്കുകള്‍ അവന് ചിറകുകള്‍ താഴ്ത്തിക്കൊടുക്കുന്നതാണ് (അബൂദാവൂദ്). മലക്കുകള്‍ മാത്രമല്ല, സമൂഹവും അവരെ സ്നേഹവാത്സല്യത്തോടെയാണ് വീക്ഷിച്ചു വന്നിട്ടുള്ളത്. മുതഅല്ലിമായ തങ്ങളുടെ മകന്‍ മലക്കുകളുടെ ചിറകിന് താഴെയായി വീട്ടിലേക്ക് കയറിവരുന്ന രംഗം സത്യവിശ്വാസിയെ സന്തുഷ്ടനാക്കാന്‍ മതിയായതാണ്. ഒരുപക്ഷേ, നമുക്ക് സാധിക്കാതെ പോയത് പുത്രനിലൂടെ കണ്ടാസ്വദിക്കാനാവുന്നു.
ഇതിലെല്ലാമുപരി സത്യവിശ്വാസത്തിന്റെ സല്‍സരണിയില്‍ ജീവിക്കാന്‍ അവസരം സിദ്ധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം അതിന്റെ സംരക്ഷണം അതിപ്രധാനമാണ്; ബാധ്യതയുമാണ്. പൊതുസംവിധാനങ്ങളും സാഹചര്യങ്ങളും സത്യദീനിന്റെ സംരക്ഷണത്തിനനുകൂലമാവാതിരിക്കുമ്പോള്‍ അത് വ്യക്തിബാധ്യതയായിത്തീരുന്നു. പള്ളിദര്‍സുകള്‍ ഇസ്ലാമിനും സമൂഹത്തിനും നല്‍കിയ മൂല്യങ്ങള്‍ ഇന്ന് ലഭിക്കാതിരിക്കുകയും ആത്മീയവും ആദര്‍ശപരവുമായ അപചയത്തിനോ വ്യതിയാനത്തിനോ അതു കാരണമാവുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു ആര്‍ക്കാണ് ഒഴിവാകാന്‍ കഴിയുക.
വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഈ താക്കീത് അവഗണിക്കാനാവില്ല. നബിയേ അവരോട് പറയുക, നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും നിങ്ങള്‍ സമ്പാദിച്ചവയും നഷ്ടം ഭയപ്പെടുന്ന കച്ചവടവും നിങ്ങളിഷ്ടപ്പെടുന്ന ഭവനങ്ങളും അല്ലാഹുവിനേക്കാളും അവന്റെ മാര്‍ഗത്തിലുള്ള പോരാട്ടങ്ങളെക്കാളും അവന്റെ ദൂതനെക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമായി തീര്‍ന്നുവെങ്കില്‍ അല്ലാഹു അവന്റെ കാര്യത്തെ നടപ്പാക്കുന്നത് നിങ്ങള്‍ കാത്തിരുന്നോളൂ (അത്തൗബ24). അല്ലാമാ ഇസ്മാഈലുല്‍ ഹിഖി(റ) ഇതിന് വിശദീകരണം നല്‍കുന്നു: സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് ദീനിന്റെ ഗുണത്തേക്കാളേറെ പരിഗണന നല്‍കുന്നവനുള്ള താക്കീതാണിത് (റൂഹുല്‍ബയാന്‍).
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടമെന്നതിനെ കേവലം രണഭൂമിയിലെ പങ്കാളിത്തത്തില്‍ മാത്രം പരിമിതപ്പെടുത്താന്‍ വിശ്വാസിക്ക് സാധിക്കില്ല. ദീനിന്റെയും സമൂഹത്തിന്റെയും നാശത്തിന് കാരണമാവുന്ന സാഹചര്യത്തോടുള്ള സമരം ഇതിന്റെ പ്രധാന ഭാഗമാണ്. വിജ്ഞാന വിതരണത്തിലും ആത്മീയ പരിചരണത്തിലും ദര്‍സുകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അതിനാല്‍ തന്നെ അതിന്റെ തകര്‍ച്ച നിസ്സംഗനായി നോക്കിനില്‍ക്കാന്‍ സത്യവിശ്വാസിക്ക് പറ്റില്ല. ആര്‍ക്കും വേണ്ടാത്തതിന് ഞാനെന്തിന് തയ്യാറാവണം എന്ന വിചാരം വിട്ട് തന്നാലാവുന്നത് എന്നിടത്തേക്ക് നാമെത്തണം. നമ്മുടെ ഒരു മകനെങ്കിലും മുതഅല്ലിമാവട്ടെ. നമുക്ക് ഗുണവും ഫലവും നേടിത്തരുമത്. പള്ളിദര്‍സുകള്‍ തുടങ്ങുന്ന ഈ ശവ്വാല്‍ ആദ്യത്തില്‍ അങ്ങനെ ഒരു തീരുമാനം നമ്മില്‍ നിന്നുണ്ടാവണം. അതുവഴി ദീനിന്റെ പ്രബോധനത്തിലും പിന്തുടര്‍ച്ചയിലും ഒരു കണ്ണിയെ സംഭാവന ചെയ്ത പ്രതിഫലം നമുക്ക് ലഭിക്കും.

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ